ഏഷ്യ കപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന സൂപ്പര്‍ ഫോര്‍ പോരില്‍ വമ്പന്‍ റെക്കോര്‍ഡ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ പാകിസ്താനെതിരേ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. പാകിസ്താന്റെ ന്യൂബോള്‍ പേസാക്രമണത്തിനു മുന്നില്‍ പതറിയ ഹിറ്റ്മാന്‍ 11 റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു. 22 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെയായിരുന്നു ഇത്.
ഷഹീന്‍ അഫ്രീഡിയുടെ കിടിലനൊരു ഇന്‍സ്വിങറില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് ക്രീസ് വിട്ടത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും രോഹിത് ക്രീസിലെത്തുന്നത്. ഷഹീന്‍, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയത്തിന്റെ ഭീഷണി പവര്‍പ്ലേയില്‍ അതിജീവിക്കാനായാല്‍ വലിയൊരു സ്‌കോര്‍ തന്നെ രോഹിത്തിനു പടുത്തുയര്‍ത്താന്‍ സാധിക്കും.

മൂന്നു പേരില്‍ ഇടംകൈയനായ ഷഹീനായിരിക്കും അദ്ദേഹത്തിനു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്നത്. പാകിസ്താനുമായുള്ള ഈ കളിയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് രോഹിത്. ഏകദിനത്തില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനു അരികിലാണ് ഹിറ്റ്മാന്‍.
പാക് പടയ്‌ക്കെതിരേ 78 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാവും. നിലവില്‍ ഏറ്റവും കുറച്ചു ഇന്നിങ്‌സുകളില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമന്ന ലോക റെക്കോര്‍ഡ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. വെറും 205 ഇന്നിങ്‌സുകള്‍ മാത്രമേ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (259 ഇന്നിങ്‌സ്), മുന്‍ നായകന്‍ സൗരവ് ഗാംഗുലി (263 ഇന്നിങ്‌സ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രോഹിത് ശര്‍മയുടെ സമ്പാദ്യം 239 ഇന്നിങ്‌സുകളില്‍ നിന്നും 9922 റണ്‍സാണ്. ശേഷിച്ച 19 ഇന്നിങ്‌സുകളില്‍ നിന്നും 78 റണ്‍സെടുത്താലും ഗാംഗുലി, സച്ചിന്‍ എന്നിവരെയെല്ലാം പിന്തള്ളി രോഹിത്തിന് റെക്കോര്‍ഡിടാം.
ഇത്രയും ഇന്നിങ്‌സുകള്‍ക്കു കാത്തുനില്‍ക്കാതെ ബദ്ധവൈരികളായ പാകിസ്താനെതിരേ തന്നെ ഇത്രയും റണ്‍സ് നേടി ചരിത്രം കുറിക്കാനായാല്‍ അതു രോഹിത്തിനെ സംബന്ധിച്ച് ഇരട്ടി മധുരമായി മാറും.
ഏകദിന കരിയറെടുക്കുകയാണെങ്കില്‍ 48.88 എന്ന മികച്ച ശരാശരിയോടെയാണ് രോഹിത് 9922 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. മൂന്നു ഡബിള്‍ സെഞ്ച്വറികളും 30 സെഞ്ച്വറികളും 49 ഫിഫ്റ്റകളും ഉള്‍പ്പെടെയാണിത്. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ലോകത്തിലെ ഏക താരമാണ് രോഹിത്.

കൂടാതെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാണ്. ശ്രീലങ്കയുമായുള്ള കളിയിലായിരുന്നു 264 റണ്‍സുമായി രോഹിത് ലോക റെക്കോര്‍ഡിട്ടത്.
10,000 റണ്‍സ് റെക്കോര്‍ഡ് മാത്രമല്ല സിക്‌സറിന്റെ കാര്യത്തിലും ലോക റെക്കോര്‍ഡ് രോഹിത്തിനെ കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് നിലവില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്.
ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഹിറ്റ്മാന് ഇനി വേണ്ടത് 15 സിക്‌സറുകള്‍ മാത്രമാണ്. ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യ ഫൈനല്‍ വരെയെത്തിയാല്‍ രോഹിത് ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.