ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയെ ഒരിക്കല്‍ക്കൂടി കിരീടത്തിലേക്കു നയിച്ചതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു വമ്പന്‍ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റ് ഫൈനലുകളില്‍ ഇതുവരെ ഒരിക്കല്‍പ്പോലും ഫൈനലില്‍ പരാജയമറിഞ്ഞിട്ടില്ലന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ നിലനിര്‍ത്തിയത്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഒമ്പതാം ഫൈനലായിരുന്നു ഇത്. അതിലും ടീമിനെ ജേതാക്കളാക്കിയ അദ്ദേഹം ഫൈനലില്‍ തനിക്കു പിഴക്കില്ലെന്നു ഒരിക്കല്‍ക്കൂടി ലോകത്തിനു കാണിച്ചു തന്നു.
ഐപിഎല്ലിലുള്‍പ്പെടെയാണ് കളിച്ച ഒമ്പതു ഫൈനലുകളിലും രോഹിത് ഇതിനകം ടീമിനു കിരീടം നേടിക്കൊടുത്തിട്ടുള്ളത്. ജയിച്ച ഒമ്പതു ഫൈനലുകളില്‍ മൂന്നെണ്ണം ടീം ഇന്ത്യക്കൊപ്പമായിരുന്നു. ശേഷിച്ച ആറെണ്ണം മുംബൈ ഇന്ത്യന്‍സിനൊപ്പവുമാണ്. 2013ലെ ഐപിഎല്ലില്‍ മുംബൈയെ ആദ്യമായി ചാംപ്യന്‍മാരാക്കിയാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് പടയോട്ടം തുടങ്ങിയത്. ഇതേ വര്‍ഷം തന്നെ ചാംപ്യന്‍സ് ലീഗ് ടി20യിലും ഹിറ്റ്മാന് കീഴില്‍ ടീം വെന്നിക്കൊടി പാറിച്ചു.

2015, 2017 വര്‍ഷങ്ങളിലെ ഐപിഎല്ലില്‍ രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രോഫികള്‍ ഷെല്‍ഫിലെത്തിച്ചു. 2018ലായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ട്രോഫിയുടെ അക്കൗണ്ട് തുറന്നത്. ഏഷ്യാ കപ്പിലായിരുന്നു ഇന്ത്യന്‍ ടീം ആദ്യമായി രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ വിജയികളായത്.
ഇതേ വര്‍ഷം ശ്രീലങ്ക വേദിയായ നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയെ വിജയികളാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനു ശേഷം 2019, 2020 വര്‍ഷങ്ങളിലെ ഐപിഎല്ലുകളിലും മുംബൈയെ വിജയത്തിലേറ്റാന്‍ രോഹിത്തിനായിരുന്നു. അഞ്ചു ഐപിഎല്‍ ട്രോഫികളുമായി ഹിറ്റ്മാനും മുംബൈയും ഓള്‍ടൈം റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു. പക്ഷെ 2021, 2022 വര്‍ഷങ്ങളില്‍ രോഹിത്തിനു കിരീടങ്ങളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ് (ടി20 ഫോര്‍മാറ്റ്), ഐസിസി ടി20 ലോകകപ്പ് എന്നിവയില്‍ അദ്ദേഹം ടീമിനെ നയിച്ചെങ്കിലും ഫൈനലില്‍ കടന്നില്ല. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലും ടി20 ലോകകപ്പില്‍ സെമി ഫൈനലിലും തോറ്റ് ടീം പുറത്താവുകയായിരുന്നു. എന്നാല്‍ ഇത്തവണ ഏഷ്യാ കപ്പിലൂടെ രോഹിത് തന്റെ കിരീടവരള്‍ച്ചയ്ക്കു വിരാമമിടുന്നതിനൊപ്പം ഒമ്പതാമത്തെ ഫൈനലും ജയിച്ചിരിക്കുകയാണ്.
മറ്റു ചില വമ്പന്‍ റെക്കോര്‍ഡുകള്‍ കൂടി ഏഷ്യാ കപ്പ് നേട്ടത്തോടെ രോഹിത്തിനെ തേടിയെത്തിയിരുന്നു. കൂടുതല്‍ ഐസിസി, ഏഷ്യാ കപ്പ് ട്രോഫികള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഹിറ്റ്മാന്‍ എത്തിയത്. ഇന്ത്യന്‍ കുപ്പായത്തില്‍ ആറാമത്തെ കിരീട വിജയത്തിലാണ് അദ്ദേഹം പങ്കാളിയായത്. ഇതില്‍ നാലെണ്ണം ഏഷ്യാ കപ്പിലായിരുന്നു.

2010, 2016, 2018, 2023 വര്‍ഷങ്ങളിലാണിത്. ഐസിസി ട്രോഫികള്‍ രണ്ടെണ്ണമാണ് രോഹിത് കൈക്കലാക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന അദ്ദേഹം 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ടീമിനൊപ്പം പങ്കാളിയായി. രണ്ടിലും ധോണിയായിരുന്നു ടീമിനെ നയിച്ചത്.
താരമെന്ന നിലയിലും ചില നാഴികക്കല്ലുകള്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരം, ഓപ്പണറെന്ന നിലയില്‍ അതിവേഗം 8000 റണ്‍സെടുത്ത താരം, ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്ത താരം, ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍, ഏഷ്യാ കപ്പില്‍ (ഏകദിന ഫോര്‍മാറ്റ്) കൂടുതല്‍ സിക്‌സറടിച്ച താരം എന്നിവയെല്ലാം ഹിറ്റ്മാന്‍ തന്റെ പേരിലേക്കു മാറ്റിയിരുന്നു.