ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതു മുതല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കരും സംഘവും എയറിലാണ്. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതാണ് ഇതിനു കാരണം. മാത്രമല്ല പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും കെഎല്‍ രാഹുലിനെ എന്തിനു ടീമിലെടുത്തെന്നും പലരും ചോദിക്കുന്നു.
പാകിസ്താനുമായുള്ള ആദ്യത്തെ മല്‍സരമടക്കം ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ രാഹുല്‍ കളിക്കുന്ന കാര്യം സംശയമാണെന്നു അഗാര്‍ക്കര്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് ബാക്കപ്പായി സഞ്ജുവിനെ ടീമിനൊപ്പം കൂട്ടുന്നത്. ടി20യില്‍ സഞ്ജുവിന് ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ലെങ്കിലും ഏകദിനത്തില്‍ തനിക്കു ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായിട്ടുണ്ട്.

2021ല്‍ ഏകദിനത്തില്‍ അരങ്ങറിയ സഞ്ജു 12 ഇന്നിങ്‌സുകളില്‍ നിന്നും 55 ശരാശരിയില്‍ മൂന്നു ഫിഫറ്റികളടക്കം 55.71 ശരാശരിയോടെ 390 റണ്‍സെടുത്തിട്ടുണ്ട്. 104 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. കളിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ നോട്ടൗട്ടായി ക്രീസില്‍ തുടരാനും സഞ്ജുവിനു സാധിച്ചു.
സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ അവസാന കളിയിലും സഞ്ജു ഫിഫ്റ്റി കുറിച്ചിരുന്നു. പക്ഷെ ഇതൊന്നും അദ്ദേഹത്തിനു ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തില്ല.
സഞ്ജുവിനേക്കാള്‍ മോശം ഏകദിന ശരാശരിയുള്ള മുന്‍നിര ബാറ്റര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതായി നമുക്കു കാണാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. ആദ്യത്തെയാള്‍ ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവാണ്. 24 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നും 24 എന്ന മോശം ശരാശരിയില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ലിസ്റ്റിലെ രണ്ടാമത്തെ താരം. വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന്റെ മുഖ്യ എതിരാളിയായ അദ്ദേഹം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശിനെതിരേ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ മറ്റു വലിയ ഇന്നിങ്‌സുകളൊന്നും ഇഷാന് ചൂണ്ടിക്കാണിക്കാനില്ല.

വിന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയിലെ മൂന്നു കളിയിലും ഫിഫ്റ്റി നേടി പ്ലെയര്‍ ഓഫ് ദി സീരീസായതോടെ ഇഷാന്‍ ഏഷ്യാ കപ്പിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. ഏകദിനത്തില്‍ 16 മല്‍സരങ്ങളില്‍ നിന്നും 46 ശരാശരിയുണ്ടെങ്കിലും സഞ്ജുവിനേക്കാള്‍ താഴെയാണ് സ്ഥാനം.
കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നേരത്തേ അദ്ദേഹം ഓപ്പണറായാണ് കളിച്ചുകൊണ്ടിരുന്നതെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ വരവോടെ സ്ഥാനം നഷ്ടമായിരുന്നു. ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് രാഹുല്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 54 മല്‍സരങ്ങളില്‍ ഇതിനകം കളിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 45 ആണ്. അഞ്ചു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഏകദിനത്തില്‍ രാഹുല്‍ നേടുകയും ചെയ്തിട്ടുണ്ട്.
നാലാം നമ്പര്‍ സ്‌പെഷ്യലിസ്റ്റായ ശ്രേയസ് അയ്യരും ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവിനു പിറകിലാണ്. പരിക്കു ഭേദമായി ടീമിലേക്കു മടങ്ങിവന്ന അദ്ദേഹം ഏകദിനത്തില്‍ 20 ഇന്നിങ്‌സുകളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നുള്ള ശരാശരി 46ഉം ആണ്. നാലാമനായി രണ്ടു സെഞ്ച്വറികള്‍ ശ്രേയസ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.