Asia Cup 2023: ബംഗ്ലാ കടുവകള്‍ പുറത്തേക്ക്, വീണ്ടും കാലിടറി; കരുത്തുകാട്ടി ലങ്ക
കൊളംബോ: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും തോല്‍വിയേറ്റു വാങ്ങി ബംഗ്ലാദേശ് പുറത്തേക്ക്. നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയോടു 21 റണ്‍സിന്റെ പരാജയമാണ് ബംഗ്ലാ കടുവകള്‍ ഏറ്റുവാങ്ങിയത്. ലങ്കയാവട്ടെ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കുകയും ചെയ്തിരിക്കുകയാണ്.
258 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിനു ലങ്ക നല്‍കിയത്. അത്ര ദുഷ്‌കരമായ വിജയലക്ഷ്യമായിരുന്നില്ല ഇത്. എന്നാല്‍ മികച്ച ബൗളിങിലൂടെ ബംഗ്ലാദേശിനെ ലങ്ക പിടിച്ചുകെട്ടുകയായിരുന്നു. 48.1 ഓവറില്‍ 236 റണ്‍സിനു ബംഗ്ലാദേശ് കൂടാരംകയറുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിനു വിജയ പ്രതീക്ഷയുണ്ടായിരുന്നു.

41 ഓവറില്‍ അഞ്ചിനു 180 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളെടുത്ത് ലങ്ക വിജയം വരുതിയിലാക്കി. യുവതാരം തൗഹിദ് റിദോയ് (82) ഉജ്ജ്വല ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും മറ്റാരില്‍ നിന്നും കാര്യമായി പിന്തുണ ലഭിച്ചില്ല. ലങ്കയ്ക്കായി മഹീഷ് തീക്ഷണ, നായകന്‍ ദസുന്‍ ഷനക, മതഷ പതിരാന എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ സദീര സമരവിക്രമയുടെ (93) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ലങ്കന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. 72 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
50 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 73 ബോളുകളില്‍ നിന്നും അദ്ദേഹം ആറു ഫോറും ഒരു സിക്‌സറും നേടി. പതും നിസങ്ക (40), നായകന്‍ ദസുന്‍ ഷനക (24) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദും ഹസന്‍ മഹമ്മൂദും മൂന്നു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ഷൊരിഫുല്‍ ഇസ്ലാം ര്ണ്ടു വിക്കറ്റും നേടി.
ലങ്കയുടെ തുടക്കം മികച്ചതായിരുന്നില്ല. ആറാം ഓവറില്‍ തന്നെ ദിമുത് കരുണരത്‌നെയെ (19) ഹസന്‍ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുറായിരുന്നു ക്യാച്ചെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിസങ്ക-മെന്‍ഡിസ് സഖ്യം മികച്ച കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 74 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇതോടെ ലങ്കന്‍ സ്‌കോര്‍ 100 കടക്കുകയും ചെയ്തു.

പക്ഷെ ലങ്ക 108ല്‍ നില്‍ക്കവെ നിസങ്കയെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷൊരിഫുല്‍ ബംഗ്ലാദേശിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് ലങ്കയ്ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. വലിയ കൂട്ടുകെട്ടുകളൊന്നും ലങ്കന്‍ ഇന്നിങ്‌സില്‍ കണ്ടില്ല.
ആറാം വിക്കറ്റില്‍ സമരവിക്രമ- ഷനക ജോടി 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ടീം സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചതും ഇതായിരുന്നു. ക്രീസിന്റെ ഒരു ഭാഗത്തു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും സമരവിക്രമ പതറിയില്ല. സ്‌കോര്‍ 250 കടത്തിയ ശേഷം 50ാം ഓവറിലെ അവസാന ബോളില്‍ ഒമ്പതാമനായാണ് അദ്ദേഹം പുറത്തായത്.
ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് ലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടിയത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും മുഖാമുഖം വന്നിരുന്നു. അന്നു പെല്ലെക്കെലെയില്‍ നടന്ന കളിയില്‍ ലങ്ക അനായാസം ജയിച്ചുകയറുകയായിരുന്നു. ബൗളിങ് മികവില്‍ ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കിയ ലങ്ക അഞ്ചു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലെഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരാന.
ബംഗ്ലാദേശ്- മുഹമ്മദ് നയീം, മെഹ്ദി ഹസന്‍, ലിറ്റണ്‍ ദാസ്, തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), ഷമീം ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, ഹസന്‍ മഹമ്മൂദ്, നസും അഹമ്മദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications