മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 30ന് ആരംഭിക്കാന്‍ പോവുകയാണ്. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാ കപ്പ് പോരാട്ടം അഭിമാന പ്രശ്‌നമാണെന്ന് പറയാം. ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ടീമുകള്‍. ഇന്ത്യ ശക്തമായ ടീമിനെത്തന്നെയാണ് ഏഷ്യാ കപ്പിനായി കളത്തിലിറക്കുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിരുന്നു. യോയോ ടെസ്റ്റില്‍ മിക്ക ഇന്ത്യന്‍ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് നടത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ യോയോ ടെസ്റ്റിന് വിധേയരാവാത്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
കെ എല്‍ രാഹുലാണ് ഇതിലൊരാള്‍. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും പരിശീലന മത്സരം കളിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരിശീലനത്തില്‍ മികവ് കാട്ടുകയും ചെയ്തതോടെയാണ് ഏഷ്യാ കപ്പിലേക്ക് രാഹുലിനെ പരിഗണിച്ചത്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്ന കാര്യം സെലക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി കെ എല്‍ രാഹുല്‍ തുടരും.
രാഹുലിന് യോയോ ടെസ്റ്റ് നടത്തിയിട്ടില്ല. രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ യോയോ ടെസ്റ്റ് നടത്തി ഫിറ്റ്‌നസ് പ്രശ്‌നം രൂക്ഷമാക്കേണ്ടന്ന് കരുതിയാണ് അദ്ദേഹത്തിന് യോയോ ടെസ്റ്റ് നടത്താത്തതെന്നാണ് വിവരം. ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെങ്കില്‍ രാഹുലിനെ എന്തിനാണ് ടീമില്‍ ഉള്‍ക്കൊള്ളിച്ചതെന്ന ചോദ്യം ഇതിനോടകം ശക്തമായി ഉയര്‍ന്ന് കഴിഞ്ഞു.

ജസ്പ്രീത് ബുംറക്കും യോയോ ടെസ്റ്റ് നടത്തിയിട്ടില്ല. ഇന്ത്യയുടെ സ്റ്റാര്‍ പേസറും വലിയ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. പരിക്കിന് ശേഷം അയര്‍ലന്‍ഡിനെതിരായ പരമ്പരയിലൂടെയാണ് ബുംറ മടങ്ങിയെത്തുന്നത്. മോശമല്ലാത്ത ബൗളിങ് പ്രകടനം പരമ്പരയിലൂടെ താരം നടത്തുകയും ചെയ്തു. എന്നാല്‍ പഴയ മികവ് ഇപ്പോള്‍ ബുംറക്കുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അദ്ദേഹം തിരിച്ചെത്തിയെങ്കിലും 100 ശതമാനം ഫിറ്റാണെന്ന് പറയാറായിട്ടില്ല.
അതുകൊണ്ടാണ് ബുംറക്ക് ഫിറ്റ്‌നസ് പരിശോധന നടത്താത്തത്. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ബുംറയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും. അതുണ്ടാകിതിരിക്കാനാണ് പേസറേയും യോയോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. യുവതാരം തിലക് വര്‍മക്ക് ഏഷ്യാ കപ്പിലേക്ക് വിളി നല്‍കിയത് പോലും അപ്രതീക്ഷിതമായിരുന്നു. തിലകിനും യോയോ ടെസ്റ്റ് നടത്തിയിട്ടില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ യോയോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങിയ തിലക് അയര്‍ലന്‍ഡ് പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും ഏഷ്യാ കപ്പിലേക്ക് വിളിനല്‍കി. മലയാളി താരം സഞ്ജു സാംസണെ ബാക്കപ്പായാണ് ഇന്ത്യ പരിഗണിച്ചത്. 17 അംഗ ടീമില്‍ സഞ്ജുവിന് ഇടമില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് യോയോ ടെസ്റ്റും നടത്തിയിട്ടില്ല. സഞ്ജു പ്ലേയിങ് 11ലെത്താന്‍ സാധ്യതയില്ലാത്തതിനാലാണ് യോയോ ടെസ്റ്റ് നടത്താത്തതെന്ന് പറയാം.
ശുബ്മാന്‍ ഗില്ലാണ് ഇത്തവണത്തെ യോയോ ടെസ്റ്റില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരം. 18.7 ആണ് യുവ ഓപ്പണറുടെ യോയോ ടെസ്റ്റ് സ്‌കോര്‍. വിരാട് കോലിയുടെ യോയോ ടെസ്റ്റ് സ്‌കോര്‍ 17.2 ആണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് യോയോ ടെസ്റ്റില്‍ നടത്തിയത്. എന്ത് വിലകൊടുത്തും ഇത്തവണത്തെ ഏഷ്യാ കപ്പ് അലമാരയിലെത്തിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണെന്ന് പറയാം.