ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. ഇക്കാലയളവില്‍ ഗംഭീര റെക്കോഡുകള്‍ സൃഷ്ടിച്ച കോലി മൂന്ന് ഫോര്‍മാറ്റിലും 50 ശരാശരിയിലാണ് കസറിയിരുന്നത്. 25000ലധികം അന്താരാഷ്ട്ര റണ്‍സ് നേടിയ കോലി ഇപ്പോള്‍ ഏഷ്യാ കപ്പിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ കോലി ഇനിയുമൊരു അഞ്ച് വര്‍ഷം കൂടി തുടര്‍ന്നേക്കും. മികച്ച ഫിറ്റ്‌നസ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം അടുത്ത ബാറ്റിങ് സെന്‍സേഷനായി കോലിയെത്തി. കോലി പടിയിറങ്ങുമ്പോള്‍ അടുത്ത സൂപ്പര്‍ താരമായി ആരാവും?. അടുത്ത കോലിയെന്ന് ഇന്ത്യന്‍ ആരാധകര്‍ വാഴ്ത്തുന്ന താരം ശുബ്മാന്‍ ഗില്ലാണ്. എന്നാല്‍ ശുബ്മാന്‍ ഗില്ലല്ല കോലിക്ക് ശേഷം ആ സ്ഥാനം അര്‍ഹിക്കുന്നത് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ആണെന്നാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായ ടോം മൂഡി പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബാബര്‍ ആസമിന്റെ ബാറ്റിങ് കാണുമ്പോള്‍ വിരാട് കോലിയെ ഓര്‍ക്കും. ക്രിക്കറ്റിനെക്കുറിച്ച് നന്നായി മനസിലാക്കുന്നവനാണ് ബാബര്‍. എങ്ങനെ കളി കൊണ്ടുപോകണമെന്ന് അവന് നന്നായി അറിയാം. ഈ ദശാബ്ദത്തില്‍ കോലി നേടിയത് ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് ബാബര്‍. വിരാട് കോലിയെപ്പോലെ റണ്‍സ് പിന്തുടരാന്‍ മിടുക്കനാണ് ബാബര്‍'-ടോം മൂഡി പറഞ്ഞു.
കോലിയെക്കാള്‍ മികച്ചവനാണ് ബാബറെന്നാണ് പാക് ആരാധകര്‍ പറയുന്നത്. നിലവില്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ച് ഫാബുലസ് ഫോര്‍ വിശേഷണം നല്‍കാറുണ്ട്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരാണ് ഇതിലുള്ളത്. എന്നാല്‍ ബാബറും ഈ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹനാണെന്നാണ് പാക് ആരാധകരുടെ വാദം. എന്നാല്‍ കോലിയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്നവനല്ല ബാബര്‍.
ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ടെസ്റ്റാണ്. ഈ ഫോര്‍മാറ്റില്‍ ബാബറിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് പറയാനാവില്ല. 49 ടെസ്റ്റില്‍ നിന്ന് 47.75 ശരാശരിയില്‍ 3772 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. എന്നാല്‍ ഒരു തവണ പോലും ഇരട്ട സെഞ്ച്വറി നേടാനായിട്ടില്ല. 9 സെഞ്ച്വറി നേടിയ ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍ 196 റണ്‍സാണ്. അതേ സമയം കോലി ഇതോടകം ഏഴ് ഇരട്ട സെഞ്ച്വറികള്‍ ടെസ്റ്റില്‍ നേടിക്കഴിഞ്ഞു.
എന്നാല്‍ പരിമിത ഓവറില്‍ കോലിയോട് കിടപിടിക്കാനുള്ള ബാറ്റിങ് മികവ് ബാബറിനുണ്ട്. റണ്‍സ് പിന്തുടരുമ്പോഴും സ്ഥിരതയോടെ കളിക്കാന്‍ ബാബറിനാവുന്നു. മികച്ച ക്ലാസിക് ഷോട്ടുകള്‍ കൈവശമുള്ള ബാറ്റ്‌സ്മാനാണ് ബാബര്‍. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ബാറ്റ്‌സ്മാനെന്ന് ബാബറിനെ വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് കസറാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
നിലവിലെ ഏഷ്യയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ അതിലെ മുന്‍നിരക്കാരനായി കോലിക്കൊപ്പം ബാബറും ഉണ്ടാവും. അതേ സമയം ഇന്ത്യന്‍ ആരാധകര്‍ കോലിയുടെ പകരക്കാരനായി വിശേഷിപ്പിക്കുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. കോലിയെപ്പോലെ ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരമാണ് ശുബ്മാന്‍. പതിയെ തുടങ്ങുകയും നിലയുറപ്പിച്ച ശേഷം ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുകയും ചെയ്യുന്നതാണ് ശുബ്മാന്റെ ശൈലി.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ശുബ്മാന്‍ നിലവില്‍ ഇന്ത്യയുടെ മുഖ്യ ഓപ്പണറാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഗില്ലിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. താരത്തിന്റെ കരിയറിലും വലിയ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന ടൂര്‍ണമെന്റുകളാണ് വരാനിരിക്കുന്നത്.