ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ ബൗളിങിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസ്. നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ കളിയില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഷഹീനെയല്ല സൂപ്പര്‍ ഫോറില്‍ കണ്ടത്. ഗ്രൂപ്പുമല്‍സരത്തില്‍ നാലു വിക്കറ്റുകളുമായി ഇന്ത്യയെ തകര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു.
പക്ഷെ കൊളംബോയില്‍ നടന്ന സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഷഹീന്‍ കാര്യമായി ഭീഷണിയുയര്‍ത്തിയില്ല. മഴയെ തുടര്‍ന്നു മല്‍സരം തടസ്സപ്പെടുമ്പോള്‍ അഞ്ചോവറുകളാണ് ഷഹീന്‍ പൂര്‍ത്തിയാക്കിയത്. ഇവയില്‍ 7.40 ഇക്കോണമി റേറ്റില്‍ 37 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഒരു വിക്കറ്റ് മാത്രമേ പേസര്‍ക്കു വീഴ്ത്താനായുള്ളൂ.

ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഷഹീനെ പവര്‍പ്ലേയില്‍ കൂസലില്ലാതെ നേരിട്ടു. പ്രത്യേകിച്ചും ഗില്ലായിരുന്നു കടന്നാക്രമിച്ചത്. പവര്‍പ്ലേയില്‍ ഷഹീനെതിരേ 12 ബോളുകള്‍ നേരിട്ട ഗില്‍ ഇവയില്‍ ആറിലും ബൗണ്ടറി പായിച്ചിരുന്നു. മൂന്നാവറുകള്‍ കഴിഞ്ഞപ്പോള്‍ പേസര്‍ വഴങ്ങിയത് 31 റണ്‍സായിരുന്നു.
തുടര്‍ന്നു പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം ബൗളിങില്‍ നിന്നും ഷഹീനെ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് 18ാം ഓവറിലാണ് പേസര്‍ രണ്ടാം സ്‌പെല്‍ എറിയാനെത്തിയത്. കുറേക്കൂടി മികച്ച പ്രകടനം ഷഹീന്‍ കാഴ്ചവയ്ക്കുകയും ചെയ്തു. രണ്ടു റണ്‍സ് മാത്രം ഈ ഓവറില്‍ വിട്ടുകൊടുത്ത അദ്ദേഹം ഗില്ലിന്റെ വിക്കറ്റും സ്വന്തമാക്കി. അടുത്ത ഓവറില്‍ ഷഹീന്‍ വഴങ്ങിയത് നാലു റണ്‍സായിരുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഷഹീന്റെ ബൗളിങ് പ്രകടനത്തെ വഖാര്‍ യൂനിസ് വിര്‍ശിച്ചത്. ന്യൂബോളില്‍ ഷഹീന്‍ ഈ കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. പാകിസ്താന്‍ നിരയിലെ ബൗളര്‍മാരൊന്നും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഷോര്‍ട്ട് ബോളുകളോ, ബൗണ്‍സറുകളോ എറിയാന്‍ ശ്രമിച്ചില്ല. പിച്ചില്‍ നിന്നും സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. നസീം (ഷാ) അതു കാണിച്ചു തരികയും ചെയ്തതായി യൂനിസ് നിരീക്ഷിച്ചു.
ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്കു ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പക്ഷെ ഷഹീന്‍ കുറേക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നേരത്തേ നടന്ന ഇന്ത്യയുമായുള്ള മല്‍സരത്തില്‍ അവന്റെ 10 ഓവറുകള്‍ ഗംഭീരമായിരുന്നു.

പക്ഷെ ഇന്നത്തെ കളിയില്‍ ഈ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ബൗളിങില്‍ കൂടുതലായി എന്തെങ്കിലും കൊണ്ടുവരാന്‍ ശ്രമിച്ചതാണ് ഷഹീനു പറ്റിയ അബദ്ധം. ഈ കാരണത്താല്‍ അനായാസം ബൗണ്ടറികള്‍ വഴങ്ങേണ്ടി വരികയും ചെയ്തതായി വഖാര്‍ യൂനിസ് വിലയിരുത്തി.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ മല്‍സരം മഴയെ തുടര്‍ന്നു തടസ്സപ്പെടുകയും റിസര്‍വ് ദിനത്തിലേക്കു മാറ്റുകയുമായിരുന്നു. ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സില്‍ നില്‍ക്കവെയായിരുന്നു മഴ വില്ലനായത്. തുടര്‍ന്നു കളി തടസ്സപ്പെടുകയും പിച്ചിലെ ഈര്‍പ്പം കാരണം മല്‍സരം തുടങ്ങാന്‍ കഴിയാതെ വരികയുമായിരുന്നു. രാത്രിയില്‍ വീണ്ടും മഴയെത്തിയതോടെ കളി നടക്കാനുള്ള സാധ്യത പൂര്‍ണമായി അസ്തമിക്കുകയും ചെയ്തു.
ഫിഫ്റ്റികള്‍ നേടിയ രോഹിത്തിന്റെയും ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഗില്‍ 52 ബോളില്‍ 10 ഫോറുള്‍പ്പെടെ 58 റണ്‍സെടുത്തപ്പോള്‍ രോഹിത് 49 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 56 റണ്‍സെടുത്തും പുറത്താവുകയായിരുന്നു. വിരാട് കോലിയും (8) കെഎല്‍ രാഹുലുമാണ് (17) ക്രീസിലുള്ളത്.