Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഒടുവില്‍ തീരുമാനമായി, സഞ്ജുവിനെ ഇന്ത്യക്കു വേണ്ട! ലോകകപ്പിലും കാണില്ല

ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികളും സഞ്ജു സാംസണിന്റെ ആരാധകരും ഭയപ്പെട്ടതു തന്നെ ഒടുവില്‍ സംഭവിക്കുന്നു. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് സഞ്ജു ഏഷ്യാ കപ്പിലുണ്ടാവില്ലെന്നു സൂചന നല്‍കിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ സ്വാഭാവികമായും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അദ്ദേഹം ടീമില്‍ കാണില്ല.

ഇതോടെ സഞ്ജുവിന്റെ വലിയ രണ്ടു സ്വപ്‌നങ്ങളാണ് ഒറ്റയടിക്ക് പൊലിയാന്‍ പോവുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടക്കാനിരിക്കുകയാണ്. ഈ കാരണത്താലാണ് ടീം പ്രഖ്യാപനം ഇന്ത്യ വൈകിപ്പിച്ചത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ രാഹുലും ശ്രേയസും തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവും.

SANJU SAMSON

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയാല്‍ സ്വയം പഴിക്കുകയല്ലാതെ സഞ്ജുവിന് മറ്റൊന്നും ചെയ്യാനില്ല. കാരണം സമാപിച്ച വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നു. ഏഷ്യാ കപ്പ് ടീം സെലക്ഷനുള്ള അഗ്നിപരീക്ഷ കൂടിയായിരുന്നു ഇത്. പക്ഷെ സഞ്ജു അതില്‍ ദയനീയമായി പരാജയപ്പെട്ടു.

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ നേടിയ 51 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു സ്‌കോര്‍ പോലും അദ്ദേഹത്തിനു എടുത്തു കാണിക്കാനില്ല. ഒരു ഏകദിനത്തില്‍ ഒമ്പതു റണ്‍സിനും സഞ്ജു പുറത്തായി. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മൂന്നു കളിയില്‍ സഞ്ജു ബാറ്റ് ചെയ്തിരുന്നു. 12, 7, 13 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതോടെയാണ് ഏഷ്യാ കപ്പിലേക്കുള്ള സഞ്ജുവിന്റെ വഴിയടഞ്ഞത്.

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 13 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിനു 55.71 എന്ന തകര്‍പ്പന്‍ ശരാശരിയുണ്ട്. എന്നിട്ടും ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടാന്‍ കാരണം രാഹുലിന്റെ സാന്നിധ്യമാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം രാഹുലായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോള്‍ ഇഷാന്‍ കിഷനായിരിക്കും.

SANJU SAMSON

രാഹുല്‍, ശ്രേയസ് എന്നിവരെക്കൂടാതെ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുന്ന മറ്റു താരങ്ങള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുമായിരിക്കും. നിലവില്‍ ഇരുവരും അയര്‍ലാന്‍ഡുമായി ഈയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.

ഈ മാസം 30ന് പാകിസ്താനിലെ മുള്‍ത്താനിലാണ് ഏഷ്യാ കപ്പിനു തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം സപ്തംബര്‍ രണ്ടിനു ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. പാകിസ്താനില്‍ കളിക്കില്ലെന്നു ഇന്ത്യ ഉറച്ച തീരുമാനമെടുത്തതോടെയാണ് ശ്രീലങ്കയുമായി വേദി പങ്കിടാന്‍ പാകിസ്താന്‍ തയ്യാറായത്.

തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2021, 2022 വര്‍ഷങ്ങളില്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റുകളിലും ഇതു സംഭവിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ പാകിസ്താനെതിരേ വിജയം കൊയ്യാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായിരുന്നു.

പക്ഷെ സൂപ്പര്‍ ഫോറില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. പാകിസ്താനു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ പിന്നീട് ശ്രീലങ്കയോടും പരാജയമേറ്റു വാങ്ങി. ഇതോടെ ഫൈനല്‍ കാണാതെ പുറത്താവുകയുമായിരുന്നു.

Story first published: Thursday, August 17, 2023, 10:47 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+