ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ കന്നിയങ്കത്തില്‍ വിജയം കൊയ്യാനുള്ള പടപ്പുറപ്പാടിലാണ്. ശനിയാഴ്ചയാണ് ചിരവൈരികളായ പാകിസ്താനുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടമായതിനാല്‍ തന്നെ ജയത്തോടെ വളരെ പോസിറ്റീവായി തുടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. പാക് പടയുമായുള്ള മല്‍സരത്തിനു ശേഷം നേപ്പാളുമായി ഒരു കളി മാത്രമേ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു ബാക്കിയുള്ളൂ.
ടൂര്‍ണമെന്റിനു മുന്നോടിയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ ടീമിനു ബെംഗളൂരുവിലെ ആലൂരില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റുകളും ബാറ്റിങ്, ബൗളിങ് പരിശീലനവുമെല്ലാം താരങ്ങള്‍ക്കു ഇവിടെ സംഘടിപ്പിക്കുകയും ചെയ്തു. പരിശീലന സെഷനില്‍ മാച്ച് സിമ്യുലേഷനുള്‍പ്പെടെ വ്യത്യസ്ത രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ടീം നടത്തിയിരുന്നു.

അതിനിടെയാണ് ഇന്ത്യയുടെ രണ്ടാമത്തെ പരിശീലന സെഷനില്‍ നിന്നുള്ള സ്‌കോര്‍ കാര്‍ഡെന്ന പേരില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തമല്ല. എങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇതു വൈറലായിരിക്കുകയാണ്. ആരവ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ഇതു പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ടോപ് സിക്‌സ് ബാറ്റര്‍മാരുടെ പരിശീലന മല്‍സരത്തില്‍ നിന്നുള്ള സ്‌കോറുകളെക്കുറിച്ചാണ് ഈ ട്വീറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
നേരത്തേയും ഇതേ അക്കൗണ്ടില്‍ നിന്നും ആദ്യ പരിശീലന മല്‍സരത്തില്‍ നിന്നുള്ള സ്‌കോര്‍ കാര്‍ഡെന്ന തരത്തില്‍ മറ്റൊരു ട്വീറ്റ് വരികയും അതും വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന രണ്ടാമത്തെ പരിശീലന മല്‍സരത്തിലെ സ്‌കോര്‍ കാര്‍ഡ് പ്രകാരം ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവൊഴികെ മറ്റുള്ളവരെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. താരം കിടിലന്‍ സെഞ്ച്വറിയാണ് പരിശീലന മല്‍സരത്തില്‍ കുറിച്ചതെന്നാണ് സ്‌കോര്‍ കാര്‍ഡിലുള്ളത്. 104 ബോളുകളില്‍ നിന്നും 112 റണ്‍സെടുത്ത ശേഷം താരം റിട്ടയര്‍ ചെയ്യുകയായിരുന്നു. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും പരിശീലന മല്‍സരത്തില്‍ കസറി. 70 ബോളില്‍ 84 റണ്‍സ് നേടിയ ശേഷം അദ്ദേഹവും സ്വയം റിട്ടയര്‍ ചെയ്യുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. 48 ബോളുകളില്‍ നിന്നും 27 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പരിക്കില്‍ നിന്നും മോചിതനായി ഏഷ്യാ കപ്പിലൂടെ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്ന യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 43 ബോളുകളില്‍ നിന്നും 52 റണ്‍സുമായി അദ്ദേഹം പുറത്താവാതെ ക്രീസില്‍ നിന്നു.

പക്ഷെ ഏകദിന ഫോര്‍മാറ്റുമായി ഇനിയും പൊരുത്തപ്പെട്ടിട്ടില്ലാത്ത ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് പരിശീലന മല്‍സരത്തില്‍ വന്‍ ഫ്‌ളോപ്പായി മാറി. ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹം പുറത്താവുകയായിരുന്നെന്നാണ് സ്കോര്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സൂര്യയെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഏഷ്യാ കപ്പ്. തനിക്കു ടി20 മാത്രമ വഴങ്ങുകയുള്ളൂവെന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബാറ്റ് കൊണ്ടു മറുപടി പറയാമെന്ന പ്രതീക്ഷയിലാണ് സ്‌കൈ.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് സൂര്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും സൂര്യ ടീമിലുണ്ടായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹം നാണക്കേടിന്റെ റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു.
ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഏഷ്യാ കപ്പില്‍ സൂര്യയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സൂര്യ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പരിശീലന മല്‍സരത്തില്‍ ഇഷാന്‍ കിഷന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 34 ബോളില്‍ നിന്നും 40 റണ്‍സ് താരം പുറത്താവാതെ നേടുകയായിരുന്നു.
ഇതോടെ ടീം രണ്ടു വിക്കറ്റിനു 326 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സേവനം ഏഷ്യാ കപ്പിലെ ആദ്യ രണ്ടു കളിയിലും ഇന്ത്യക്കു ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഇഷാനായിരിക്കും പകരക്കാരനായി പ്ലെയിങ് ഇലവനിലേക്കു വരുന്നത്.