Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിയെ തള്ളി ഗംഭീര്‍! പ്ലെയര്‍ ഓഫ് ദി മാച്ച് കുല്‍ദീപ്; കാരണം പറയുന്നു

പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ആണെന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ വിരാട് കോലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായത്. 94 ബോളില്‍ നിന്നും പുറത്താവാതെ 122 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഒമ്പതു ഫോറും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ ഗ്രൗണ്ടില്‍ വച്ചു സംസാരിക്കവെയായിരുന്നു കുല്‍ദീപായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അര്‍ഹിച്ചിരുന്നതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടത്. നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയായിരുന്നു ഈ മല്‍സരത്തില്‍ കോലി തന്റെ 47ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

KULDEEP YADAV

ഈ ഇന്നിങ്‌സിനിടെ ഏകദിനത്തില്‍ അതിവേഗം 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായി അദ്ദേഹം മാറിയിരുന്നു. ഒരു വേദിയില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികളെന്ന മുന്‍ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ ലോക റെക്കോര്‍ഡിനൊപ്പവും കോലി എത്തിയിരുന്നു.

എന്നാല്‍ പാകിസ്താനെതിരേ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് സ്വന്തമാക്കിയത്. എട്ടോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 3.1 ഇക്കോണമി റേറ്റില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയായിരുന്നു.

ഏകദിന കരിയറില്‍ കുല്‍ദീപിന്റെ രണ്ടാമത്തെ ഫൈഫര്‍ കൂടിയായിരുന്നു ഇത്. ഈ കളിയിലേക്കു വന്നാല്‍ പ്ലെയര്‍ ഓഫ് ദി മാച്ചിന്റെ സ്ഥാനത്തു കുല്‍ദീപിനു പകരം തനിക്കു മറ്റൊരാളെ കാണാന്‍ പോലും സാധിക്കില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം കുല്‍ദീപ് യാദവാണ് കളിയിലെ ഹീറോ. വിരാട് കോലിയും കെഎല്‍ രാഹുലുമെല്ലാം ഈ കളിയില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറികള്‍ നേടിയതായി എനിക്കറിയാം. മികച്ച സീമും സ്വിങുമുള്ള പിച്ചില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഫിഫ്റ്റികള്‍ നേടുകയും ചെയ്തു. പക്ഷെ സ്പിന്നിനെ നന്നായി കളിക്കുന്ന പാകിസ്താനെതിരേ ഇവിടെ ഒരു സ്പിന്‍ ബൗളര്‍ എട്ടോവറില്‍ അഞ്ചു വിക്കറ്റുകളെടുത്താല്‍ അതാണ് മല്‍സരം മാറ്റിയ നിമിഷമെന്നും ഗംഭീര്‍ വിലയിരുത്തി.

VIRAT KOHLI

സ്പിന്‍ ബൗളിങിനെ അത്ര നന്നായി കളിക്കാന്‍ കഴിയാത്ത ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരേ ഒരു സ്പിന്നര്‍ അഞ്ചു വിക്കറ്റുകളെടുത്താല്‍ എനിക്കു മനസ്സിലാവും. പക്ഷെ സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മിടുക്കരായ പാകിസ്താനെതിരേയാണ് കുല്‍ദീപിന്റെ ഫൈഫറെന്നത് നേട്ടത്തെ സ്‌പെഷ്യലാക്കുന്നു. ഒരു ബൗളറുടെ കഴിവാണ് ഇതു കാണിക്കുന്നത്.

വായുവിലും വിക്കറ്റിലുമെല്ലാം ബാറ്റര്‍മാരെ പല തവണ ബീറ്റ് ചെയ്യാന്‍ കുല്‍ദീപിനു സാധിച്ചു. അടുത്ത മാസം നാട്ടില്‍ ഏകദിന ലോകകപ്പ് കളിക്കാനൊരുങ്ങവെ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു മഹത്തായ കാര്യമാണ്. കാരണം രണ്ടു അറ്റാക്കിങ് പേസര്‍മാര്‍ക്കൊപ്പം കുല്‍ദീപും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. കളിയുടെ ഏതു ഘട്ടത്തിലും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരാണ് മൂന്നു പേരെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

Story first published: Tuesday, September 12, 2023, 10:48 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+