മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെതിരേ വ്യാപക വിമര്‍ശനങ്ങളുയരവെ ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടായിട്ടും ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡില്‍ നിന്നും അദ്ദേഹം തഴയപ്പെടുകയായിരുന്നു.
ബാക്കപ്പായി സഞ്ജു സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും പ്രധാന ടീമിലേക്കു വരാന്‍ സാധ്യത കുറവാണ്. മാത്രമല്ല ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെയും ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സഞ്ജു മാത്രമല്ല ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട മുന്‍നിര താരം. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും ടീമില്‍ ഇടം നല്‍കിയിട്ടില്ല. പരിചയ സമ്പന്നനായ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതും സംഭവിച്ചില്ല. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് മാത്രമാണ് ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഇന്ത്യ ടുഡേയുമായി ഏഷ്യാ കപ്പ് സ്‌ക്വാഡിനെക്കുറിച്ചു സംസാരിക്കവെയാണ് സഞ്ജുവിനെയും ചഹലിനെയും ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടാതിരുന്നതാണ് ടീമില്‍ നിന്നും തഴയപ്പെടാനുള്ള പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
സഞ്ജു കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമായിരുന്നു. പക്ഷെ അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ലെന്നും ഇതാണ് ഒഴിവാക്കപ്പെടാന്‍ കാരണമായതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
ചഹലിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പക്ഷെ ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ടീമിന്റെ ബാലന്‍സിലേക്കു നോക്കേണ്ടതായി വരും.
ചില സമയങ്ങളില്‍ സെലക്ടര്‍മാര്‍ ഫീല്‍ഡിങ്, ബാറ്റിങ് എന്നിവയില്‍ ഒരു താരത്തിനു എന്തു ചെയ്യാന്‍ സാധിക്കമെന്നതു പോലെയുള്ള വ്യത്യസ്ത വശങ്ങളിലേക്കു നോക്കുകയും ഇതു അവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ചഹലിനു പകരം കുല്‍ദീപ് യാദവിനു ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള കാരണം അദ്ദേഹം കുറേക്കൂടി ഭേദപ്പെട്ട ബാറ്ററാണ് എന്നതായിരിക്കാമെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ലോവര്‍ ഓര്‍ഡറില്‍ ചഹലിനേക്കാള്‍ മികച്ച ബാറ്ററാണ് കുല്‍ദീപ്. ഇടംകൈ ബാറ്ററും കൂടിയാണ്. ഒരുപക്ഷെ ഇവയായിരിക്കാം അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കിയത്.
സഞ്ജു സാംസണിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു 29 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഇതു സഞ്ജുവിന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ടീമിലെത്താന്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒരുപാട് സമയം ഇനിയുമുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ വൈറ്റ് ബോള്‍ പരമ്പരകളിലായിരുന്നു ചഹലിനെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. ഏകദിന പരമ്പരയിലെ മൂന്നു കളിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. പകരം കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
ടി20 പരമ്പരയിലാവട്ടെ അഞ്ചു മല്‍സരങ്ങളിലും ചഹല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചതുമില്ല. ഏകദിനത്തില്‍ ഇതുവരെ 72 മല്‍സരങ്ങളിലാണ് ചഹല്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 121 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.