ഈ മാസം 30 മുതല്‍ ശ്രീലങ്ക- പാകിസ്താന്‍ എന്നീവിടങ്ങളിലായി നടക്കുന്ന ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒരു വലിയ ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത ആദ്യത്തെ സ്‌ക്വാഡ് കൂടിയാണിത്. ചില സര്‍പ്രൈസുകളോടെയാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കു ഭേദമായി പ്രമുഖ ബാറ്റര്‍മാരായ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും മടങ്ങിയെത്തിയെന്നത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ശേഷം കളിക്കളത്തിലേക്കുള്ള ഇരുവരുടെയും മടങ്ങിവരവ് കൂടിയാണ് ഈ ടൂര്‍ണമെന്റ്. യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരം. എന്നാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെടുകയും ചെയ്തു.

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അര്‍ഹതയില്ലാതെ കയറിക്കൂടിയ ചില കളിക്കാരുണ്ട്. യഥാര്‍ഥത്തില്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കാതിരുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെയാള്‍ 20 കാരനായ തിലക് വര്‍മയാണ്. ഏകദിനത്തില്‍ അരങ്ങേറ്റം പോലും നടത്തുന്നതിനു മുമ്പാണ് ഇടംകൈയന്‍ ബാറ്ററെ ഇന്ത്യ ടീമിലേക്കു വിളിച്ചിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം വെറും ഏഴു ടി20കള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. വിന്‍ഡീസിനെതിരേ ഒരു ഫിഫ്റ്റിയടക്കം 170 പ്ലസ് റണ്‍സ് നേടിയതുകൊണ്ടു മാത്രം തിലക് ഏഷ്യാ കപ്പില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യം. അനുഭവസമ്പത്ത് തീരെയില്ലാത്ത അദ്ദേഹത്തെ ഏഷ്യാ കപ്പിലെടുത്തത് വന്‍ തിരിച്ചടിയായി മാറിയേക്കുമെന്നു പലരും ചൂണ്ടിക്കാട്ടുന്നു.
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ് അര്‍ഹതയില്ലാതെ ഏഷാ കപ്പ് ടീമില്‍ ഇടം കണ്ടെത്തിയ രണ്ടാമത്തെ താരം. ടി20യില്‍ അദ്ദേഹത്തിന്റെ കഴിവിലും പ്രഹരശേഷിയിലുമൊന്നും ആര്‍ക്കും എതിരഭിപ്രായമില്ല.
പക്ഷെ ടി20യിലെ ഈ ഫോം ഏകദിനത്തില്‍ ഇനിയും പുറത്തെടുക്കാന്‍ സൂര്യക്കായിട്ടില്ല. ഏകദിനത്തില്‍ 24 ഇന്നിങ്‌സുകളിലാണ് ഇതുവരെ അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 24.33 ശരാശരിയില്‍ നേടാനായത് 511 റണ്‍സ് മാത്രമാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സൂര്യക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 78 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. അതിനുമുമ്പ് ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്നു കളിയിലും ഗോള്‍ഡന്‍ ഡെക്കായ സൂര്യ നാണക്കേടിന്റെ റെക്കോര്‍ഡുകളും കുറിച്ചിരുന്നു.
പലപ്പോഴും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വലിച്ചെറിയുന്നതാണ് സൂര്യയുടെ രീതി. സൂര്യക്കു പകരം ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാമായിരുന്നെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് അര്‍ഹതയില്ലാതെ ഏഷ്യാ കപ്പ് ടീമിലേക്കു വന്ന മൂന്നാമത്തെയാള്‍. ഇന്ത്യന്‍ സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നീ നാലു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടെന്നിരിക്കെ ശര്‍ദ്ദുലിനെ എന്തിന് ഉള്‍പ്പെടുത്തിയെന്നതാണ് ഉയരുന്ന ചോദ്യം.
ബൗളറെന്ന നിലയില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ മിടുക്കനാണെങ്കിലും റണ്‍സ് വാരിക്കോരി നല്‍കുന്നത് ശര്‍ദ്ദുലിന്റെ പ്രധാന വീക്ക്‌നെസാണ്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്തുമെന്നതു മാത്രം പരിഗണിച്ചാണ് ശര്‍ദ്ദുലിനെ ടീമിലെടുത്തതെന്നു വ്യക്തമാണ്. പക്ഷെ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുണ്ടെന്നിരിക്കെ അദ്ദേഹത്തെ കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുപ്പം തന്നെയായിരിക്കും.