മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 30ന് ആരംഭിക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. 17 അംഗ ടീമിനെയാവും ഇന്ത്യ പരിഗണിക്കുകയെന്നാണ് പുറത്തുവരുന്ന സൂചന. വലിയ താരസമ്പത്ത് ഇന്ത്യക്ക് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ ടീം തിരഞ്ഞെടുപ്പ് സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ തലവേദനയായിരിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നിലെ പ്രധാന ചോദ്യങ്ങളിലൊന്ന് നാലാം നമ്പറില്‍ ആര് ബാറ്റുചെയ്യണമെന്നതാണ്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഈ റോളില്‍ കസറാന്‍ കാത്തുനില്‍ക്കുന്നത്. ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് ശ്രേയസ് മടങ്ങിവരവിനൊരുങ്ങുന്നത്. പരിശീലന മത്സരം കളിച്ചെങ്കിലും താരം പൂര്‍ണ്ണ ഫിറ്റ്‌നസിലല്ലെന്നാണ് റിപ്പോര്‍ട്ട്.
അതുകൊണ്ടുതന്നെ ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പ് കളിക്കുന്ന കാര്യം സംശയമാണ്. ഏകദിന ലോകകപ്പിലേക്ക് ശ്രേയസ് എത്താനുള്ള സാധ്യതയും കുറവായിരിക്കുകയാണ്. ഇതോടെ നാലാം നമ്പറിലേക്ക് മറ്റൊരു താരത്തെ ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. സഞ്ജു സാംസണാണ് ഇന്ത്യക്ക് പരിഗണിക്കാവുന്ന മറ്റൊരാള്‍. ഏകദിനത്തില്‍ 55ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. സ്ഥിരത പ്രശ്‌നമാണെങ്കിലും ഇന്ത്യക്കായി വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സഞ്ജുവിന് മികവുണ്ട്.
ഫോമിലേക്കെത്തിയാല്‍ മാച്ച് വിന്നറായി സഞ്ജു മാറും. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ മികവില്‍ വലിയ വിശ്വാസം കാട്ടുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായ സഞ്ജു അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളില്‍ കസറാന്‍ ശേഷിയുള്ളവനാണ് സഞ്ജു.

മറ്റൊരാള്‍ ഇഷാന്‍ കിഷനാണ്. ഇടം കൈയനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാന്‍ ടോപ് ഓഡറിലാണ് കൂടുതലും കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി ഓപ്പണര്‍ റോളില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മധ്യനിരയില്‍ ഇഷാനെ വിശ്വസിക്കുകയെന്നത് വലിയ സാഹസം തന്നെയാണ്. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നേക്കില്ല.
സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ സൂര്യക്ക് ഏകദിനത്തിലേക്കെത്തുമ്പോള്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏകദിന ഫോര്‍മാറ്റിലേക്ക് ഇന്ത്യ സൂര്യയെ പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇന്ത്യ ഫിനിഷര്‍ റോളില്‍ സൂര്യക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്.
എന്നാല്‍ അദ്ദേഹത്തിന് ഈ അവസരങ്ങളൊന്നും മുതലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏകദിനത്തില്‍ പിന്തുണച്ചേക്കില്ല. ഇപ്പോള്‍ സര്‍പ്രൈസായി ഉയര്‍ന്നുകേള്‍ക്കുന്നത് തിലക് വര്‍മയുടെ പേരാണ്. നാലാം നമ്പറില്‍ ഇന്ത്യക്കായി കസറാന്‍ മിടുക്കനാണ് തിലകെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയടക്കം തിലകിന്റെ മികവിനെ പ്രശംസിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ മികവ് കാട്ടിയ തിലക് അയര്‍ലന്‍ഡ് പരമ്പരയില്‍ ഫ്‌ളോപ്പാണ്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ താരം രണ്ടാം മത്സരത്തില്‍ ഒരു റണ്‍സുമായി മടങ്ങി. രണ്ട് മത്സരത്തിലും തിലകിന് ശോഭിക്കാനായില്ല. അതുകൊണ്ടുതന്നെ തിലകിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം.