Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: മത്സരം എവിടെ വേണമെങ്കിലും നടത്തൂ, ഇന്ത്യയെ പാക് ടീം തോല്‍പ്പിക്കും- വഖാര്‍ യൂനിസ്

കറാച്ചി: ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നതോടെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിന് കൂടുതല്‍ ആവേശം കൈവന്നിരിക്കുകയാണ്. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്തംബര്‍ 17നാണ് അവസാനിക്കുന്നത്. ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന നിലപാടെടുത്തതോടെ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായിരിക്കുകയാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന ശക്തമായ നിലപാടാണ് അവസാന നിമിഷവും സ്വീകരിച്ചത്.

ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. പാകിസ്താനാണ് ആതിഥേയരെങ്കിലും വെറും നാല് മത്സരങ്ങള്‍ക്ക് മാത്രമാണ് പാകിസ്താന്‍ വേദിയാവുന്നത്. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നത്. രണ്ട് ടീമിലും മികച്ച താരനിരയുള്ളതിനാല്‍ സൂപ്പര്‍ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കുന്നു. സെപ്തംബര്‍ രണ്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ഈ മത്സരം നടക്കുന്നത്.

ഇപ്പോഴിതാ ഏത് വേദിയില്‍ വേണമെങ്കിലും മത്സരം നടത്തൂവെന്നും എവിടെ നടത്തിയാലും ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ്. 'പാകിസ്താന് നല്‍കാന്‍ ഒരു ഉപദേശം മാത്രമാണുള്ളത്. നന്നായി കളിക്കുക. ഞങ്ങളുടെ സമയത്ത് ഇന്ത്യക്കെതിരായ പല പ്രധാന ടൂര്‍ണമെന്റുകളും ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ടീമിന് വലിയ മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതൊരു നല്ല ലക്ഷണമാണ്. പ്രതിഭാശാലികളായ താരങ്ങള്‍ പാകിസ്താനുണ്ട്. നമ്മളുടെ കരുത്തിനനുസരിച്ച് കളിച്ചാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനാവും. എവിടെ കളിക്കുന്നുവെന്നത് പ്രശ്‌നമേയല്ല. ഓവലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കാനാവും. പ്രതിഭകളുടെ ക്ഷാമം നമുക്കില്ല. അതുകൊണ്ടുതന്നെ മത്സരത്തിനിറങ്ങി കടുവകളെപ്പോലെ പോരാടുക'- വഖാര്‍ യൂനിസ് പറഞ്ഞു.

babar azam, rohit sharma

പാകിസ്താന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും ഇന്ത്യയെ പ്രധാന ടൂര്‍ണമെന്റുകളില്‍ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. തോല്‍ക്കാതെ ഏറെക്കാലം മുന്നോട്ടുപോയ ഇന്ത്യക്ക് 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് വലിയ തിരിച്ചടി നേരിടുന്നത്. അന്ന് പാകിസ്താനോട് ഇന്ത്യ നാണംകെട്ട് തോറ്റു. വിരാട് കോലിയും രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാമുണ്ടായിട്ടും ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. ഇത് പാകിസ്താന് വലിയ ആത്മവിശ്വാസം നല്‍കിയ വിജയമാണ്.

മുഹമ്മദ് ആമിറിന്റെ പേസ് ബൗളിങ്ങാണ് അന്ന് ഇന്ത്യയെ തകര്‍ത്തത്. സര്‍ഫറാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു പാക് ടീമിന്റെ ജയം. പിന്നീട് 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് ടീമിനായി. ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ 10 വിക്കറ്റിന് ഇന്ത്യയെ പാക് ടീം മുട്ടുകുത്തിച്ചു.

മികച്ച ബൗളിങ് കരുത്താണ് പാകിസ്താന്റെ ശക്തി. ശ്രീലങ്കയിലെ സാഹചര്യം നോക്കുമ്പോള്‍ സ്പിന്നിനും ബാറ്റിങ്ങിനും അനുകൂലമാണ്. രണ്ട് ടീമിനു മികച്ച ബാറ്റിങ് കരുത്തും സ്പിന്‍ ബൗളിങ് കരുത്തുമുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 16 മത്സരത്തില്‍ 9ലും ഇന്ത്യ ജയിച്ചപ്പോള്‍ 6 മത്സരമാണ് പാക് ടീം ജയിച്ചത്.

ടീം കരുത്തില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം അവകാശപ്പെടാം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്ന ബാറ്റിങ് നിരയാണ് പാകിസ്താന്റേത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ട്. പക്ഷെ തങ്ങളുടേതായ ദിവസം ഏത് ടീമിനെയും വീഴ്ത്താന്‍ പാക് ടീമിന് സാധിക്കും. മുന്‍ പാക് പേസര്‍ വഹാബ് റിയാസ് പറയുന്നത് സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ടീം ജയിക്കുമെന്നാണ്.

'മത്സര ദിവസത്തിലെ സമ്മര്‍ദ്ദത്തെ ഏത് ടീമാണോ നന്നായി മറികടക്കുക അവരാവും വിജയിക്കുക. വളരെയധികം സമ്മര്‍ദ്ദമുള്ള മത്സരമാണിത്. അതുകൊണ്ടുതന്നെ വലിയ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ചില സമയങ്ങളില്‍ അമിത ആവേശംകൊണ്ട് ശ്രദ്ധ നഷ്ടമായേക്കും. എന്നാല്‍ ശാന്തമായി, കൃത്യമായ പദ്ധതികളോടെ കളിച്ചാല്‍ സമ്മര്‍ദ്ദത്തെ മറികടക്കാനാവും'- വഹാബ് റിയാസ് പറഞ്ഞു.

Story first published: Thursday, July 20, 2023, 13:33 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+