ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ശനിയാഴ്ച (സപ്തംബര്‍ 2) ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോര്. ടി20 ഫോര്‍മാറ്റില്‍ ഇരുടീമുകളും അടുത്ത കാലത്തായി പല തവണ കൊമ്പുകോര്‍ത്തെങ്കിലും ഏകദിനത്തില്‍ വലിയ ഇടവേളയ്ക്കു ശേഷമാണ് അയല്‍ക്കാരുടെ അങ്കം. അതുകൊണ്ടു തന്നെ വിജയികളെ പ്രവചിക്കുക കൂടുതല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്.
ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കില്‍ ആരായിരിക്കും വിജയം കൊയ്യുകയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയിലാണ് മല്‍സരത്തെക്കുറിച്ച് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പാക് ടീമിനെ സംബന്ധിച്ച് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട താരം കൂടിയാണ് റിസ്വാന്‍.

ഞങ്ങളുടെ ടീം മികച്ചതാണ്, അതുപോലെ തന്നെ ഇന്ത്യന്‍ ടീമും ശക്തമാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും കരുത്തും ദൗര്‍ബല്യവുമുണ്ട്. ഇതു തീര്‍ച്ചയായും വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരം തന്നെയാണ്. ലോകം മുഴുവന്‍ കാണുന്ന പോരാട്ടം കൂടിയാണ് ഇതെന്നും മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കി.
ഒരു സ്റ്റാര്‍ പ്ലെയറെയും സാധാരണ താരത്തെയും വേര്‍തിരിക്കാനുള്ള വഴി അനുഭവസമ്പത്താണ്. രണ്ടു ഗണത്തില്‍പ്പെടുന്ന താരങ്ങളും ക്രിക്കറ്റ് കളിക്കുന്നവരാണ്. പക്ഷെ ഈ അനുഭവസമ്പത്ത് അവര്‍ക്കു (സ്റ്റാര്‍ പ്ലെയര്‍) ഗുണം ചെയ്യുന്നു. സമ്മര്‍ദ്ദത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും അവര്‍ക്കായിരിക്കും. തീര്‍ച്ചയായും സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യുന്ന ടീമായിരിക്കും ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ വിജയിക്കുകയെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മൂന്നു തവണ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. രണ്ടെണ്ണം യുഎഇ വേദിയായ ഏഷ്യാ കപ്പിലും ഒന്ന് ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലുമായിരുന്നു. ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ വിജയം ആഘോഷിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം ചോദിക്കുകയും ചെയ്തു. ടി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ ത്രില്ലിങ് മാച്ചില്‍ പാകിസ്താനെതിരേ ജയം ഇന്ത്യക്കായിരുന്നു.

ഏഷ്യാ കപ്പിന്റെ ചരിത്രമെടുത്താല്‍ ഇതുവരെ 16 തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇവയില്‍ ഒമ്പതെണ്ണത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ ആറെണ്ണത്തില്‍ പാകിസ്താനും ജയം ആഘോഷിച്ചു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ നേപ്പാളാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഗ്രൂപ്പ് ബിയാണ് മരണഗ്രൂപ്പായി മാറിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കൊപ്പം ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പുഘട്ടത്തില്‍ ആറു മല്‍സരങ്ങളാണ് ആകെയുള്ളത്. ഓരോ ടീമുകളും ഒരു തവണ വീതം ഗ്രൂപ്പില്‍ പരസ്പരം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു മുന്നേറും. സപ്തംബര്‍ ആറിനാണ് സൂപ്പര്‍ ഫോറിനു തുടക്കമാവുന്നത്. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ 17ന് കൊളംബോയില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ മുഖാമുഖം വരും.