പല്ലെക്കെലെ: ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയേയും കടത്തിവെട്ടാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ 10 തവണ 50ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയത്. നേപ്പാളിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് ചരിത്ര നേട്ടത്തില്‍ രോഹിത് പേരുചേര്‍ത്തത്.
ഒമ്പത് തവണയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടത്തിലെത്തിയത്. എട്ട് തവണയാണ് വിരാട് കോലിക്ക് ഈ നേട്ടത്തിലേക്കെത്താനായത്. മത്സരത്തിന് മുമ്പുവരെ സച്ചിനൊപ്പമായിരുന്നു രോഹിത്. നേപ്പാളിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് സച്ചിനെ മറികടക്കാന്‍ ഹിറ്റ്മാന് സാധിച്ചത്. പാകിസ്താനെതിരേ നിരാശപ്പെടുത്തിയ രോഹിത്തിന് നേപ്പാളിനെതിരായ മത്സരം ഗംഭീര തിരിച്ചുവരവാണ് നല്‍കിയത്. തുടക്കത്തിലേ അല്‍പ്പം പ്രയാസപ്പെട്ട രോഹിത് പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു.

ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. സിക്‌സറില്‍ വമ്പന്‍ റെക്കോഡ് നേടാനും രോഹിത്തിനായി. ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലാണ് രോഹിത് തലപ്പത്തേക്കെത്തിയിരിക്കുന്നത്. 17 സിക്്‌സുമായി സുരേഷ് റെയ്‌നയായിരുന്നു ഈ റെക്കോഡില്‍ മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ നേപ്പാളിനെതിരേ രണ്ട് സിക്‌സര്‍ പായിച്ചതോടെ റെയ്‌നയെ മറികടന്ന് രോഹിത് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തുകയായിരുന്നു. 26 സിക്‌സര്‍ പറത്തിയ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയാണ് ഏഷ്യാ കപ്പില്‍ (ഏകദിനം) കൂടുതല്‍ സിക്‌സര്‍ പറത്തിയ താരം. ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ പായിക്കുന്നവരില്‍ മൂന്നാം സ്ഥാനത്തുള്ള ഹിറ്റ്മാന്‍ 250 സിക്‌സുകളെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്.
331 സിക്‌സുകളുമായി ക്രിസ് ഗെയ്ല്‍ ഏകദിന സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 270 സിക്‌സുകളുമായി സനത് ജയസൂര്യ രണ്ടാം സ്ഥാനത്താണ്. അധികം വൈകാതെ ജയസൂര്യയുടെ റെക്കോഡ് തകര്‍ക്കാന്‍ ഹിറ്റ്മാന് സാധിച്ചേക്കും. എന്നാല്‍ ഗെയ്‌ലിനെ എത്തിപ്പിടിക്കുക കടുപ്പമായിരിക്കും. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കൂടുതല്‍ തവണ നേടുന്നവരില്‍ സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരോടൊപ്പമെത്താനും രോഹിത്തിനായി.
മൂന്ന് പേരും ഒമ്പത് തവണയാണ് ഈ നേട്ടത്തിലെത്തിയത്. 16 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 11 തവണ വീതം ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവര്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് സൂപ്പര്‍ ഫോറിലേക്കെത്താനും ഇന്ത്യക്കായി. നായകന്‍ രോഹിത് ശര്‍മ 59 പന്തില്‍ 6 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചു. ശുബ്മാന്‍ ഗില്‍ 62 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സും നേടി. സൂപ്പര്‍ ഫോറിനിറങ്ങും മുമ്പ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ബാറ്റിങ് പ്രകടനമാണ് രോഹിത്തും ശുബ്മാനും കാഴ്ചവെച്ചത്.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡെല്‍, സോംപാല്‍ കാമി, ഗുല്‍സന്‍ ജാ, ബീം ഷാര്‍ക്കി, ദീപേന്ദ്ര സിങ് ഐറി, കുശാല്‍ മല്ല, സന്ദീപ് ലാമിച്ചാനെ, കരണ്‍ കെസി, ലളിത് രാജ്ബന്‍ഷി