Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുല്‍ തിരിച്ചെത്തി, സഞ്ജുവിനെ പുറത്താക്കി ഇന്ത്യ! കേരളത്തിലേക്ക് മടങ്ങും

പല്ലെക്കെലെ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമില്ലായിരുന്നെങ്കിലും റിസര്‍വ് താരമായി മലയാളി താരത്തെ ഒപ്പം കൂട്ടിയിരുന്നു. കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്ക തുടരുന്ന സാഹചര്യത്തിലായിരുന്നു റിസര്‍വ് താരമായി സഞ്ജുവിനെ പരിഗണിച്ചത്. ഏഷ്യാ കപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും രാഹുല്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് കെ എല്‍ രാഹുല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

രാഹുല്‍ തിരിച്ചെത്തിയതോടെ സഞ്ജു സാംസണിന്റെ റിസര്‍വ് സീറ്റും തെറിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും കെ എല്‍ രാഹുലും എത്തിയതോടെ സഞ്ജുവിനോട് നാട്ടിലേക്ക് മടങ്ങിക്കോളാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നാളെ സഞ്ജു കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ഏഷ്യാ കപ്പ് പൂര്‍ത്തിയാകും വരെ ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ സഞ്ജുവിനെ അനുവദിക്കാതെ പാതിവഴിയില്‍ സഞ്ജുവിനെ ഇന്ത്യ പുറത്താക്കുകയായിരുന്നു.

ഒരു താരത്തിനോടും കാട്ടാന്‍ പാടില്ലാത്ത നെറികേടാണ് സഞ്ജുവിനോട് ടീം മാനേജ്‌മെന്റ് കാട്ടുന്നതെന്ന് പറയാം. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. മികച്ച ഫോമിലായിരുന്നിട്ടും ടീമില്‍ അവസരം ലഭിച്ചില്ല. റിസര്‍വ് താരമായെങ്കിലും ടീമിനൊപ്പം നില്‍ക്കാമെന്ന് ആശ്വസിച്ചിരിക്കവെയാണ് സഞ്ജുവിനെ നാട്ടിലേക്ക് മടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമെത്തുന്ന കെ എല്‍ രാഹുലിനെ നേരിട്ട് ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിക്കും.

പാകിസ്താനെതിരേ 10ാം തീയ്യതിയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പോരാട്ടം. ഇതില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്ക് വിശ്രമം നല്‍കി കെ എല്‍ രാഹുല്‍ കളിച്ചേക്കുമെന്നാണ് വിവരം. അവസാനം കളിച്ച നാല് ഏകദിന മത്സരത്തിലും ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോം പരിഗണിച്ച് ഇഷാന്‍ കിഷന്‍ പ്ലേയിങ് 11ല്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയേക്കും.

sanju samson

സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ സീറ്റുണ്ടാവില്ലെന്ന് സൂചന നല്‍കിയാണ് പാതിവഴിയില്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് പറയാം. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഏഷ്യാ കപ്പിലെ റിസര്‍വ് താരമെന്ന റോളും പോയി. ഏകദിന ലോകകപ്പില്‍ റിസര്‍വ് താരമായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇനി അതിനുള്ള സാധ്യതയും വളരെ കുറവാണ്.

ഇന്ത്യന്‍ ടീമിലെ ഫേവറേറ്റിസത്തിന്റെ ഇരയാണ് സഞ്ജുവെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. രാഹുലിന്റെ ഫോം പോലും പരിശോധിക്കാതെ തിരിച്ചുവരുമ്പോള്‍ തന്നെ പ്ലേയിങ് 11ലേക്ക് വഴി ലഭിക്കുന്നു. എന്നാല്‍ കളിച്ച് ഫോം തെളിയിച്ചിട്ടും സഞ്ജുവിന് റിസര്‍വ് താരമായി പോലും അവസരം ലഭിച്ചിട്ടില്ല. ഇനിയൊരു തിരിച്ചുവരവും സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണെന്ന് പറയാം. ഇന്ത്യന്‍ ടീമിനൊപ്പമുള്ള സഞ്ജുവിന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞാലും തെറ്റാകില്ല.

ഈ വര്‍ഷം അവസാനത്തോടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്തും. ഇതോടെ സഞ്ജുവിന് നിലവില്‍ ലഭിക്കുന്ന അവസരം പോലും ലഭിക്കാതെയാവും. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും റിഷഭ് പന്തിനുമെല്ലാം മോശം ഫോമിലും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ മികച്ച ഫോമില്‍ കളിച്ചിട്ടും സഞ്ജു പടിക്ക് പുറത്ത്. കേരള താരമായതിനാലും പിന്തുണക്കാന്‍ പ്രമുഖര്‍ ഇല്ലാത്തതും സഞ്ജുവിന്റെ കരിയറിനെ പിന്നോട്ടടിക്കുന്നു.

എന്തായാലും സഞ്ജുവിനെ പാതിവഴിയില്‍ ഇന്ത്യ പുറത്താക്കിയതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബിസിസിഐയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മറ്റേതെങ്കിലും ടീമിനുവേണ്ടി കളിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ അപമാനിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതും ബിസിസിഐയില്‍ മുംബൈ ലോബിയാണ് തീരുമാനമെടുക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.

Story first published: Friday, September 8, 2023, 22:31 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+