ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികള്‍ തങ്ങള്‍ തന്നെയാണെന്നു തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ സഖ്യം. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുളള സൂപ്പര്‍ ഫോറിലെ വമ്പന്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇരുവരും ചേര്‍ന്നു ടീമിനു നല്‍കിയത്. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടത് രോഹിത്-ഗില്‍ ജോടിയായിരുന്നു.
കൊളംബോയില്‍ നടക്കുന്ന മല്‍സരത്തില്‍ 121 റണ്‍സാണ് രോഹിത്- ഗില്‍ ജോടി ആദ്യ വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. വെറും 93 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഇതിനിടെ രണ്ടു പേരും ഫിഫ്റ്റികള്‍ കുറിക്കുകയും ചെയ്തു. 56 റണ്‍സെടുത്ത രോഹിത് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 49 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും നാലു സിക്‌സറുകളുമടിച്ചു. ഗില്‍ 58 റണ്‍സെടുത്തും മടങ്ങുകയായിരുന്നു. 52 ബോളുകളുള്ള താരത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളുണ്ടായിരുന്നു.

ഈ മല്‍സരത്തിലെ സെഞ്ച്വറി കൂട്ടുകെട്ടോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും എത്തിയിരിക്കുകയാണ് രോഹിത്- ഗില്‍ സഖ്യം. ഏഷ്യാ കപ്പില്‍ കൂടുതല്‍ സെഞ്ച്വറി കൂട്ടുകളുണ്ടാക്കിയ ഇന്ത്യന്‍ ജോടിയെന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിരാട് കോലി സഖ്യത്തിനൊപ്പമാണ് രോഹിത്-ഗില്‍ ജോടി എത്തിയത്. രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഈ സഖ്യങ്ങളുടെ പേരിലുള്ളത്.
രോഹിത്തും ഗില്ലും ആദ്യമായി ഒരുമിച്ച് കളിച്ച ടൂര്‍ണമെന്റാണ് ഇത്തവണത്തത്. നേരത്തേ നേപ്പാളുമായുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തിലും ഇവര്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപക്രാരം ഇന്ത്യ പത്തു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ രോഹിത്- ഗില്‍ ജോടി 147 റണ്‍സ് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തിരുന്നു.
ഏകദിനത്തില്‍ രോഹിത്- ഗില്‍ സഖ്യത്തിന്റെ ഓപ്പണിങ് വിക്കറ്റിലെ പ്രകടനമെടുത്താല്‍ അതു ഗംഭീരമാണെന്നു കാണാം. ഇതുവരെ 11 ഇന്നിങ്‌സുകളിലാണ് ഈ സഖ്യം ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 96.60 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 966 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. നാലു സെഞ്ച്വറി കൂട്ടുകെട്ടുകളും എട്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടും. ഒരിന്നിങ്‌സില്‍ മാത്രമേ ഈ സഖ്യം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ.

രോഹിത്- ഗില്‍ ജോടിയുടെ ഇതുവരെയുള്ള ഏകദിനത്തിലെ കൂട്ടുകെട്ടുകള്‍ എടുക്കുകയാണെങ്കില്‍ 143 റണ്‍സ്, 33, 96, 60, 72, 212, 3, 65, 15, 15, 147*, 121 എന്നിങ്ങനെയാണ് സ്‌കോറുകള്‍. നേരത്തേ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ് ജോടി രോഹിത് - ശിഖര്‍ ധവാന്‍ സഖ്യമായിരുന്നു.
ഈ ജോടി തന്നെ ഈ വര്‍ഷത്തെ ലോകകപ്പിലും ടീമിനായി ഓപ്പണ്‍ ചെയ്യുമെന്നിരിക്കെയാണ് ധവാനെ പുറത്താക്കി ഗില്‍ ഈ സ്ഥാനം തട്ടിയെടുത്തത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ അദ്ദേഹം ഈ റോള്‍ തന്റെ പേരില്‍ ഭദ്രമാക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. 24.1 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്. 17 റണ്‍സുമായി കെഎല്‍ രാഹുലും എട്ടു റണ്‍സെടുത്ത വിരാട് കോലിയുമാണ് ക്രീസിലുള്ളത്. 38 ബോളില്‍ 24 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.