ഏഷ്യാ കപ്പ് ഈ മാസം 30ന് ആരംഭിക്കാനിരിക്കെ ഇന്ത്യ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിനായാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് അഭിമാന പ്രശ്‌നമായതിനാല്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരങ്ങളെയെല്ലാം ടീമിലേക്ക് തിരികെ എത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പ് കളിച്ചേക്കില്ല. കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ ശ്രേയസ് പൂര്‍ണ്ണ ഫിറ്റ്‌നസോടെയല്ല കാണപ്പെട്ടത്. അതുകൊണ്ടുതന്നെ ശ്രേയസ് ഏഷ്യാ കപ്പ് കളിച്ചേക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുള്ളത്. 'രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. അവന്‍ നന്നായി കീപ്പിങ്ങും ചെയ്യുന്നു. അതേ സമയം സമയം പുറം ഭാഗത്തെ പരിക്കിനാണ് ശ്രേയസിന് ശസ്ത്രക്രിയ നടത്തിയത്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ അവന്‍ 100 ശതമാനം ഫിറ്റാണെന്ന് പറയാനാവില്ല. രണ്ട് പേരുടെയും ഫിറ്റ്‌നസ് നിലവാരം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം താരങ്ങളുടെ ഫിറ്റ്‌നസും വിലയിരുത്തേണ്ടതായുണ്ട്. അതുകൊണ്ടാണ് ടീം പ്രഖ്യാപനം വൈകുന്നത്'- ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ശ്രേയസിനെ നാലാം നമ്പറിലേക്കാണ് ഇന്ത്യ പരിഗണിക്കുന്നത്.
ശ്രേയസിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ സ്വാഭാവികമായും സഞ്ജു സാംസണിന് അവസരം ലഭിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്ന് വിക്കറ്റ് കീപ്പര്‍മാരും ടീമിലുണ്ടാവും. സഞ്ജു സാംസണ്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. നാലാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സഞ്ജുവാണ്.
സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാറിന് വലിയ മികവ് അവകാശപ്പെടാനാവില്ല. സഞ്ജുവിന് 55ന് മുകളില്‍ ശരാശരി ഏകദിനത്തില്‍ അവകാശപ്പെടാനാവും. ശ്രേയസ് കളിക്കാതിരുന്നാല്‍ നാലാം നമ്പറില്‍ ബെസ്റ്റ് സഞ്ജു സാംസണാണെന്നതില്‍ സംശയമില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും തീരുമാനം കണ്ടറിയണം.
എന്തായാലും ശ്രേയസ് കളിക്കാതിരുന്നാല്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഏഷ്യാ കപ്പ് കളിച്ച് മുതലാക്കാനായാല്‍ ഏകദിന ലോകകപ്പിലേക്കും സഞ്ജുവിന് വിളി ലഭിച്ചേക്കും. അതുകൊണ്ടുതന്നെ ഭാഗ്യം സഞ്ജുവിനൊപ്പം നില്‍ക്കുമോയെന്നതാണ് അറിയേണ്ടത്. ശ്രേയസിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ വിടവാണ്. എന്നാല്‍ സഞ്ജുവിന് ആ വിടവ് നികത്താനുള്ള കരുത്തുണ്ട്.
ടീമിലേക്കെത്തിയാലും സഞ്ജുവിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം മോഹിക്കാനാവില്ല. ആ സ്ഥാനത്ത് രാഹുല്‍ തന്നെയുണ്ടാവും. ഇന്ത്യ ചില കടുത്ത പരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സമീപകാലത്തായി നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇന്ത്യ നാലാം നമ്പറില്‍ തിലക് വര്‍മയെ പരിഗണിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ട് തന്നെ തിലകിനെ പരിഗണിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ താല്‍പര്യം കാട്ടിയേക്കും.
ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത താരമാണ് തിലക്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ തിലക് ശ്രദ്ധ നേടിയിരുന്നു. സഞ്ജുവിനെ മറികടന്ന് തിലക് ഏഷ്യാ കപ്പ് ടീമിലേക്കെത്തുമോയെന്നത് കണ്ടറിയാം.