For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സച്ചിനെ പിന്നിലാക്കി ഹിറ്റ്മാന്‍, സിക്‌സറിലൂടെ ചരിത്ര നേട്ടം! മുന്നില്‍ കിങ് കോലി

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടുകയാണ് ഇന്ത്യ. മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കവും ടീമിന് നല്‍കി. തകര്‍പ്പന്‍ ഷോട്ടുകളുമായി തുടങ്ങിയ രോഹിത് വമ്പനൊരു റെക്കോഡ് പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഏകദിനത്തില്‍ 10000 റണ്‍സ് ക്ലബ്ബിലേക്കാണ് രോഹിത് പേരുചേര്‍ത്തിരിക്കുന്നത്. കസുന്‍ രജിതയെ സിക്‌സര്‍ പായിച്ചാണ് ഹിറ്റ്മാന്‍ എലൈറ്റ് ക്ലബ്ബിലേക്ക് കാലെടുത്തുവെച്ചത്.

വേഗത്തില്‍ 10000 ഏകദിന റണ്‍സ് നേടുന്ന താരങ്ങളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാനും രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. 241ാം ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ഈ ചരിത്ര നേട്ടത്തിലേക്കെത്തിയത്. 259 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിനെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. 205 ഇന്നിങ്‌സില്‍ നിന്ന് 10000 ഏകദിന റണ്‍സിലേക്കെത്തിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ഏകദിനത്തിലെ ഇതിഹാസമെന്ന പദവി തനിക്ക് അലങ്കാരമല്ലെന്ന് തെളിയിക്കുന്ന റെക്കോഡുകള്‍ ഇതിനോടകം സ്വന്തമാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളാണ് രോഹിത് ശര്‍മ നേടിയത്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും ഹിറ്റ്മാന്റെ പേരിലാണ്. കഴിഞ്ഞിടെ രോഹിത്തിന്റെ പ്രകടനം അല്‍പ്പം പിന്നോട്ട് പോയിരുന്നു.

രോഹിത് വഴിമാറേണ്ട സമയമായി എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ ഗംഭീര പ്രകടനംകൊണ്ട് കൈയടി നേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. പാകിസ്താനെതിരേ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശ്രീലങ്കയ്‌ക്കെതിരേയും പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ടീമിന് നല്‍കിയിരിക്കുന്നത്. ഓപ്പണറായ ശേഷമാണ് രോഹിത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. ഏകദിനത്തില്‍ ആദ്യത്തെ 2000 റണ്‍സ് നേടാന്‍ 82 ഇന്നിങ്‌സാണ് രോഹിത്തിന് വേണ്ടിവന്നത്. എന്നാല്‍ പിന്നീടുള്ള 8000 റണ്‍സ് നേടാന്‍ 159 ഇന്നിങ്‌സാണ് രോഹിത്തിന് വേണ്ടിവന്നത്.

rohit, shubman gill

ഹിറ്റ്മാനെന്ന പേര് തനിക്ക് എന്തുകൊണ്ടുചേരുന്നുവെന്ന് തെളിയിച്ച് സിക്‌സറിലൂടെ ഈ നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 49ന് മുകളില്‍ ശരാശരിയിലും 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് ഏകദിന കരിയറില്‍ ശോഭിക്കുന്നത്. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്.

ശ്രീലങ്കയ്‌ക്കെതിരേ ഗംഭീര റെക്കോഡുള്ള താരമാണ് രോഹിത്. രണ്ട് ഇരട്ട സെഞ്ച്വറികളും ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം നേടിയത്. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയുടെ ഓവറില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ കത്തിക്കയറാന്‍ രോഹിത്തിന് സാധിച്ചു. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടാണ് രോഹിത് സൃഷ്ടിക്കുന്നത്. ഏകദിനത്തില്‍ ഇരുവരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്.

90ന് മുകളിലാണ് ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ശരാശരി. നാല് വീതം സെഞ്ച്വറിയും ഫിഫ്റ്റിയും ഈ കൂട്ടുകെട്ടില്‍ പിറന്നു. ഏകദിന ലോകകപ്പിന് മുമ്പ് ഇരുവരുടേയും പ്രകടനം ഇന്ത്യക്ക് കരുത്താവുന്നതാണ്. പാകിസ്താനെതിരേ 121 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. ഇത് മുതലാക്കിയാണ് പിന്നാലെയെത്തിയ വിരാട് കോലിയും കെ എല്‍ രാഹുലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്, വീരേന്ദര്‍ സെവാഗ്-ഗൗതം ഗംഭീര്‍ എന്നീ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ക്ക് ശേഷം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ രോഹിത്-ഗില്‍ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും ഇരുവരും ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യക്ക് ലോകകപ്പിലേക്ക് പോകാനാവും.

Story first published: Tuesday, September 12, 2023, 16:05 [IST]
Other articles published on Sep 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+