ഏഷ്യാ കപ്പില്‍ ഇത്തവണ ഫൈനലിലേക്കു ടിക്കറ്റെടുത്ത ആദ്യത്തെ ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായി രണ്ടു കളികളും ജയിച്ചതോടെയാണ് ഒരു മല്‍സരം ബാക്കി നില്‍ക്കെ കലാശപ്പോരിനു ഇന്ത്യ അര്‍ഹത നേടിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലെ എതിരാളികള്‍ ആരായിരിക്കുമെന്നാണ് ഇന്ത്യക്കു ഇനി അറിയാനുള്ളത്.
ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും ഇതിനകം പുറത്തായിക്കഴിഞ്ഞു. പാകിസ്താനും നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയുമാണ് ഇനി ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്. നാളെ (വ്യാഴം) നടക്കാനിരിക്കുന്ന പാകിസ്താന്‍- ശ്രീലങ്ക പോരാട്ടമായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം ആരായിരിക്കുമെന്നു തീരുമാനിക്കുക. അതുകൊണ്ടു തന്നെ ഈ മല്‍സരം സെമി ഫൈനലിനു തുല്യമായി മാറുകയും ചെയ്തിരിക്കുകയാണ്.

ജയിക്കുന്ന ടീമിനു ഞായറാഴ്ച ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാം. പാകിസ്താന്‍, ലങ്ക ഇവരില്‍ ഏതു ടീമിനെ ആയിരിക്കും ഫൈനലില്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കുക? നിലവിലെ സാഹചര്യത്തില്‍ തീര്‍ച്ചയായും ചിരവൈരികളായ പാകിസ്താന്‍ ഫൈനലിലെത്തണമെന്നായിരിക്കും ആഗ്രഹിക്കുക. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ആദ്യത്തേത് നേരത്തേ നടന്ന സൂപ്പര്‍ ഫോര്‍ മാച്ചില്‍ പാകിസ്താനെതിരേ നേടിയ ഏകപക്ഷീയമായ വിജയം നല്‍കുന്ന ആത്മവിശ്വാസമാണ്. ഈ ജയം ഫൈനലില്‍ ഇന്ത്യന്‍ ടീമിനു മാനസികമായി നല്‍കുന്ന മുന്‍തൂക്കം വളരെ വലുതായിരിക്കും. 228 റണ്‍സിനായിരുന്നു പാക് പടയെ ഇന്ത്യ മുക്കിയത്. ഏകദിന ചരിത്രത്തില്‍ അവര്‍ക്കെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്.
മറുഭാഗത്തു ബാബര്‍ ആസവും സംഘവും കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെയും ആശങ്കയോടെയുമായിരിക്കും ഇന്ത്യക്കെതിരേ ഇറങ്ങുക. അതിസമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍, പ്രത്യേകിച്ച് എതിരാളികള്‍ ഇന്ത്യ കൂടിയാവുമ്പോള്‍ പാക് പടയ്ക്കു കാലിടറാന്‍ സാധ്യത കൂടുതലാണ്. ഇതു ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യും.
ശ്രീലങ്കയ്ക്കു പകരം പാകിസ്താനെ എതിരാളികളായി ലഭിക്കണമെന്നു ഇന്ത്യ ആഗ്രഹിക്കാനുള്ള മറ്റൊരു കാരണം അവരുടെ പേസ് ത്രയത്തിലെ രണ്ടു പേര്‍ക്കേറ്റ പരിക്കുകളാണ്. 150 പ്ലസ് വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള അപകടകാരിയായ ഹാരിസ് റൗഫും മികച്ച സ്വിങ് ബൗളിങിലൂടെ വിറപ്പിക്കുന്ന നസീം ഷായും പരിക്കേറ്റു പുറത്താണ്.
ഇന്ത്യയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിന്റെ ആദ്യദിനമായിരുന്നു റൗഫിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു കളി റിസര്‍വ് ദിനത്തിലേക്കു കടന്നപ്പോള്‍ അന്നു റൗഫ് ബൗളിങില്‍ നിന്നും വിട്ടുനിന്നിരുന്നു. കൂടാതെ ബാറ്റിങിനും ഇറങ്ങിയിരുന്നില്ല.
നസീമിനാവട്ടെ റിസര്‍വ് ദിനത്തില്‍ ബൗള്‍ ചെയ്യവെയായിരുന്നു പരിക്കുപറ്റിയത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ഇന്നിങ്‌സിനിടെ 49ം ഓവറില്‍ താരം ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് ബാറ്റിങിനും ഇറങ്ങിയില്ല.

അര്‍ഹിച്ച വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും ഈ കളിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവുമധിം കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് നസീമായിരുന്നു. ടീം ഫൈനലിലെത്തിയാലും റൗഫും നസീമും ഇനി പാകിസ്താനു വേണ്ടി ടൂര്‍ണമെന്‍റില്‍ കളിക്കാനിടയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അങ്ങനെ വന്നാല്‍ ഫൈനലില്‍ പാക് ബൗളര്‍മാരില്‍ ഇന്ത്യക്കു സൂക്ഷിക്കേണ്ടത് സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ മാത്രമായിരിക്കും. എന്നാല്‍ കഴിഞ്ഞ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഷഹീനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ പഠിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ 10 ഓവറില്‍ 79 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്.
ഈ കാരണത്താല്‍ ഷഹീനെയും ഇന്ത്യക്കു ഫൈനലില്‍ കാര്യമായി പേടിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള പാകിസ്താനെ കശാപ്പ് ചെയ്യുക ഇന്ത്യക്കു വലിയ വെല്ലുവിളിയാവില്ല. കിരീടവുമായി നാട്ടിലേക്കു മടങ്ങാന്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്യും.