ഏഷ്യാ കപ്പില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഒരു പോരാട്ടമായിരിക്കും ഈ മല്‍സരത്തില്‍ ആരു വിജയിക്കുകയെന്നു തീരുമാനിക്കുകയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ച പകലും രാത്രിയുമായിട്ടാണ് ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്.
പാകിസ്താന്റെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ പേസ് ബൗളറുമായ ഷഹീന്‍ അഫ്രീഡിയും ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും മല്‍സരത്തില്‍ നിര്‍ണായകമായി മാറുകയെന്നു ഹോഗ് ചൂണ്ടിക്കാട്ടി. ഷഹീനെ ഫലപ്രദമായി നേരിടുന്നതില്‍ വിജയിച്ചാല്‍ മല്‍സരത്തില്‍ ഇന്ത്യക്കാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ മല്‍സരം ഞാന്‍ തീര്‍ച്ചയായും കാണും. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണിത്. രാഷ്ട്രീയം എല്ലായിടത്തും കായിക രംഗത്തെ തടസപ്പെടുത്താറുണ്ട്. ഇവിടെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും എല്ലായിടത്തും ഇതുണ്ട്.
രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ഫീല്‍ഡിലെ ഏറ്റുമുട്ടലാണ് നമ്മള്‍ മിസ്സ് ചെയ്യുന്നത്. പാകിസ്താനും ഏഷ്യാ കപ്പിലെ ഈ കളി നല്ലതായിരിക്കും. കാരണം അവര്‍ക്കും ഈ മല്‍സരം കൂടുതല്‍ ഗുണം ചെയ്യുമെന്നും ഹോഗ് വിലയിരുത്തി.
ഇന്ത്യയും പാകിസ്താനും തമ്മിലുളള മല്‍സരങ്ങള്‍ സംഭവിക്കണമെന്നു നമ്മള്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കാണ് കുടുതല്‍ പ്രബലമായ ബാറ്റിങുള്ളത്. പക്ഷെ പേസ് ബൗളിങ് ലൈനപ്പ് നോക്കുമ്പോള്‍ പാകിസ്താനു നേരിയ മുന്‍തൂക്കമുണ്ട്. പ്രത്യേകിച്ചും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയെക്കുറിച്ച് എടുത്തു പറയേണ്ടതാണ്.
അദ്ദേഹം വളരെ കഴിവുറ്റ ബൗളറാണ്. വേഗതയില്‍ ബോള്‍ സ്വിങ് ചെയ്യിക്കുകയും വലംകൈയന്‍മാര്‍ക്കെതിരേ അകത്തേക്കു കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യുന്ന ബൗളറുള്ളപ്പോള്‍ എതിര്‍ ടീമിന് കാര്യങ്ങള്‍ ബുദ്ധിമുട്ടായി മാറുമെന്നും ഹോഗ് നിരീക്ഷിച്ചു.
വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബോള്‍ അകത്തേക്കു കൊണ്ടു വരാന്‍ കഴിവുള്ളതിനാല്‍ ഷഹീന്‍ അഫ്രീഡിക്കു കസറാന്‍ അവസരമുണ്ടെന്നു ഞാന്‍ കരുതുന്നു. മല്‍സരത്തില്‍ വിരാട് കോലിയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ പാകിസ്താന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ക്കു കഴിയണം.
ഷഹീനെതിരേ ന്യൂബോള്‍ നേരിടുകയെന്നത് ഇന്ത്യയെ കുഴപ്പത്തിലാക്കും. ഇന്ത്യയുടെ ടോപ് ത്രീ ബാറ്റര്‍മാരും ഷഹീനും തമ്മിലുള്ള പോരാട്ടമായിരിക്കും ഈ മല്‍സരത്തില്‍ നിര്‍ണായകമായി മാറുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളിയിലെ വിജയവും പരാജയവും തീരുമാനിക്കപ്പെടുക ഇതിനിടെയായിരിക്കുമെന്നും ഹോഗ് വിശദമാക്കി.

ഈ വര്‍ഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യത്തെ പോരാട്ടം കൂടിയാണ് ശനിയാഴ്ചത്തേത്. കൂടാതെ 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നു തവണയായിരുന്നു ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. രണ്ടെണ്ണത്തില്‍ ഇന്ത്യ ജയം കൊയ്തപ്പോള്‍ ഒന്നില്‍ പാകിസ്താനും ജയിച്ചുകയറി.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. ആദ്യ മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം വീട്ടി. അതിനു ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്.
അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ വിരാട് കോലിയുടെ വണ്‍മാന്‍ ഷോ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു അന്നു ഇന്ത്യ ജയിച്ചുകയറിയത്.