ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ വമ്പന്‍ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമുള്‍പ്പെട്ട സൂപ്പര്‍ ജോടി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സഖ്യമായി ഇരുവരും മാറിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റിങ് ജോടികളായ ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവരുടെ പേരിലുള്ള ലോക റെക്കോര്‍ഡാണ് ഇന്ത്യന്‍ സഖ്യം പഴങ്കഥയാക്കിയത്.
നേരത്തേ ഗ്രീനിഡ്ജ്- ഹെയ്ന്‍സ് സഖ്യം 97 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 5000 തികച്ചത്. ഇതാണ് ഇന്ത്യയുടെ സൂപ്പര്‍ ജോടിക്കു മുന്നില്‍ വഴിമാറിയത്. രോഹിത്- കോലി ജോടിക്കു 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വെറും 86 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ (104 ഇന്നിങ്‌സ്), ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍- കുമാര്‍ സങ്കക്കാര (104), രോഹിത്-ശിഖര്‍ ധവാന്‍ (112) ജോടികളാണ്.

ഏകദിനത്തില്‍ കുറഞ്ഞത് 4000 റണ്‍സെങ്കിലും നേടിയിട്ടുള്ള 13 ജോടികളെ എടുക്കുകയാണെങ്കില്‍ അക്കൂട്ടത്തില്‍ ഏറ്റവും മികച്ച ശരാശരിയുള്ളത് രോഹിത്- കോലി സഖ്യത്തിനാണ്. 86 ഇന്നിങ്‌സുകളില്‍ നിന്നും 62.57 എന്ന ഞെട്ടിക്കുന്ന ശരാശരിയോടെയാണ് ഇന്ത്യന്‍ ജോടി 5000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 18 സെഞ്ച്വറി കൂട്ടുകെട്ടുകളും 15 ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടും.
ഈ മല്‍സരത്തിനിറങ്ങുമ്പോള്‍ 5000 റണ്‍സ് ക്ലബ്ബിലെത്താന്‍ രോഹിത്- കോലി ജോടിക്കു വെറും രണ്ടു റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. 12ാം ഓവറിലെ ആദ്യ ബോളില്‍ ശുഭ്മന്‍ ഗില്‍ പുറത്തായ ശേഷമാണ് മൂന്നാമനായി കോലി ക്രീസിലെത്തിയത്. മൂന്നാത്തെ ബോളില്‍ ദുനിത് വെല്ലലെഗയ്‌ക്കെതിരേ കോലി ഡബിള്‍ നേടിയതോടെ രോഹിത്- കോലി ജോടി 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ നടക്കുന്ന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ടോസിനു ശേഷം രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 133 റണ്‍സെന്ന നിലയിലാണ്. കെഎല്‍ രാഹുലും (22) ഇഷാന്‍ കിഷനുമാണ് (19) ക്രീസിലുള്ളത്.
പാകിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഈ മല്‍സത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു നാലു പോയിന്റുമായി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷന്‍ക (ക്യാപ്റ്റന്‍), ദുനിത് വെല്ലലെഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരാന.