അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര പൂര്‍ത്തിയായതോടെ ടീം ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും ഇനി ഏഷ്യാ കപ്പിലേക്കാണ്. അടുത്തയാഴ്ചയാണ് ടൂര്‍ണമെന്റിനു തടക്കമാവുന്നത്. ഇന്ത്യയുടെ കന്നിയങ്കം സപ്തംബര്‍ രണ്ടിനു ചിരവൈരികളായ പാകിസ്താനെതിരേയാണ്. മികച്ച വിജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
പക്ഷെ ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ട് ചില തലവേദനകള്‍ ഇന്ത്യയെ വലയ്ക്കുന്നുണ്ട്. പരിക്കു ഭേദമായി ടീമിലേക്കു തിരികെയെത്തിയ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സേവനം ഇന്ത്യക്കു തുടക്കത്തില്‍ ലഭിക്കില്ലെന്നാണ് വിവരം. ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറായിരുന്നു രണ്ടാമത്തെയോ, മൂന്നാമത്തെയോ മല്‍സരത്തില്‍ മാത്രമേ രാഹുല്‍ കളിക്കാന്‍ സാധ്യതയുള്ളൂവെന്നു വ്യക്തമാക്കിയത്.

ഇതോടെ പാകിസ്താനെതിരേ ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കാക്കുകയെന്നു വ്യക്തമായിരിക്കുകയാണ്. പക്ഷെ ഇഷാനെ ഏതു പൊസിഷനില്‍ ഇന്ത്യ കളിപ്പിക്കും? ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. പക്ഷെ ഇഷാന് ഓപ്പണിങ് റോളില്‍ അല്ലാതെ മറ്റൊരു പൊസിഷനിലും തിളങ്ങാനുമായിട്ടില്ല.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഓപ്പണറായി തന്നെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. അപ്പോള്‍ ഓപ്പണിങില്‍ നിന്ന് ഇന്ത്യ ആരെയാവും മാറ്റുക. ക്യാപ്റ്റന്‍ രോഹിത്തിനെ ഓപ്പണിങില്‍ നിന്നും മാറ്റാന്‍ ഇന്ത്യ താല്‍പര്യം കാണിക്കില്ല. അപ്പോള്‍ അടുത്ത ഓപ്ഷന്‍ ഗില്ലിനെ മാറ്റുകയെന്നതാണ്.
എന്നാല്‍ ഓപ്പണിങ് റോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരമാണ് ഗില്‍. 23 മല്‍സരങ്ങളില്‍ നിന്നും 66.21 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1258 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കമാണിത്. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരവും ഗില്ലാണ്.
ഇഷാനുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സാങ്കേതിക മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്ററാണ് ഗില്‍. മാത്രമല്ല ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയുമുണ്ട്. സ്പിന്‍ ബൗളിങിനെ നേരിടാനും താരം മിടുക്കനാണ്. പക്ഷെ സമീപകാലത്തു ഗില്ലിന്റെ ഫോമില്‍ ഇടിവ് സംഭവിച്ചത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ താരം ഫ്‌ളോപ്പായിരുന്നു.

എങ്കിലും ഏകദിനത്തില്‍ ഈ വര്‍ഷം 68.18 എന്ന മികച്ച ശരാശരി ഇപ്പോഴും ഗില്ലിനുണ്ട്. 15 ഏകദിന മല്‍സരങ്ങളിലാണ് 2023ല്‍ താരം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും മൂന്നു സെഞ്ച്വിറകളും രണ്ടു ഫിഫ്റ്റികളുമടക്കം 750 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 110 എന്ന സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.
അതേസമയം, ഇഷാന്റെ കാര്യമെടുത്താല്‍ ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച ഫോമിലാണെന്നു കാണാം. അവസാനമായി വിന്‍ഡീസിനെതിരേയുള്ള പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഏകദിനത്തില്‍ ഇതുവരെ 17 മല്‍സരങ്ങളിലാണ് ഇഷാന്‍ കളിച്ചത്. ഇവയില്‍ നിന്നും 46.27 ശരാശരിയില്‍ 694 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഡബിള്‍ സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കമാണിത്.
ഇഷാനെ സംബന്ധിച്ച് ഒരു പ്ലസ് പോയിന്റ് ഇടംകൈയന്‍ ബാറ്ററാണെന്നതാണ്. ഇന്ത്യയുടെ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കു പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി വലിയ ഭീഷണിയാവുമെന്നതിനാല്‍ ഇഷാനെ ഓപ്പണിങില്‍ ഇറക്കിയാല്‍ അതു ടീമിനു ഗുണം ചെയ്യും.
ഇഷാന്‍ ഓപ്പണിങിലേക്കു വന്നാല്‍ ഗില്ലിനു അഞ്ചാം നമ്പറില്‍ കളിക്കേണ്ടി വരും. കാരണം നാലാം നമ്പറില്‍ ശ്രേയസ് അയ്യരുണ്ടാവും. പക്ഷെ ഓപ്പണിങില്‍ മികച്ച റെക്കോര്‍ഡുള്ള ഗില്‍ മധ്യനിരയിലേക്കു മാറിയാല്‍ അതു ഫോമിനെ ബാധിച്ചേക്കുമെന്നതും തിരിച്ചടിയാണ്.