കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 133 പന്തുകള്‍ നേരിട്ട് 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 121 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം റണ്‍സ് കണ്ടെത്താനാവാതെ പതറിയപ്പോഴും തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത ഇതിഹാസം താനാണെന്ന് തെളിയിക്കുന്ന ഗില്‍ സെഞ്ച്വറി പ്രകടനത്തോടെ വമ്പന്‍ ചില റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ധോണിയുടെയും കോലിയുടേയുമടക്കം പല ഗംഭീര റെക്കോഡുകളും ഗില്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരില്‍ എംഎസ് ധോണിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. 24 വയസും 7 ദിവസവുമാണ് നിലവിലെ ഗില്ലിന്റെ പ്രായം. 26 വയസും 354 ദിവസവും പ്രായം ഉള്ളപ്പോള്‍ എംഎസ് ധോണി നേടിയ സെഞ്ച്വറിയുടെ റെക്കോഡിനെ ഗില്‍ പഴങ്കഥയാക്കിയിരിക്കുകയാണ്.
സുരേഷ് റെയ്‌നയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 21 വയസും 211 ദിവസവും പ്രായം ഉള്ളപ്പോള്‍ റെയ്‌ന ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 21 വയസും 350 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഈ നേട്ടത്തിലേക്കെത്തിയത്. വിരാട് കോലി 23 വയസും 129 ദിവസവും പ്രായം ഉള്ളപ്പോള്‍ ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ ഇടവേളക്ക് ശേഷമാണ് ഇന്ത്യക്കാരന്‍ സെഞ്ച്വറി നേടുന്നത്.
2014ല്‍ വിരാട് കോലിയാണ് ഇതിന് മുമ്പ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയത്. ഇതിന് ശേഷം ഗില്ലിനാണ് ബംഗ്ലാദേശിനെതിരേ മൂന്നക്കം കാണാന്‍ സാധിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി വേഗത്തില്‍ അഞ്ച് സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ഗില്ലിന് സാധിച്ചിരിക്കുകയാണ്. 32 ഇന്നിങ്‌സില്‍ നിന്നാണ് ഗില്‍ അഞ്ച് ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

36 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ കെ എല്‍ രാഹുല്‍, 43 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലി, 49 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗൗതം ഗംഭീര്‍ എന്നിവരെയെല്ലാം പിന്നിലാക്കാന്‍ ഗില്ലിന് സാധിച്ചു. 28 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ശിഖര്‍ ധവാനാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
ഇത്തവണത്തെ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. 10, 67*, 58, 19, 121 എന്നിങ്ങനെയാണ് ശുബ്മാന്‍ ഗില്ലിന്റെ സ്‌കോര്‍. 2023ല്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ വിരാട് കോലിയെ മറികടക്കാനും ഗില്ലിനായി. കോലി അഞ്ച് സെഞ്ച്വറിയാണ് നേടിയതെങ്കില്‍ ഗില്ലിന്റെ പേരില്‍ 6 സെഞ്ച്വറികളുണ്ട്. വലിയ ഭാവി ശുബ്മാനുണ്ടാകുമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് അദ്ദേഹം നേടിയെടുത്തിരിക്കുന്നത്.
32 ഇന്നിങ്‌സില്‍ നിന്ന് 1712 റണ്‍സ് നേടിയ ഗില്ലിന്റെ ശരാശരി 63.41 ആണ്. 101.6 സ്‌ട്രൈക്ക് റേറ്റുള്ള ഗില്‍ 5 സെഞ്ച്വറിയോടൊപ്പം 8 ഫിഫ്റ്റിയും അടിച്ചെടുത്തിട്ടുണ്ട്. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായി താനുണ്ടാവുമെന്ന് പ്രകടനംകൊണ്ട് ഗില്‍ തെളിയിക്കുകയാണ്. ഈ വര്‍ഷം ഏകദിന ഇരട്ട സെഞ്ച്വറിയടക്കം സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.