Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: റിങ്കുവിനെ ഉറപ്പായും ഇന്ത്യന്‍ ടീമിലെടുക്കണം, അറിയാം കാരണങ്ങള്‍

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ് യുവതാരം റിങ്കു സിങ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഫിനിഷറുടെ റോളില്‍ അദ്ദേഹം കസറിയിരുന്നു. പരാജയത്തിന്റെ വക്കില്‍ നിന്നും പല മല്‍സരങ്ങളിലും കെകെആറിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ റിങ്കുവിനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ 20ാം ഓവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തി കെകെആറിനു അദ്ദേഹം അവിശ്വസനീയ വിജയമാണ് സമ്മാനിച്ചത്.

സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും ഇടംകൈയന്‍ ബാറ്ററായ റിങ്കുവായിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെ 149 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയും മികച്ച പ്രകടനമാണ് റിങ്കു നടത്തിക്കൊണ്ടിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 50 മല്‍സരങ്ങളില്‍ നിന്നും 53 ശരാശരിയും 95 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഒരു സെഞ്ച്വറിയും 16 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

RINKU SINGH

വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു റിങ്കുവിനെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിന്‍ഡീസിനെതിരേ മാത്രമല്ല അതിനു ശേഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കു മികച്ചൊരു ഫിനിഷറെ ആവശ്യമാണ് എന്നതാണ് റിങ്കുവിനെ ടീമിലുള്‍പ്പെടുത്താനുള്ള ആദ്യത്തെ കാരണം. കഴിഞ്ഞ ഐപിഎല്ലിലൂടെ തന്റെ ഫിനിഷിങ് മികവ് തെളിയിച്ച താരമാണ് റിങ്കു. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച ഫിനിഷര്‍ അദ്ദേഹമായിരുന്നു.

ഡെത്ത് ഓവറുകളില്‍ തീപ്പൊരി ബാറ്റിങായിരുന്നു റിങ്കു പുറത്തെടുത്തത്. അവസാനത്തെ നാലോവറില്‍ 194 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് വാരിക്കൂട്ടിയത്. 12 തവണയാണ് ഡെത്ത് ഓവറുകളില്‍ റിങ്കുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 20 സിക്‌സറുകള്‍ അടിച്ചെടുക്കുകയും ചെയ്തു.

ഏതു പ്രതിസന്ധി ഘട്ടത്തിലും സമ്മര്‍ദ്ദത്തിലേക്കു വീഴാതെ വളരെ കൂളായി ബാറ്റ് ചെയ്യാനുള്ള കഴിവാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഇന്ത്യന്‍ ടീമിനും ഇങ്ങനെയൊരാളെയാണ് ഇപ്പോള്‍ ആവശ്യമുള്ളത്. നേരത്തേ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വഹിച്ച റോളിലാണ് റിങ്കുവിനെ ഇന്ത്യക്കു വളര്‍ത്തിയെടുക്കേണ്ടത്.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഏകദിനത്തില്‍ ഫിനിഷറായി തിളങ്ങാന്‍ സാധിക്കുന്നയാളാണ്. പക്ഷെ ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള അദ്ദേഹത്തിനു ഏഷ്യാ കപ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ റിഷഭിനു പകരം ഫിനിഷറുടെ റോളില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റിങ്കു.

RINKU SINGH

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ വലംകൈയന്‍ താരങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നു കാണാം. അതുകൊണ്ടു തന്നെ ഒരു ഇടംകൈയന്‍ ബാറ്ററെ മധ്യനിരയില്‍ ടീമിനു ആവശ്യമാണ്. ഇതാണ് റിങ്കുവിനെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ രണ്ടാമത്തെ കാരണം.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഐസിസി ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമുകളെയെടുക്കുകയാണെങ്കില്‍ എല്ലാ ടീമുകളിലും ചുരുങ്ങിയത് ഒരു മികച്ച ഇടംകൈയന്‍ ബാറ്ററെയെങ്കിലും ടോപ്പ് ഫൈവിലോ, സിക്‌സിലോ കാണാന്‍ സാധിക്കും. റിഷഭ് പന്തായിരുന്നു നേരത്തേ ഈ റോളില്‍ ഇന്ത്യക്കായി കളിച്ചിരുന്ന താരം. പക്ഷെ ഇപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ പകരമൊരു ഇകൈയനെ ഇന്ത്യ കൊണ്ടുവന്നേ തീരൂ.

ഏതൊരു ടീമിനും ഇടംകൈ- വലംകൈ ബാറ്റര്‍മാരുടെ കോമ്പിനേഷന്‍ ആവശ്യമാണ്. എതിര്‍ ടീം ക്യാപ്റ്റന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ബൗളര്‍മാരുടെ താളം തെറ്റിക്കാനുമെല്ലാം ഇതു സഹായിക്കും. എല്ലാവരും വലംകൈയന്‍ ബാറ്റര്‍മാരാണെങ്കില്‍ അതു എതിര്‍ ടീം ക്യാപ്റ്റന് കാര്യങ്ങള്‍ എളുപ്പമാക്കും. ഇതു ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഇടംകൈയന്‍ ബാറ്റര്‍മാരെ കൂടി ടീമുകള്‍ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരുന്നത്.

റിങ്കു ഒരുപോലെ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ്. തുടക്കത്തില്‍ വിക്കറ്റുകള്‍ വീണാലും സാഹചര്യത്തിനു അനുസരിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്തി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ തനിക്കു സാധിക്കുമെന്നു ഐപിഎല്ലിലൂടെ റിങ്കു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Sunday, July 2, 2023, 19:19 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+