For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സച്ചിന്റെ ആ റെക്കോര്‍ഡ് തകരും! നോട്ടമിട്ട് ഹിറ്റ്മാന്‍, കോലിയെ തൊടാന്‍ കിട്ടില്ല

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിക്കാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തുടരെ മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 2018ല്‍ ഇന്ത്യ അവസാനമായി ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരായത് രോഹിത്തിനു കീഴിലായിരുന്നു. അന്നു സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ഹിറ്റ്മാന് നായകസ്ഥാനത്തേക്കു നറുക്കുവീഴുകയായിരുന്നു.

പക്ഷെ കഴിഞ്ഞ വര്‍ഷം സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ തന്നെ ടീം പുറത്താവുകയായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ബാറ്ററെന്ന നിലയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.

ROHIT SHARMA

കിരീടനേട്ടത്തോടൊപ്പം അതും കൂടി കൈവരിക്കാനായാല്‍ അദ്ദേഹത്തെ സംബന്ധിച്ച് അതു ഇരട്ടിമധുരമായിരിക്കും. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിന് അരികില്‍ നില്‍ക്കുകയാണ് ഹിറ്റ്മാന്‍. 163 റണ്‍സാണ് 10,000 റണ്‍സ് ക്ലബ്ബിലെത്താന്‍ ഇനി രോഹിത്തിനു വേണ്ടത്. അടുത്ത 21 ഇന്നിങ്‌സുകളും അദ്ദേഹത്തിനു മുന്നിലുണ്ട്.

ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 163 റണ്‍സ് നേടിയാല്‍ രോഹിത്തിനു എലൈറ്റ് ക്ലബ്ബില്‍ അംഗമാവാം. ഏഷ്യാ കപ്പില്‍ ഫൈനല്‍ വരെയെത്താനായാല്‍ പരമാവധി ഇന്ത്യക്കു കളിക്കേണ്ടി വരിക ആറു മല്‍സരങ്ങളായിരിക്കും. ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും തന്നെ 10,000 റണ്‍സ് പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്.

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇതിലൂടെ ഹിറ്റ്മാന്‍ തകര്‍ക്കാനൊരുങ്ങുന്നത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ 10,000 തികച്ച രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് സച്ചിന് അവകാശപ്പെട്ടതാണ്. 259 ഇന്നിങ്‌സുകളാണ് ഈ നാഴികക്കല്ല് പിന്നിടാന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. രോഹിത്താവട്ടെ 237 ഇന്നിങ്‌സുകളില്‍ നിന്നും 9837 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. 48.7 ശരാശരിയില്‍ 89.98 സ്‌ട്രൈക്ക് റേറ്റിലാണിത്.

30 സെഞ്ച്വറികളും മൂന്നു ഡബിള്‍ സെഞ്ച്വറികളും 48 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളുള്ള ലോകത്തിലെ ഏക താരവും രോഹിത്താണ്. കൂടാതെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരില്‍ തന്നെ. ശ്രീലങ്കയ്‌ക്കെതിരേ രോഹിത് കുറിച്ച 264 റണ്‍സെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

SACHIN TENDULKAR

അതേസമയം, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച ക്രിക്കറ്ററെന്ന ലോക റെക്കോര്‍ഡ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ പേരില്‍ ഭദ്രമാണ്. വെറും 205 ഇന്നിങ്‌സുകള്‍ മാത്രമേ ഈ നേട്ടത്തിലെത്താന്‍ കോലിക്കു വേണ്ടി വന്നുള്ളൂ. അധികം വൈകാതെ തന്നെ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സച്ചിനെ പിന്തള്ളി രോഹിത് പുതിയ രണ്ടാംസ്ഥാനക്കാരനായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിവേഗം 10,000 റണ്‍സ് ക്ലബ്ബില്‍ അംഗങ്ങളായ താരങ്ങളെയെടുത്താല്‍ ആദ്യത്തെ മൂന്നു സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇനി രോഹിത് കൂടി ചേരുന്നതോടെ ടോപ് ഫൈവിലെ നാലു പേരും ഇന്ത്യക്കാരായി മാറും. കോലി, സച്ചിന്‍ എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തുള്ളത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്. 263 ഇന്നിങ്‌സുകളിലാണ് ദാദയുടെ നേട്ടം.

ഗാംഗുലിക്കു പിന്നില്‍ നാലാംസ്ഥാനത്തു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ റിക്കി പോണ്ടിങാണ്. 266 ഇന്നിങ്‌സുകളില്‍ നിന്നാണ് പോണ്ടിങ് 10,000 തികച്ചത്. അദ്ദേഹത്തിനു പിന്നിലുള്ള രണ്ടു പേര്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമാണ്. കാലിസ് 272 ഇന്നിങ്‌സുകളും ധോണി 273 ഇന്നിങ്‌സുകളുമാണ് കളിച്ചത്.

Story first published: Wednesday, August 30, 2023, 12:06 [IST]
Other articles published on Aug 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+