മുംബൈ: വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ഏഷ്യാ കപ്പാണ്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഏഷ്യയിലെ രാജാക്കന്മാരായി ലോകകപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ പരിക്ക് ഇന്ത്യയെ തളര്‍ത്തുന്നു. പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നത് ടീമിന്റെ സമ്മര്‍ദ്ദമുയര്‍ത്തുന്നു. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തുള്ളവരിലൊരാളാണ്.
ഏഷ്യാ കപ്പിന് മുമ്പ് രാഹുല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ചിലപ്പോള്‍ മടങ്ങിവരവ് വൈകിയേക്കും. ഏഷ്യാ കപ്പ് രാഹുലിന് നഷ്ടമായാല്‍ പകരം ആരെന്നത് പ്രധാന ചോദ്യമാണ്. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കാന്‍ സാധിക്കുന്നത് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെയാണ്. ഇതില്‍ ആര്‍ക്കാണ് മുഖ്യ പരിഗണനയെന്നതാണ് കണ്ടറിയേണ്ടത്.
ഇപ്പോഴിതാ രാഹുലിന് പകരക്കാരനായി ഇവരാരും വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സഞ്ജുവും ഇഷാനും ജിതേഷുമൊന്നുമല്ല തമിഴ്‌നാടുകാരനായ സായ് സുദര്‍ശനെ പരിഗണിക്കണമെന്നാണ് ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്. 'കെ എല്‍ രാഹുല്‍ ഫിറ്റ്‌നസിലേക്കെത്തിയാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും ഫോമും ഫിറ്റ്‌നസും തെളിയിക്കുകയും ചെയ്യണം. നേരിട്ട് ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
നെറ്റ്‌സില്‍ പരിശീലനം നടത്തിയതുകൊണ്ട് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവില്ല. സായ് സുദര്‍ശനെപ്പോലെയുള്ള താരങ്ങളെ വളര്‍ത്തണം. ഇടം കൈയന്‍ മധ്യനിര ബാറ്റ്‌സ്മാനായി തിളങ്ങാന്‍ സാധിക്കും'- ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറഞ്ഞു. ഐപിഎല്ലിലൂടെ ഇതിനോടകം പേരെടുത്ത താരമാണ് സായ്. ഗുജറാത്ത് ടൈറ്റന്‍സ് താരമായ സായ് ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ 96 റണ്‍സുമായി ശോഭിച്ചിരുന്നു.

ഇപ്പോള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വിളിയെത്താന്‍ വൈകിയേക്കും. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ആവശ്യമാണ്. എന്നാല്‍ സായിക്ക് പെട്ടെന്ന് ടീമിലേക്ക് വിളിയെത്താന്‍ നിലവിലെ പ്രകടനം മതിയാവില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് തന്നെ മുഖ്യ പരിഗണന ലഭിച്ചേക്കും. ഇപ്പോള്‍ രണ്ടുപേരും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്.
രാഹുല്‍ കളിക്കാതെ വന്നാല്‍ സഞ്ജുവിന് അവസരം ലഭിക്കിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ ഏഷ്യാ കപ്പ് കളിക്കാന്‍ സാധ്യതയുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന് രാഹുല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പും വരാനിരിക്കെ ഏഷ്യാ കപ്പിലൂടെ രാഹുലിന് തിരിച്ചുവരവ് അവസരം നല്‍കേണ്ടതായുണ്ട്. നേരിട്ട് ലോകകപ്പ് കളിപ്പിക്കുന്നത് ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചേക്കും.
ജസ്പ്രീത് ബുംറയും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ബുംറ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലാണ്. ബുംറ മടങ്ങിയെത്തിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. ഏഷ്യാ കപ്പിലും ബുംറ ഇന്ത്യന്‍ നിരയിലുണ്ടായേക്കും. ലോകകപ്പിന് മുമ്പ് ബുംറയെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കും ഫോമിലേക്കും എത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
എന്നാല്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നഷ്ടമായേക്കുമെന്നാണ് വിവരം. അത് റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ്. രണ്ടുപേര്‍ക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കും. ഇവര്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഏകദിന ലോകകപ്പിന് മുമ്പ് ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ എല്ലാ താരങ്ങളും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയാല്‍ ലോകകപ്പില്‍ കരുത്തുറ്റ ടീമായി കളത്തിലിറങ്ങാനാവും.