ലാഹോര്‍: ഏഷ്യാ കപ്പിലെ ത്രില്ലിങ് മാച്ചില്‍ അഫ്ഗാനിസ്താനെ രണ്ടു റണ്‍സിനു വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. ഒരു ഘട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലങ്കയെ നാട്ടിലേക്കു മടക്കി അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ കടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അവിസ്മരണീയ വിജയത്തിനു തൊട്ടരികെ അവര്‍ക്കു കാലിടറുകയായിരുന്നു. 292 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു അഫ്ഗാന് ലങ്ക നല്‍കിയത്.
റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഓവറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ് ചെയ്യേണ്ടിയിരുന്നു. 37 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അഫ്ഗാന്‍ എട്ടിന് 289 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത ബോളില്‍ ഫോറായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ആദ്യ ബോളില്‍ മുജീബുര്‍ റഹ്മാനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കുകയായിരുന്നു.

എങ്കിലും 37.4 ഓവറില്‍ 295 റണ്‍സെടുത്താല്‍ അഫ്ഗാന് റണ്‍റേറ്റില്‍ പിന്തള്ളാമായിരുന്നു. പക്ഷെ പുതുതായി ക്രീസിലെത്തിയ ഫസല്‍ ഹഖ് ഫറൂഖിക്കു രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ റണ്ണെടുക്കാനായില്ല. നാലാമത്തെ ബോളില്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി. ഇതോടെ അഫ്ഗാന്‍ 289നു ഓള്‍ഔട്ടുമായി.
അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് നബി (65), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദി (59) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ ജയത്തിനു തൊട്ടരികിലെത്തിച്ചത്. നബി 32 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടിച്ചപ്പോള്‍ ഷാഹിദി 66 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും നേടി. 45 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ലങ്കയ്ക്കായി കസുന്‍ രജിത നാലു വിക്കറ്റുകളെടുത്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 291 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ (92) ഉജ്ജ്വല ഇന്നിങ്‌സാണ് ലങ്കന്‍ ബാറ്റിങിനു കരുത്തായത്.
84 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സുമുള്‍പ്പെട്ടിരുന്നു. പതും നിസങ്ക (41), ചരിത് അസലെന്‍ക (36), വാലറ്റക്കാരനായ ദുനിത് വെല്ലലഗെ (33*), ദിമുക് കരുണരത്‌നെ (32) എന്നിവരും ലങ്കയ്്ക്കായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു.

മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ നിസങ്ക- കരുണരത്‌നെ സഖ്യം ലങ്കയ്ക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 62 ബോളില്‍ 63 റണ്‍സ് ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. പക്ഷെ കരുണരത്‌നെ ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ പുറത്തായ ശേഷം 86 റണ്‍സാവുമ്പോഴേക്കും ലങ്കയ്ക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു എന്നാല്‍ നാലാം വിക്കറ്റില്‍ മെന്‍ഡിസ്- അസലെന്‍ക സഖ്യം 102 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലങ്കയെ ശക്തമായ നിലയിലെത്തിച്ചു.
ഈ ജോടി കരുത്താര്‍ജിക്കവെ മല്‍സരം അഫ്ഗാനില്‍ നിന്നും പൂര്‍ണമായി വഴുതിപ്പോവുകയാണോയെന്നു സംശയിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. അസലെന്‍കയെ ബൗള്‍ഡാക്കിയ അദ്ദേഹം അഫ്ഗാനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് ലങ്കയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മൂന്നിന് 187ല്‍ നിന്നും ലങ്ക 40ാം ഓവില്‍ ഏഴിനു 227ലേക്കു വീണു.
ഇതോടെ അവര്‍ 250 റണ്‍സ് പോലും തികയ്ക്കുമോയെന്ന കാര്യം സംശത്തിലാവുകയും ചെയ്തു. എന്നാല്‍ എട്ടാം വിക്കറ്റില്‍ വെല്ലഗഗെ- മഹീഷ് തീക്ഷണ സഖ്യം മികച്ച കൂട്ടുകെട്ടുമായി ലങ്കയെ 300നു അരികില്‍ വരെയെത്തിച്ചു.
64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം 50ാം ഓവറിലെ അവസാന ബോളിലായിരുന്നു വേര്‍പിരിഞ്ഞത്. 28 റണ്‍സെടുത്ത തീക്ഷണയെ ഗുല്‍ബദിന്‍ ബൗള്‍ഡാക്കുകയായിരുന്നു. നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ ഗുല്‍ബദിന്‍ നയ്ബാണ് അഫ്ഗാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. റാഷിദ് രണ്ടു വിക്കറ്റുകളുമെടുത്തു.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരാന.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദിന്‍ നയ്ബ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), മുഹമ്മദ് നബി, കരീം ജന്നത്ത്, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫറൂഖി, മുജീബുര്‍ റഹ്മാന്‍.