Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പോണ്ടിങ്ങിന്റെ 'ചീട്ടുകീറാന്‍' രോഹിത്, വമ്പന്‍ റെക്കോഡ് കാത്തിരിക്കുന്നു! പൊളിക്കും

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആരംഭമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനും നേപ്പാളും തമ്മിലാണ് പോരടിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം സെപ്തംബര്‍ 2ന് പാകിസ്താനെതിരേയാണ്. അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യ ഇത്തവണ കപ്പോടെ മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യാ കപ്പ് കിരീടം നേടുക ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യക്കൊപ്പം കരുത്തുറ്റ താരനിര ഇത്തവണയുണ്ട്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ഇത് മൂന്നാം തവണയാണ് ഇന്ത്യയെ രോഹിത് ഏഷ്യാ കപ്പില്‍ നയിക്കുന്നത്. ഇത്തവണ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ചില ഗംഭീര റെക്കോഡുകള്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്ങിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് ഹിറ്റ്മാനെ പ്രധാനമായും കാത്തിരിക്കുന്നത്.

rohit sharma

നിലവില്‍ 30 സെഞ്ച്വറികളാണ് ഏകദിനത്തില്‍ രോഹിത് നേടിയത്. പോണ്ടിങ്ങും ഏകദിനത്തില്‍ 30 സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറി നേടാനായാല്‍ റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയുള്ളവരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിനാവും. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമാണ് രോഹിത്തിന് മുന്നിലുള്ളത്. ഒരു സെഞ്ച്വറിയകലെ പോണ്ടിങ്ങിനെ മറികടക്കാന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

2018ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഏഷ്യാ കപ്പ് കളിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഏകദിന ഫോര്‍മാറ്റിലായിരുന്നു ഇത്. ഇത്തവണയും ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇത്തവണ ഇന്ത്യയെ കപ്പിലേക്കെത്തിക്കാനായാല്‍ ഇന്ത്യക്ക് രണ്ട് ഏഷ്യാ കപ്പ് (ഏകദിന ഫോര്‍മാറ്റില്‍) നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡില്‍ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പമെത്താന്‍ രോഹിത്തിനാവും.

39 വര്‍ഷത്തെ ചരിത്രത്തില്‍ അസ്ഹറുദ്ദീന്‍ മാത്രമാണ് ഏകദിന ഫോര്‍മാറ്റില്‍ രണ്ട് ഏഷ്യാ കപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസരം രോഹിത്തിനെ കാത്തിരിക്കുന്നു. ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ട് തവണ ഏഷ്യയിലെ രാജാക്കന്മാരായിട്ടുണ്ടെങ്കിലും ഒരു തവണ ടി20 ഫോര്‍മാറ്റിലായിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ പേരുചേര്‍ക്കാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. 22 ഏഷ്യാ കപ്പ് മത്സരത്തില്‍ നിന്ന് 745 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 971 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. ഇത്തവണ 227 റണ്‍സ് നേടാനായാല്‍ സച്ചിന്‍ റെക്കോഡിനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ ഹിറ്റ്മാനാവും. ശ്രീലങ്കയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം രോഹിത്തില്‍ നിന്ന് പ്രതീക്ഷിക്കാം.

ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. 28 മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത്. 22 മത്സരമാണ് രോഹിത് കളിച്ചിട്ടുള്ളത്. ഏഴ് മത്സരം കളിക്കാനായാല്‍ ജയവര്‍ധനയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിന് സാധിക്കും.

ഏകദിനത്തില്‍ 10000 റണ്‍സ് ക്ലബ്ബിലെത്താനുള്ള അവസരവും രോഹിത്തിനെ കാത്തിരിക്കുന്നു. ഈ നേട്ടത്തിലേക്കെത്താന്‍ 163 റണ്‍സാണ് രോഹിത്തിന് വേണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരെല്ലാം ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലെത്താനുള്ള അവസരമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ ഏഷ്യാ കപ്പിലൂടെത്തന്നെ ഈ അഭിമാന നേട്ടത്തില്‍ പേരുചേര്‍ക്കാന്‍ രോഹിത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, August 30, 2023, 16:12 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+