Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: നേപ്പാള്‍ പോലും വിറപ്പിക്കുന്നു, ഇന്ത്യന്‍ ബൗളിങ് വന്‍ ദുരന്തം! വിമര്‍ശനം ശക്തം

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ദുര്‍ബലരായ നേപ്പാളിനെ പെട്ടെന്ന് ഓള്‍ഔട്ടാക്കി വേഗത്തില്‍ വിജയം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. എന്നാല്‍ ഇന്ത്യന്‍ നായകന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും കാഴ്ചവെച്ചത്. തുടക്കം മുതല്‍ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ നേപ്പാളിനെ സഹായിച്ചു.

പേരുകേട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേപ്പാളിന്റെ കുഞ്ഞന്‍ ബാറ്റിങ് നിരക്ക് മുന്നില്‍ മുട്ടിടുക്കുന്നതാണ് കാണാനായത്. ലോക രണ്ടാം നമ്പര്‍ ടീമാണെന്നതിന്റെ യാതൊരു മികവും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാട്ടാനായില്ല. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ശാര്‍ദ്ദുല്‍ താക്കൂറും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട പേസ് നിര നനഞ്ഞ പടക്കമായി എന്നതാണ് വസ്തുത.

230 റണ്‍സാണ് നേപ്പാള്‍ നേടിയത്. ഇത് ചെറിയ സ്‌കോറാണെങ്കിലും 48.2 ഓവര്‍ അവര്‍ ബാറ്റുചെയ്തുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യമാണ് ഇത് തുറന്നുകാട്ടുന്നത്. ഇന്ത്യക്കെതിരേ നേപ്പാള്‍ കളിക്കുന്നത് ഇതാദ്യമായാണ്. എന്നിട്ടും ഇത്രയും നേരം ബാറ്റുചെയ്യാന്‍ സാധിച്ചത് വലിയ കാര്യമാണ്. നേപ്പാളിന്റെ പോരാട്ടവീര്യത്തിന് കൈയടിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താനെതിരേ തകര്‍ന്നടിഞ്ഞ ടീമാണ് നേപ്പാള്‍.

എന്നാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ നേപ്പാള്‍ അഭിമാനിക്കാവുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. നേപ്പാള്‍ ഓപ്പണര്‍ ആസിഫ് ഷെയ്ഖ് (58) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ എട്ടാം നമ്പറില്‍ ബാറ്റുചെയ്ത സോംപാല്‍ കാമി 48 റണ്‍സുമായി കസറി. ഇതേ ബൗളിങ് പ്രകടനവുമായി ഇന്ത്യ പാകിസ്താനെതിരേ കളിക്കാതിരുന്നത് നന്നായെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ-പാക് മത്സരം നടന്നിരുന്നെങ്കില്‍ ഇന്ത്യ നാണംകെട്ടേനെയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

nepal

ഇന്ത്യയുടെ ശരീര ഭാഷ തന്നെ മോശമാണ്. ആദ്യത്തെ അഞ്ച് ഓവറിനുള്ളില്‍ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ പാഴാക്കി. ആദ്യ ഓവറില്‍ ശ്രേയസ് അയ്യരും രണ്ടാം ഓവറില്‍ വിരാട് കോലിയും ക്യാച്ച് പാഴാക്കി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ക്യാച്ച് നഷ്ടപ്പെടുത്തി. അവസാന ഓവറില്‍ ശ്രേയസ് അയ്യര്‍ ക്യാച്ച് പാഴാക്കി. രണ്ട് തവണയാണ് ഓവര്‍ത്രോ വന്നത്. ഫീല്‍ഡിങ്ങ് പിഴവുകളിലൂടെ അധികം റണ്‍സ് വഴങ്ങിയതും നിരവധി തവണയാണ്.

ദുര്‍ബലരായ നേപ്പാള്‍ ബാറ്റിങ് നിരയോട് പോലും ആധിപത്യം കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. പിന്നെ എങ്ങനെയാണ് പാകിസ്താനെപ്പോലെ കരുത്തുറ്റ താരനിരയുള്ള ടീമിനെതിരേ മികച്ച ബൗളിങ് കാഴ്ചവെക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഇക്കോണമി 6.53 ആയിരുന്നു. രണ്ട് സിക്‌സും എട്ട് ഫോറുമാണ് സിറാജ് വഴങ്ങിയത്. ശാര്‍ദ്ദുല്‍ താക്കൂര്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഇക്കോണമി 6.50 ആയിരുന്നു.

രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. എന്നാല്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പാകിസ്താനെ ഇനിയും നേരിടേണ്ടി വരും. ഇതേ ബൗളിങ് പ്രകടനവുമായി പോയാല്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരും. പേസ് നിരയില്‍ ബുംറയുടെ മടങ്ങിവരവ് എന്ത് മാറ്റമുണ്ടാക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ഏകദിന ലോകകപ്പ് നടക്കാനിരിക്കെ സിറാജിന്റേയും ഷമിയുടേയും പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ നിലവിലെ ടീമിന്റെ ശരീര ഭാഷയും പ്രകടനവും നോക്കുമ്പോള്‍ ടീം പ്രയാസപ്പെടാനാണ് സാധ്യതയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പാകിസ്താനെതിരേ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, September 4, 2023, 20:33 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+