Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ബെസ്റ്റ് ടൈം, ഏഷ്യാ കപ്പിലും കളിക്കും! രാഹുലും ശ്രേയസും ഉടന്‍ തിരിച്ചുവരില്ല

ലോകകപ്പിനുമുമ്പ് ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ സഞ്ജു സാംസണിനു ഇനിയൊരു അവസരം ലഭിക്കില്ലെന്നു നിരാശപ്പെട്ട ആരാധകര്‍ക്കു സന്തോഷ വാര്‍ത്ത. ഈ മാസം അവസാനത്തോടെ പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റിലും സഞ്ജു ടീമിലുണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പ്രധാന ഭീഷണികളായിരുന്ന കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ഉടന്‍ മല്‍സരരംഗത്തേക്കു മടങ്ങി വരില്ലെന്നു വ്യക്തമായിരിക്കുകയാണ്. പരിക്കേറ്റ് മാസങ്ങളോളമായി പുറത്തിരിക്കുന്ന രാഹുലും ശ്രേയസും ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള വിവരം. ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലുമായിരുന്നു.

SANJU SAMSON

പക്ഷെ നേരത്തേ പ്രതീക്ഷിച്ചിരുന്നതു പോലെ രാഹുലും ശ്രേയസും ഇനിയും മാച്ച് ഫിറ്റ്‌നസിലേക്കു തിരികെയെത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധ്യത തീരെ കുറവാണെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഏഷ്യ കപ്പിനു ശേഷം ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നെയാണ്. ഈ പരമ്പരയിലൂടെയായിരിക്കും രാഹുലിന്റെയും ശ്രേയസിന്റെയും തിരിച്ചുവരവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ശ്രേയസ് കളിക്കളത്തിനു പുറത്താണ്. പുറംഭാഗത്തിനേറ്റ പരിക്കു കാരണം താരം ശസ്ത്രക്രിയക്കു വിധേയനായിരുന്നു. തുടര്‍ന്നു ഐപിഎല്ലുള്‍പ്പെടെ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. രാഹുലിനാവട്ടെ ഐപിഎല്ലിനിടെയായിരുന്നു പരിക്കേല്‍ക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിനു ഫീല്‍ഡിങിനിടെയായിരുന്നു പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്നു രാഹുലും ശസ്തക്രിയക്കു വിധേയനാവുകയായിരുന്നു.

രാഹുല്‍ തിരിച്ചെത്തിയാല്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഏഷ്യാ കപ്പിലും തുടര്‍ന്നുള്ള ലോകകപ്പിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നുമായിരുന്നു സൂചനകള്‍. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജുവും ഇഷാന്‍ കിഷനും തമ്മിലായിരുന്നു മല്‍സരം.

വെസ്റ്റ് ഇ്ന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായതോടെ സഞ്ജുവിനെ പിന്തള്ളി ബാക്കപ്പ് റോളിലേക്കു ഇഷാന്‍ ഫേവറിറ്റായി മാറുകയും ചെയ്തിരുന്നു. ഏകദിന പരമ്പരയിലെ മൂന്നു കളിയിലും ഇഷാന്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരുന്നു.

ഏകദിനത്തില്‍ ഇഷാനേക്കാള്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള സഞ്ജുവിന് വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അവസരം ലഭിക്കുമെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. പക്ഷെ ടീം മാനേജ്‌മെന്റിനു കൂടുതല്‍ പ്രിയപ്പെട്ട ഇഷാനാണ് മുന്‍ഗണന ലഭിച്ചത്.

അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കിയ ഇന്ത്യ മൂന്നു മല്‍സരങ്ങളിലും ഓപ്പണിങ് റോള്‍ നല്‍കുകയും ചെയ്തു. തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കുന്നതില്‍ ഇഷാനും വിജയിച്ചു. സഞ്ജുവിന് രണ്ടു അവസരങ്ങളാണ് വിന്‍ഡീസുമായുള്ള പരമ്പരയില്‍ ലഭിച്ചത്.

ആദ്യ മല്‍സരത്തില്‍ തഴയപ്പെട്ട അദ്ദേഹത്തിനു രണ്ടാം ഏകദിനത്തില്‍ ടീമിലേക്കു വിളിയെത്തി. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലേക്കു നറുക്കുംവീണു. പക്ഷെ ഈ സുവര്‍ണാവസരം അദ്ദേഹം പാഴാക്കുകയായിരുന്നു. ഒമ്പത് റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.

KL RAHUL

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഒരവസരം കൂടി സഞ്ജുവിനെ തേടിയെത്തി. ഇത്തവണ നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്യേണ്ടി വന്നത്. ഈ പൊസിഷനില്‍ അദ്ദേഹം കസറുകയും ചെയ്തു. 41 ബോളില്‍ നിന്നും 51 റണ്‍സോടെ അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധയും പിടിച്ചുപറ്റി.

ഇന്ത്യ അടുത്തതായി ഏകദിന ഫോര്‍മാറ്റില്‍ കളിക്കുക ഏഷ്യാ കപ്പിലാണ്. രാഹുലും ശ്രേയസും തിരികെയെത്തുമെന്നതിനാല്‍ സഞ്ജുവിന്റെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ അപ്രതീക്ഷിത വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്.

ഇരുവരുമില്ലെങ്കില്‍ ഇഷാനോടൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും ഏഷ്യാ കപ്പിനു ടീമിനൊപ്പം വിമാനം കയറും. ഏഷ്യാ കപ്പിലും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാനായാല്‍ ലോകകപ്പില്‍ നിന്നും സഞ്ജുവിനെ തഴയുക ടീം മാനേജ്‌മെന്റിനു അസാധ്യമായി തീരും.

Story first published: Thursday, August 3, 2023, 6:44 [IST]
Other articles published on Aug 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+