കൊളംബോ: ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനലിനായി കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശ. സെമി ഫൈനലിനു തുല്യമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്റെ ചീട്ട് കീറി നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക ഫൈനലിലേക്കു കുതിച്ചു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ രണ്ടു വിക്കറ്റിനായിരുന്നു ലങ്കന്‍ വിജയം. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.
മഴ കാരണം രണ്ടു മണിക്കൂറോളം വൈകിയാരംഭിച്ച മല്‍സരം 45 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഒരു തവണ കൂടി മഴയെത്തിയതോടെ കളി 42 ഓവറാക്കുകയും ചെയ്തു. ടോസിനു ശേഷം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴു വിക്കറ്റിനു 252 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.

മറുപടിയില്‍ അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ചരിത് അസലെന്‍ക ടീമിന്റെ ഹീറോയാവുകയായിരുന്നു. 91 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 87 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. അസലെന്‍ക പുറത്താവാതെ 49 റണ്‍സെടുത്തപ്പോള്‍ സദീര സമരവിക്രമ 48 റണ്‍സും നേടി.
നേരത്തേ മുഹമ്മദ് റിസ്വാന്റെ (86*) തകര്‍പ്പന്‍ ഫിഫ്റ്റിയും ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെ (52) ഇന്നിങ്‌സുമാണ് പാകിസ്താനെ 250ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ലോവര്‍ ഓര്‍ഡറില്‍ ഇഫ്തിഖാര്‍ അഹമ്മദിന്റെ (47) പ്രകടനവും ലങ്കയ്ക്കു കരുത്തായി. 73 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു റിസ്വാന്‍ ടീമിന്റെ അമരക്കാരനായത്. ഷഫീഖ് 69 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും നേടി. 40 ബോളുകള്‍ നേരിട്ട ഇഫ്തിഖാറിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ആറാം വിക്കറ്റില്‍ റിസ്വാന്‍- ഇഫ്തിഖാര്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഒരു ഘട്ടത്തില്‍ പതറിയ പാകിസ്താന്‍ കളിയിലേക്കു തിരിച്ചുവന്നത്. 28ാം ഓവറില്‍ പാകിസ്താന്‍ അഞ്ചിനു 130ല്‍ നില്‍ക്കെയായിരുന്നു മഴ കാരണം കളി തടസ്സപ്പെട്ടത്. എന്നാല്‍ ബ്രേക്കിനു ശേഷം 8.6 ഇക്കോണമി റേറ്റില്‍ 14.2 ഓവറില്‍ 122 റണ്‍സ് പാകിസ്താന്‍ അടിച്ചെടുത്തു.
റിസ്വാന്‍- ഇഫ്തിഖാര്‍ ജോടിയുടെ കൂട്ടുകെട്ടായിരുന്നു ഇതിനു സഹായിച്ചത്. ലങ്കയ്ക്കു വേണ്ടി മതീശ പതിരാന മൂന്നു വിക്കറ്റുകളുമായി തിളങ്ങി. പ്രമോദ് മധുഷന്‍ രണ്ടു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മഹീഷ് തീക്ഷണയ്ക്കും ദുനിത് വെല്ലലഗെയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ആസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം മല്‍സരം 45 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് പാകിസ്താന്‍ ഇറങ്ങിയത്.
ഇമാമുള്‍ ഹഖ്, ആഗ സല്‍മാന്‍, ഹാരിസ് റൗഫ്, നസീം ഷാം, ഫഹീം അഷ്‌റഫ് എന്നിവരൊന്നും ടീമില്‍ ഇല്ല. പകരം അബ്ദുള്ള ഷഫീഖ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സമാന്‍ ഖാന്‍ എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു. ലങ്കന്‍ ടീമില്‍ രണ്ടു മാറ്റമാണ് വരുത്തിയത്. ദിമുത് കരുണരത്‌നെ, കസുന്‍ രജിത എന്നിവര്‍ക്കു പകരം കുശാല്‍ജ ജനിത്തും പ്രമോദ് മധുഷനും ടീമിലേക്കു വന്നു.
സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ 21 റണ്‍സിനു തോല്‍പ്പിക്കാന്‍ ലങ്കയ്ക്കായിരുന്നു. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. 41 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. പാകിസ്താനാവട്ടെ ആദ്യ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് തുടങ്ങിയത്. പക്ഷെ ചിരവൈരികളായ ഇന്ത്യക്കെതിരേ നാണംകെട്ടു. 228 റണ്‍സിന്റെ വമ്പന്‍ പരാജയത്തിലേക്കു അവര്‍ വീഴുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ഫഖര്‍ സമാന്‍, അബ്ദുള്ള ഷഫീഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം ജൂനിയര്‍, സമാന്‍ ഖാന്‍.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമം, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലെഗെ, മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍, മതീശ പതിരാന.