Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 2 ടീമിന് പണി കൊടുത്ത് ഇന്ത്യ! ആത്മവിശ്വാസം തകര്‍ത്തു, ലോകകപ്പ് 'സ്വാഹ'?

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഏഷ്യയിലെ രണ്ടു വമ്പന്‍ ടീമുകള്‍ക്കാണ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം പണി കൊടുത്തിരിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇരുടീമുകളുടെയും ആത്മവിശ്വാസം തകര്‍ക്കുന്നതായിരുന്നു രോഹിത് ശര്‍മയുടെയും ടീമിന്‍റെയും പ്രകടനം. ആത്മവിശ്വാസം ഇല്ലാതാക്കുക മാത്രമല്ല ഈ ടീമുകളിലെ ചില കളിക്കാരെ പരിക്കേല്‍പ്പിച്ച് കളിക്കളത്തിനു പുറത്താക്കാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്.

ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യ കാരണം പണി കിട്ടിയ ആദ്യത്തെ ടീം. ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ടീമെന്ന തലയെടുപ്പുമായി കുതിച്ച ബാബര്‍ ആസമിനെയും സംഘത്തെയും സ്വപ്‌നലോകത്തു നിന്നും ഇന്ത്യ താഴേക്കു വലിച്ചിട്ടു. മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നീണ്ട സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭരാക്കി.

INDIA WINNER

ആദ്യം ബാറ്റിങില്‍ പാക് ബൗളര്‍മാരുടെ ആത്മവിശ്വാസം പൂര്‍ണമായി തല്ലിക്കെടുത്തിയ ഇന്ത്യ പിന്നീട് ബൗളങില്‍ അവരുടെ ബാറ്റിങ് നിരയെയും വെല്ലുവിളിച്ചു. 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമായിരുന്നു പാകിസ്താനെതിരേ ഇന്ത്യ കൈക്കലാക്കിയത്. അവര്‍ക്കെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടു വിക്കറ്റിനു 356 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

നേരത്തേ ഇന്ത്യയെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ച ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ ബാറ്റര്‍മാര്‍ ഇത്തവണ നിലത്തുനിര്‍ത്തിയില്ല. 10 ഓവറില്‍ 79 റണ്‍സാണ് പേസര്‍ വിട്ടുകൊുടുത്തത്. വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ് മാത്രം. പാക് പേസ് ത്രയത്തിലെ മറ്റു രണ്ടു പേരായ ഹാരിസ് റൗഫിനെയും നസീം ഷായെയും ഈ കളിയില്‍ ഇന്ത്യ സൈഡാക്കുകയും ചെയ്തു. ആദ്യദിനം പരിക്കേറ്റ റൗഫ് റിസര്‍വ് ദിനത്തില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്തില്ല. നസീമാവട്ടെ റിസര്‍വ് ദിനം പരിക്കേറ്റ് 49ാം ഓവറില്‍ ഗ്രൗണ്ട് വിടുകയും ചെയ്തു.

റൗഫിനും നസീമിനും പരിക്കു കാരണം ശ്രീലങ്കയുമായുള്ള അവസാന മല്‍സരത്തില്‍ കളിക്കാനുമായില്ല. നസീമിനു ലോകകപ്പിലെയും കുറച്ചു മല്‍സരങ്ങള്‍ നഷ്ടമാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. റൗഫിന്റെ കാര്യത്തില്‍ ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുമില്ല. പാക് ടീമിനു ഇന്ത്യക്കെതിരായ ഒരൊറ്റ മല്‍സരം കാരണം നേരിട്ടത് വലിയ ആഘാതം തന്നെയാണെന്നതില്‍ സംശയമില്ല. ലോകകപ്പിലും ഇതു അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കും.

പാകിസ്താന്‍ ടീമിന്റെ ആത്മവിശ്വാസം തകര്‍ക്കുകയും അതോടൊപ്പം പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷമായിരുന്നു സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുമായി ഇന്ത്യ കൊമ്പുകോര്‍ത്തത്. ഈ കളിയില്‍ ലങ്കയെ പരാജയപ്പെടുത്തുന്നതിനൊപ്പം അവരുടെ സ്റ്റാര്‍ സ്പിന്നറായ മഹീഷ് തീക്ഷണയ്ക്കു പരിക്കേല്‍പ്പിക്കാനും ഇന്ത്യക്കു സാധിച്ചു. ഈ കാരണത്താല്‍ തന്നെ തീക്ഷണയ്ക്കു ഫൈനല്‍ നഷ്ടമാവുകയും ചെയ്തു.

ROHIT BABAR

തുടര്‍ന്നായിരുന്നു ഫൈനലില്‍ ലങ്കയ്ക്കു മേലുള്ള ഇന്ത്യയുടെ കടന്നാക്രമണം. 263 ബോളുകള്‍ ബാക്കി നില്‍ക്കെ പത്തു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ അതുവരെയുള്ള മല്‍സരങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ലങ്കന്‍ ബാറ്റിങ് നിരയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതായിരുന്നു ഫൈനലില്‍ ഇന്ത്യന്‍ ബൗളിങ്.

15.2 ഓവറില്‍ വെറും 50 റണ്‍സില്‍ ലങ്കയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഒരോവറിലെ നാലു വിക്കറ്റുകളടക്കം കളിയില്‍ ആറു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജ് ലങ്കന്‍ ബാറ്റര്‍മാരെ ക്രീസില്‍ 'നിര്‍ത്തി പൊരിക്കുകയായിരുന്നു'. ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല.

17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 13 റണ്‍സ് നേടിയ ദുഷന്‍ ഹേമന്ദയുമായിരുന്നു അല്‍പ്പമെങ്കിലും പൊരുതിയത്. ഈ ദയനീയ ബാറ്റിങ് പ്രകടനം ലോകകപ്പിനു മുമ്പ് ലങ്കയെ തീര്‍ച്ചയായും സംശയത്തിലാക്കും. ടൂര്‍ണമെന്റില്‍ ഈ ബാറ്റിങ് ലൈനപ്പ് തന്നെ മതിയോയെന്ന ആശങ്കയിലായിരിക്കും ഇപ്പോള്‍ ലങ്കന്‍ ടീം മാനേജ്‌മെന്റ്.

Story first published: Sunday, September 17, 2023, 20:33 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+