ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.4 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 39.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇമാം ഉല്‍ ഹഖ് (78), മുഹമ്മദ് റിസ്വാന്‍ (63*) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഹാരിസ് റഊഫിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താന്റെ ജയം എളുപ്പമാക്കിയത്.
പാകിസ്താനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശക്തമായ ബൗളിങ് നിരയുള്ള പാകിസ്താനെതിരേ ഭേദപ്പെട്ട സ്‌കോര്‍ നേടാമെന്ന് കണക്കുകൂട്ടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസന് പിഴച്ചു. അക്കൗണ്ടില്‍ റണ്‍സെത്തും മുമ്പ് ഓപ്പണര്‍ മെഹതി ഹസന്‍ മിറാസ് പുറത്തായി. നസീം ഷായാണ് മിറാസിനെ മടക്കിയത്. അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി നേടി ഫോമില്‍ നിന്ന മിറാസിനെയാണ് നസീം ഗോള്‍ഡന്‍ ഡെക്കാക്കിയത്.
ഫഖര്‍ സമാന് ക്യാച്ച് നല്‍കിയാണ് മിറാസ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ മുഹമ്മദ് നയീമും ലിറ്റന്‍ ദാസും ചേര്‍ന്ന് ബംഗ്ലാദേശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദാസിനെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദി പാകിസ്താനെ രക്ഷിച്ചു. 13 പന്തില്‍ നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് ലിറ്റന്‍ ദാസ് നേടിയത്. പ്രതീക്ഷ നല്‍കിയ മുഹമ്മദ് നയീമിനെ (20) ഹാരിസ് റഊഫ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.
തൗഹിദ് ഹൃദോയിയെ (2) ഹാരിസ് റഊഫ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 47 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു. 100നുള്ളില്‍ ബംഗ്ലാദേശ് ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ നായകന്‍ ഷക്കീബ് അല്‍ ഹസനും (53) മുഷ്ഫിഖര്‍ റഹീമും (64) ചേര്‍ന്ന് വന്‍ നാണക്കേടില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചു.
ഈ കൂട്ടുകെട്ട് 100 റണ്‍സില്‍ എത്തിയ ശേഷമാണ് ഷക്കീബ് പുറത്തായത്. 57 പന്ത് നേരിട്ട് 7 ബൗണ്ടറിയടക്കം പറത്തിയ ഷക്കീബിനെ ഹഹീം അഷറഫാണ് മടക്കിയത്.

ഷമീം ഹൊസൈനെ (16) ഇഫ്തിഖര്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ പ്രതീക്ഷയോടെ ക്രീസില്‍ നിന്ന റഹീമിനെ ഹാരിസ് റഊഫ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈയിലെത്തിച്ചു. 87 പന്ത് നേരിട്ട് 5 ബൗണ്ടറിയാണ് റഹീം നേടിയത്. ബംഗ്ലാദേശ് വാലറ്റത്തെ പാക് പേസ് നിര ചുരുട്ടിക്കൂട്ടി. ആഫിഫ് ഹൊസൈന്‍ (12), ടസ്‌കിന്‍ അഹമ്മദ്(0), ഷൊറിഫുല്‍ ഇസ്്‌ലാം (1) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇതോടെ 38.4 ഓവറില്‍ 193 റണ്‍സില്‍ ബംഗ്ലാദേശ് കൂടാരം കയറി.
ഹസന്‍ മഹമ്മൂദ് (1) പുറത്താവാതെ നിന്നു. പാകിസ്താനായി ഹാരിസ് റഊഫ് നാലും നസീം ഷാ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഫഹീം അഷറഫ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ പാകിസ്താനായി ഫഖര്‍ സമാനും (20) ഇമാം ഉല്‍ ഹഖും (56) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. സ്‌കോര്‍ 35ല്‍ നില്‍ക്കവെ ഫഖര്‍ സമാനെ ഷൊറീഫുല്‍ ഇസ്‌ലാം എല്‍ബിയില്‍ കുടുക്കി. 31 പന്ത് നേരിട്ട് 3 ബൗണ്ടറിയാണ് ഫഖര്‍ സമാന്‍ നേടിയത്. നായകന്‍ ബാബര്‍ ആസം 22 പന്ത് നേരിട്ട് 17 റണ്‍സ് നേടി മടങ്ങി. ടസ്‌കിന്‍ അഹമ്മദ് ബാബറിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഒരു ബൗണ്ടറിയാണ് അദ്ദേഹം നേടിയത്.
മൂന്നാം വിക്കറ്റില്‍ ഇമാം ഉല്‍ ഹഖും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 84 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 78 റണ്‍സുമായി ഇമാം പുറത്താവുമ്പോള്‍ പാകിസ്താന്‍ 159 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ത്തിരുന്നു. മെഹതി ഹസന്‍ മിറാസ് ഇമാമിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ 79 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 63 റണ്‍സുമായി പുറത്താവാതെ നിന്ന റിസ്വാന്‍ കൂടുതല്‍ അപകടമില്ലാതെ പാകിസ്താനെ വിജയത്തിലേക്കെത്തിച്ചു. അഗ്ഹ സല്‍മാനും (12) പുറത്താവാതെ നിന്നു.
ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്‌ലാം, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
പ്ലേയിങ് 11: പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, അഗ്ഹ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷറഫ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്
ബംഗ്ലാദേശ്- മുഹമ്മദ് നയീം, മെഹതി ഹസന്‍ മിറാസ്, ലിറ്റന്‍ ദാസ്, തൗഹിദ് ഹൃദോയ്, ഷക്കീബ് അല്‍ ഹസന്‍ (c), മുഷ്ഫിഖര്‍ റഹീം, ഷമീം ഹൊസൈന്‍, ആഫിഫ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്.