Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു പുറത്ത്, സൂര്യക്കും തിലകിനും സീറ്റ്! മുംബൈ ലോബി- വിമര്‍ശനം ശക്തം

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമിലേക്ക് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇരുവരും വിശ്രമത്തിലായിരുന്നു. ഇരുവരുടേയും ഫിറ്റ്‌നസ് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നെങ്കിലും ഒടുവില്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിക്കുകയായിരുന്നു. 17 അംഗ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

സ്റ്റാന്റെ ബൈ താരമായാണ് സഞ്ജുവിനെ പരിഗണിച്ചത്. ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വര്‍മക്ക് ഏഷ്യാ കപ്പിലേക്ക് വിളിയെത്തിയപ്പോഴും സഞ്ജുവിനെ റിസര്‍വ് താരമായി മാത്രം ഒതുക്കിയത് ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. 55ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും സഞ്ജു പരിഗണിക്കപ്പെട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ഏകദിനത്തില്‍ മോശം ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവിന് ടീമില്‍ സീറ്റ് ലഭിച്ചു.

കളിച്ച ഏകദിനങ്ങളിലെല്ലാം സൂര്യകുമാര്‍ ഫ്‌ളോപ്പായിട്ടും അദ്ദേഹത്തിന് ഏഷ്യാ കപ്പിലേക്ക് വിളിയെത്തി. എന്നാല്‍ ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളെയെല്ലാം മോശമല്ലാത്ത രീതിയില്‍ വിനിയോഗിച്ചിട്ടും സഞ്ജുവിന് സീറ്റ് ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ സഞ്ജു കസറിയിരുന്നു. പിന്നീട് നടന്ന ടി20 പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലും സഞ്ജു മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. എന്നിട്ടും സഞ്ജു ടീമിന് പുറത്ത്. മുംബൈ ലോബിയുടെ കളിയാണിതെന്നും സഞ്ജുവിന് നീതി വേണമെന്നുമുള്ള ആവശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. മുംബൈയുടെ തിലക് വര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ സീറ്റ് നേടുന്നതിന് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മുംബൈ സ്‌നേഹമാണെന്ന ആക്ഷേപമാണ് ശക്തമാവുന്നത്.

sanju samson

മുംബൈയുടെ മുന്‍ ചീഫ് സെലക്ടറായിരുന്നു നിലവിലെ ബിസിസിഐയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍. അദ്ദേഹം മുംബൈ താരങ്ങളോട് കൂറുകാട്ടുകയാണെന്നും സഞ്ജുവിനുവേണ്ടി വാദിക്കാന്‍ ആരുമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ടി20യില്‍ സഞ്ജുവിനെ തഴഞ്ഞാലും തെറ്റു പറയാനാവില്ല. എന്നാല്‍ ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ തഴയുന്നത് അനീതിയാണെന്നും മികവ് നോക്കിയല്ല ടീം തിരഞ്ഞെടുപ്പ് നടന്നതെന്നുമാണ് ആരാധക പക്ഷം.

12 ഏകദിന ഇന്നിങ്‌സ് കളിച്ച സഞ്ജു 55.71 ശരാശരിയില്‍ നേടിയത് 390 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് 24 ഇന്നിങ്‌സ് കളിച്ച് 22 ശരാശരിയില്‍ നേടിയത് 511 റണ്‍സും. ശരാശരിയിലെ വ്യത്യാസത്തില്‍ നിന്ന് തന്നെ ആരാണ് മികച്ചവനെന്ന് വ്യക്തം. എന്നിട്ടും സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും സഞ്ജുവിനെ റിസര്‍വ് താരമാക്കി ഒതുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഫേവറേറ്റിസമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാനാവും ഇന്ത്യ ശ്രമിക്കുക. മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം സൂര്യകുമാര്‍ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും വീണ്ടും പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് തിലകിനെ പരിഗണിക്കാനുള്ള കാരണം. നാലാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ തിലകിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്.

ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവരുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. അതുകൊണ്ടാണ് സ്റ്റാന്റ്‌ബൈ താരമായി സഞ്ജുവിനെ പരിഗണിച്ചത്. ഇവരിലാര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് 17 അംഗ ടീമിലേക്കെത്താനാവും. എന്നാല്‍ പ്രതിഭാശാലിയായ സഞ്ജുവിനെ റിസര്‍വ് താരമായി ഒതുക്കുകയും മോശം ഫോമിലുള്ള താരങ്ങള്‍ പോലും 17 അംഗ ടീമില്‍ ഉള്‍പ്പെടുന്നതും ടീം മാനേജ്‌മെന്റിന്റെ വഞ്ചനയാണെന്ന് പറയാം.

ഇന്ത്യയുടെ 17 അംഗ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Monday, August 21, 2023, 14:29 [IST]
Other articles published on Aug 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+