ഏഷ്യാ കപ്പിന്റെ പുതിയ എഡിഷന് ആരവമുയരാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രം. ഏകദിന ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ടൂര്‍ണമെന്റിനു ഈ മാസം 30നാണ് തുടക്കമാവുന്നത്. ഏഷ്യന്‍ ക്രിക്കറ്റിലെ സിംഹാസനത്തിനായി പോരടിക്കുന്നത് ആറു ടീമുകളാണ്. ഇവയില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണ്. നിലവിലെ ചാംപ്യന്‍മാരായ ലങ്ക കിരീടം നിലനിര്‍ത്താനുറച്ച് ഇറങ്ങുമ്പോള്‍ ഇന്ത്യയും പാകിസ്താനും കപ്പില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
ഫൈനലുള്‍പ്പെടെ 17 മല്‍സരങ്ങളാണ് ഏഷ്യാ കപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സപ്തംബര്‍ 17നാണ് ജേതാക്കളെ കണ്ടെത്താനുള്ള കിരീടപ്പോരാട്ടം. പാകിസ്താനുള്‍പ്പെടെ ചില ടീമുകള്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇതു 21ലേക്കു മാറ്റിയെന്നാണ് പുതിയ വിവരം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള സീനിയേഴ്‌സിനെ പൂര്‍ണമായി ഒഴിവാക്കി ഒരു യുവ നിരയെ ടൂര്‍ണമെന്റില്‍ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ആരൊക്കെയാവും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാവുകയെന്നു നോക്കാം. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യന്‍ സംഘത്തിലെ ഓപ്പണര്‍മാര്‍. ഗില്‍ ഇതിനകം ഏകദിനത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ താരവും അദ്ദേഹമാണ്. 12 മല്‍സരങ്ങളില്‍ നിന്നും ഗില്‍ വാരിക്കൂട്ടിയത് 750 റണ്‍സാണ്.
എന്നാല്‍ ജയ്‌സ്വാള്‍ ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ല. ടെസ്റ്റിലും ടി20യിലും അടുത്തിടെ അരങ്ങേറിയ താരം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മധ്യനിരയിലുണ്ടാവുക റുതുരാജ് ഗെയ്ക്വാദ്, പുതുമുഖങ്ങളായ തിലക് വര്‍മ, സായ് സുദര്‍ശന്‍ എന്നിവരായിരിക്കും.
റുതുരാജ് ഏകദിനത്തില്‍ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ടു പേരും ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ശേഷിയുള്ളവരാണ് തിലകും സുദര്‍ശനും. അവസരം ലഭിച്ചാല്‍ ഇരുവരും കസറുമെന്നുറപ്പാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍ മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരിക്കും. സീനിയേഴ്‌സിന്റെ അഭാവത്തില്‍ ഇരുവരുമാണ് ഈ റോളിലേക്കു ബെസ്റ്റ് ഓപ്ഷനുകള്‍. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് സഞ്ജു. ഇഷാനാവട്ടെ ഇതിനകം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി കഴിവ് തെളിയിച്ച ബാറ്ററാണ്.

ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തുക സ്പിന്നര്‍മാര്‍ കൂടിയായ വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദുമായിരിക്കും. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഷഹബാസ് മൂന്നു മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്. വാഷിങ്ടണ്‍ നാലു ഏകദിനങ്ങളില്‍ നിന്നും 21 റണ്‍സും രണ്ടു വിക്കറ്റുകളും നേടുകയും ചെയ്തിട്ടുണ്ട്.
രവി ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയുമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. സീനിയേഴ്‌സായ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചഹലിന്റെയും അഭാവത്തിലാണ് ഇരുവരും ടീമിലേക്കു വരുന്നത്.
ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ജയദേവ് ഉനാട്കട്ട് എന്നിവരാണുള്ളത്. ഇവരെല്ലാം ഇതിനകം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളവരാണ്. ഏറ്റവും അവസാനമായി അരങ്ങേറിയത് മുകേഷാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച പരമ്പരയിലൂടെയായിരുന്നു ഇത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ യുവ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്.