മുംബൈ: ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് അഭിമാന പ്രശ്‌നമാണ്. കരുത്തരുടെ നിരയുമായാണ് ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് പരിക്ക് ഭേദമായി സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയതോടെ ടീം അതി ശക്തരായി മാറിയിട്ടുണ്ട്. എന്നാല്‍ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന താരങ്ങളുടെ ഫോം കണ്ടറിയണം.
ഇന്ത്യന്‍ ടീമിലേക്ക് സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതിനാല്‍ത്തന്നെ പല യുവ സൂപ്പര്‍ താരങ്ങള്‍ക്കും പ്ലേയിങ് 11 ഇടം നേടുക പ്രയാസമായിരിക്കുമെന്ന് പറയാം. ഇത്തരത്തില്‍ ഏഷ്യാ കപ്പില്‍ ഒരു മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം ലഭിക്കാതെ ബെഞ്ചിലേക്ക് ഒതുക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം അക്ഷര്‍ പട്ടേലാണ്. ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജ ടീമിലുള്ളതിനാല്‍ അക്ഷറിന് ബെഞ്ചിലിരിക്കേണ്ടി വരും. ജഡേജയും കുല്‍ദീപ് യാദവുമാവും സ്പിന്നര്‍മാരായി പ്ലേയിങ് 11 എത്തുക. കൂടാതെ ഇന്ത്യ ശര്‍ദ്ദുല്‍ താക്കൂറിന് കൂടുതല്‍ അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ശ്രീലങ്കയിലെ സാഹചര്യത്തില്‍ ശര്‍ദ്ദുലിന്റെ മീഡിയം പേസ് ടീമിന് ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ശര്‍ദ്ദുല്‍ കളിച്ചേക്കും.
അങ്ങനെ വരുമ്പോള്‍ അക്ഷറിന് പുറത്തിരിക്കേണ്ടി വരും. ദുര്‍ബലരായ ഏതെങ്കിലും ടീമിനെതിരേ ജഡേജക്ക് വിശ്രമം നല്‍കി അക്ഷറിന് അവസരം നല്‍കാനുള്ള സാധ്യതയും കുറവാണ്. രണ്ടാമത്തെ താരം പ്രസിദ്ധ് കൃഷ്ണയാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പ്രസിദ്ധിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലെത്തുക പ്രസിദ്ധിന് പ്രയാസമാവും. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ക്കാവും മുന്‍തൂക്കം.

കൂടാതെ ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായുമുണ്ട്. ഇന്ത്യ ശര്‍ദ്ദുല്‍ താക്കൂറിനെയും പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. അങ്ങനെ വന്നാല്‍ പ്രസിദ്ധിന് ടൂര്‍ണമെന്റിലുടെനീളം ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും കളിച്ചേക്കും. ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ സൂര്യ പരിഗണിക്കപ്പെട്ടേക്കും.
അല്ലാത്ത പക്ഷം സൂര്യകുമാര്‍ യാദവ് തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. മധ്യനിരയിലേക്ക് തിലക് വര്‍മയെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം മധ്യനിരയിലുണ്ട്. ഇത് പരിഹരിക്കാന്‍ തിലക് വര്‍മയാണ് ബെസ്റ്റ്. ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാത്ത താരമാണ് തിലക്. എന്നാല്‍ ഇന്ത്യ യുവതാരത്തില്‍ വിശ്വാസം അര്‍പ്പിച്ചേക്കും.
സഞ്ജു സാംസണെ ഇന്ത്യ ബാക്കപ്പ് താരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍, ശ്രേയസ് എന്നിവരുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. ഇവര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനാണ് പദ്ധതി. ആദ്യ മത്സരങ്ങള്‍ രാഹുല്‍ കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാലും സഞ്ജുവിന് പ്ലേയിങ് 11ലെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്)