ഏഷ്യന്‍ ക്രിക്കറ്റിലെ സിംഹാസനത്തിനായുള്ള പോര് ഈ മാസം തുടങ്ങുകയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പിന്റെ പുതിയ എഡിഷന് ആഗസ്റ്റ് 30നാണ് ആരവമുയരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്. 2018ലായിരുന്നു അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് അരങ്ങേറിയത്.
ഇതിനു ശേഷമുള്ള രണ്ടു എഡിഷനുകളും ടി20 ഫോര്‍മാറ്റിലായിരുന്നു. 1984ലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്കു മാത്രമായി ഏഷ്യാ കപ്പിനു തുടക്കമിടുന്നത്. ഇതുവരെ നടന്നിട്ടുള്ള ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റുകളില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

1984ലെ കന്നി എഡിഷനിലെ മിന്നും താരം ഇന്ത്യയുടെ സുരീന്ദര്‍ ഖന്നയായിരുന്നു. ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായ ടൂര്‍ണമെന്റില്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 107 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി സുരീന്ദര്‍ മാറി.
1984ലെ അടുത്ത എഡിഷനിലെ വിജയി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അര്‍ജുന രണതുംഗയായിരുന്നു. ടീമിനെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം ടൂര്‍ണമെന്‍റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തുകയും ചെയ്തു. 105 റണ്‍സാണ് രണതുംഗ നേടിയത്. ലങ്ക ജേതാക്കളായ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
1988ലെ അടുത്ത ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഇന്ത്യന്‍ ബാറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ധുവായിരുന്നു. അറ്റാക്കിങ് ബാറ്ററായിരുന്ന അദ്ദേഹം 179 റണ്‍സോടെ ഇന്ത്യയെ രണ്ടാം കിരീടത്തിലേക്കു നയിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചിരുന്നു. 1995ലും പുരസ്‌കാരം സിദ്ധുവിനെ തേടിയെത്തി. ഒന്നിലേറെ തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ. അന്നു നാലു കളിയില്‍ 197 റണ്‍സ് സിദ്ധു നേടിയിരുന്നു.
2000ത്തിലെ എഡിഷനില്‍ പാകിസ്താന്‍ താരം മുഹമ്മദ് യൂസുഫായിരുന്നു മികച്ച താരം. പാകിസ്താന്‍ കന്നിക്കിരീടം നേടിയ ടൂര്‍ണമെന്‍റില്‍ 295 റണ്‍സോടെ അദ്ദേഹം ടോപ്‌സ്‌കോററായി മാറി. 2004ലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ശ്രീലങ്കയുടെ വെടിക്കെട്ട് താരം സനത് ജയസൂര്യയായിരുന്നു.
2008ല്‍ ശ്രീലങ്കയുടെ തന്നെ സ്പിന്നര്‍ അജന്ത മെന്‍ഡിസിനായിരുന്നു പുരസ്‌കാരം. 17 വിക്കറ്റുകളായിരുന്നു ടൂര്‍ണമെന്റില്‍ താരം കൊയ്തത്. 2010ല്‍ പാകിസ്താന്റെ ഷാഹിദ് അഫ്രീഡി പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റായി മാറി. 265 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

2012ല്‍ ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസനായിരുന്നു ടൂര്‍ണമെന്റിലെ ഹീറോ. ബംഗ്ലാദേശ് റണ്ണറപ്പുകളായ ഏഷ്യാ കപ്പില്‍ ഷാക്വിബ് നാലു കളിയില്‍ നിന്നും 237 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 2014ലെ അടുത്ത എഡിഷനില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ശ്രീലങ്കന്‍ ബാറ്റര്‍ ലഹിരു തിരിമന്നെയ്ക്കായിരുന്നു. 279 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവില്‍ ലങ്ക അഞ്ചാം കിരീടം സ്വന്തമാക്കുകയും ചെയ്തു.
ഏകദിന ഫോര്‍മാറ്റിലെ അവസാനത്തെ ഏഷ്യാ കപ്പ് നടന്നത് 2018ലായിരുന്നു. ഇന്ത്യയുടെ ശിഖര്‍ ധവാനായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. സുരീന്ദര്‍ ഖന്ന, നവ്‌ജ്യോത് സിദ്ധു എന്നിവര്‍ക്കു ശേഷം ഈ നേട്ടം കുറച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായും അന്നു ധവാന്‍ മാറിയിരുന്നു.
ഇന്ത്യ ഏഴാം കിരീടം ചൂടിയ ടൂര്‍ണമെന്റില്‍ ധവാന്റെ സമ്പാദ്യം 342 റണ്‍സായിരുന്നു. അഞ്ചു കളിയില്‍ നിന്നായിരുന്നു ഇത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയായിരുന്നു.