കാന്‍ഡി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് കാത്തിരിക്കേണ്ടത്. സൂപ്പര്‍ പോരാട്ടത്തിനെ വരവേല്‍ക്കാന്‍ ആരാധകര്‍ തയ്യാറെടുത്തുകഴിഞ്ഞു. സമ്മര്‍ദ്ദത്തിന്റെ അത്യുന്നതം കാണുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. നേപ്പാളിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താന്റെ വരവ്. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 മാറ്റമില്ലാതെയാവും പാകിസ്താന്‍ ഇറങ്ങുക.
ഇനി ഇന്ത്യയുടെ പ്ലേയിങ് 11നാണ് അറിയേണ്ടത്. കെ എല്‍ രാഹുലിന്റെ അഭാവത്തോടെ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പമായി മാറിയിരിക്കുകയാണ്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന് മുന്‍തൂക്കം ലഭിക്കും. എന്നാല്‍ ഇഷാനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കേണ്ടി വരും. അല്ലാത്ത പക്ഷം ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ പൊളിക്കേണ്ടി വരും. പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ എങ്ങനെയാവും ഇന്ത്യ പ്ലേയിങ് 11നെ കളത്തിലിറക്കുക?
നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍. രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ദേശിച്ച ജാഫര്‍ നാലാം നമ്പറില്‍ വിരാട് കോലി കളിക്കണമെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 'ഇന്ത്യയുടെ ടോപ് ഓഡറിലേക്ക് വരുമ്പോള്‍ രോഹിത് ശര്‍മ-ഇഷാന്‍ കൂട്ടുകെട്ട് ഓപ്പണിങ്ങിനെയാവും നിര്‍ദേശിക്കുക. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിക്കേണ്ടത്.
വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും ഹാര്‍ദിക് ആറാം നമ്പറിലും കളിക്കണം. ജഡേജ ഏഴാമനായി ഇറങ്ങണം. എട്ടാം നമ്പറില്‍ ശര്‍ദ്ദുല്‍ താക്കൂറിനെ പരിഗണിക്കണം. കാരണം ബാറ്റിങ്ങും ബൗളിങ്ങും പരിഗണിക്കേണ്ടതായുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് വേണ്ടത്. ഹാര്‍ദിക്കും അവിടെയുണ്ട്. ആദ്യ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ക്കുള്ളില്‍ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്'-ജാഫര്‍ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11നെയാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയാം. രാഹുലിന്റെ അഭാവത്തില്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'രോഹിത് ശര്‍മ-ഷഹീന്‍ ഷാ അഫ്രീദി പോരാട്ടം നിര്‍ണ്ണായകമാവും. എന്നാല്‍ ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരുടെ പാക് പേസര്‍മാര്‍ക്കെതിരായ പ്രകടനം നിര്‍ണ്ണായകമായി മാറും.
ആദ്യത്തെ 15-20 ഓവറിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക'-ജാഫര്‍ പറഞ്ഞു. ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ പ്രകടനത്തെ ഇന്ത്യ ഭയക്കണം. മികച്ച സ്വിങ് കൈവശമുള്ള ബൗളറാണ് ഷഹീന്‍. തുടക്കത്തിലേ സ്റ്റംപിന് ആക്രമിക്കുന്ന ഷഹീന്റെ പ്രകടനം ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ ഭീഷണിയാണ്. സമീപകാലത്ത് നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ്ങിനെ വിറപ്പിക്കാന്‍ ഷഹീന് സാധിച്ചിരുന്നു.
ഹാരിസ് റഊഫ്, നസീം ഷാ പേസാക്രമണവും ഇന്ത്യയെ ഭയപ്പെടുത്തും. ഹാരിസും നസീമും തുടര്‍ച്ചയായി മണിക്കൂറില്‍ 150 വേഗം കുറിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ ബൗളിങ് പ്രകടനത്തേയും ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. ഇന്ത്യയുടെ പേസ് കരുത്തും മോശമല്ല. അനുഭവസമ്പന്നരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. എന്നാല്‍ മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കുക പ്രയാസമാണ്.
'പാകിസ്താന്റെ ഷഹീനും നസീമും ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്യുന്നവരാണ്. എന്നാല്‍ ഇന്ത്യയുടെ വാലറ്റത്തിന് ഇത്തരമൊരു ബാറ്റിങ് കരുത്ത് അവകാശപ്പെടാനാവില്ല. ഷമി ബാറ്റുചെയ്യുമെങ്കിലും ഷഹീനാണ് മിടുക്കന്‍. 50 ഓവര്‍ ഫോര്‍മാറ്റില്‍ വാലറ്റവും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യേണ്ടതായുണ്ട്. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് നോക്കുമ്പോള്‍ ബുംറ, ഷമി, സിറാജ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനാവില്ല'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.