മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആവേശ കാഴ്ചകള്‍ 30ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. ഏഴ് തവണ ഏഷ്യയിലെ രാജാക്കന്മാരായ ടീമാണ് ഇന്ത്യ. എന്നാല്‍ ഇത്തവണ കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. കാരണം ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് കിരീടം ടീമിനെ സംബന്ധിച്ച് അത്യാവശ്യമാണ്.
ശക്തമായ ടീം കരുത്ത് അവകാശപ്പെടാനാവുന്ന ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനെതിരേയാണ്. രണ്ടാം തീയ്യതിയാണ് ലോകം കാത്തിരിക്കുന്ന തീപ്പൊരി പോരാട്ടം. കരുത്തുറ്റ ബൗളിങ് നിരയുള്ള പാകിസ്താനും ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാവും മത്സരം വിലയിരുത്തപ്പെടുക. അവസാനമായി ഇരുടീമും നേര്‍ക്കുനേര്‍ എത്തിയത് അവസാന ടി20 ലോകകപ്പിലായിരുന്നു.

ഇതില്‍ ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും പാകിസ്താന്റെ വരവ്. ആര് ജയിക്കുമെന്ന ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം തീപാറും പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ടോപ് ഓഡറിനെ വിശ്വസിക്കാനാവില്ലെന്നും പ്രധാന മത്സരങ്ങളില്‍ പതറുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. സുപ്രധാന മത്സരങ്ങളില്‍ ടോപ് ഓഡര്‍ മികച്ച സ്‌കോര്‍ നേടേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ പലപ്പോഴും ഇന്ത്യയുടെ ടോപ് ഓഡറിന് ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നാണ് സാബ കരീം പറയുന്നത്. 'ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ്ങാണ് ടീമിന്റെ ശക്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എങ്ങനെയാണ് ഇന്ത്യ ഇത് ഫലപ്രദമായി ആവിഷ്‌കരിക്കുന്നതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് മുമ്പുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തുന്നതായാണ് കാണുന്നത്.
പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. ഇത് ഇന്ത്യന്‍ ടോപ് ഓഡര്‍ പാഠമാക്കേണ്ടതായുണ്ട്. ഏഷ്യാ കപ്പ് മാത്രമല്ല ഇന്ത്യക്ക് മുന്നിലുള്ളത്. ലോകകപ്പ് മുന്നില്‍ക്കണ്ടാവണം ഇന്ത്യ കളിക്കേണ്ടത്. ഇന്ത്യയുടെ ടോപ് ഫോര്‍ സ്ഥിരതയോടെ കളിക്കണം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ അവര്‍ക്ക് തിളങ്ങാന്‍ സാധിക്കണം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ വലിയ താരങ്ങളെല്ലാം അനുഭവസമ്പത്ത് മുതലാക്കി കളിക്കണം.
യുവതാരമായ ശുബ്മാന്‍ ഗില്‍ ഈ വര്‍ഷം മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. അത് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ആവര്‍ത്തിക്കണം. ഇത്തവണ മികച്ച പ്രകടനം യുവതാരങ്ങളില്‍ നിന്ന് ഉണ്ടാവണം'- സാബ കരീം പറഞ്ഞു. പാകിസ്താനെതിരേ ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം നിര്‍ണ്ണായകമാവും. എന്നാല്‍ സമീപകാലത്തെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.
ഷഹീന്‍ ഷാ അഫ്രീദിയുടെ ഇടം കൈ പേസ് ഇന്ത്യന്‍ താരങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടെന്ന് നിസംശയം പറയാം. മികച്ച വേഗവും ലൈനും ലെങ്തുമുള്ള ഷഹീന്‍ തുടക്കത്തിലേ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ നേടി ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ്. ഇതിനെ മറികടക്കാനുള്ള തന്ത്രം ഇന്ത്യന്‍ താരങ്ങള്‍ മെനയേണ്ടിയിരിക്കുന്നു. നെറ്റ്‌സ് പരിശീലനത്തില്‍ ഇടം കൈയന്‍ പേസര്‍മാരെ നേരിടാനാണ് ഇന്ത്യ കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
ഇത്തവണ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ക്ക് തിളങ്ങാനാവാതെ പോയാല്‍ ഇന്ത്യ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നേക്കും. ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ മികച്ച തുടക്കം ലഭിക്കാത്ത പക്ഷം ഇവരും പതറിയേക്കും. ഇത് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചേക്കും. അതുകൊണ്ടുതന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.