Asia Cup 2023: സമ്മര്‍ദ്ദത്തില്‍ ഇഷാന്‍ മാത്രമല്ല, സഞ്ജുവും കസറും! കണക്കുകള്‍ വൈറല്‍
പല്ലെക്കെലെ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 17 അംഗങ്ങളില്‍ സഞ്ജു സാംസണിന് ഇടമില്ലായിരുന്നു. ഇന്ത്യ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് സ്ഥാനം നല്‍കിയത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്ത കെ എല്‍ രാഹുലിനേയും ഏകദിനത്തില്‍ മികവ് കാട്ടാത്ത സൂര്യകുമാര്‍ യാദവിനേയും അരങ്ങേറ്റക്കാരനായി തിലക് വര്‍മയേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു.
എന്നിട്ടും സഞ്ജുവിന് ടീമില്‍ സ്ഥാനമില്ല. പാകിസ്താനെതിരായ മത്സരത്തില്‍ കെ എല്‍ രാഹുല്‍ കളിക്കാത്ത സാഹചര്യത്തില്‍ അഞ്ചാം നമ്പറില്‍ കളിച്ചത് ഇഷാന്‍ കിഷനായിരുന്നു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഇഷാന്‍ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. നിര്‍ണ്ണായകമായ 82 റണ്‍സ് നേടിയ ഇഷാന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി 138 റണ്‍സിന്റെ റെക്കോഡ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും സൃഷ്ടിച്ചു.
ഇഷാന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ സഞ്ജുവിന്റെ പ്രതീക്ഷകളും അവസാനിച്ചു. സഞ്ജു വിരമിക്കുന്നതാണ് നല്ലതെന്നും ഇനി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്നുമെല്ലാം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ സഞ്ജുവിന്റെ കഴിവുകള്‍ക്കെതിരേ വ്യാപകമായ വിമര്‍ശനമാണ് പല ഭാഗത്തുനിന്നും ഉയര്‍ന്നത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സഞ്ജുവിന് മുട്ടിടിക്കുമെന്നും ഇഷാന്റെ മികവിനൊപ്പം എത്തില്ലെന്നുമെല്ലാമാണ് ചില ആരാധകര്‍ പറയുന്നത്.
പ്രധാന മത്സരങ്ങളില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് മാനസികമായ കരുത്തില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ തുടരണമെന്ന അഭിപ്രായം ഉയരവെ സഞ്ജു ആരാധകന്‍ പങ്കുവെച്ച ഒമ്പത് വര്‍ഷം മുന്നത്തെ പ്രകടനത്തിന്റെ കണക്ക് വൈറലായി മാറിയിരിക്കുകയാണ്. 2014ല്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരേ സഞ്ജു നടത്തിയ പ്രകടനമാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

ചിരവൈരികളായ പാകിസ്താനെതിരേ നടക്കുന്ന മത്സരമായതിനാല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ സഞ്ജു 87 പന്തില്‍ 100 റണ്‍സാണ് അടിച്ചെടുത്തത്. 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജു അന്ന് തിളങ്ങിയത്. 114.94 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനം. അന്ന് നായകനായിരുന്ന വിജയ് സോളിനൊപ്പം സഞ്ജു സൃഷ്ടിച്ച കൂട്ടുകെട്ടാണ് വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്.
40 റണ്‍സിനാണ് പാകിസ്താനെ അന്ന് ഇന്ത്യ തോല്‍പ്പിച്ചത്. വലിയ സമ്മര്‍ദ്ദമുള്ള പാക് ടീമിനെതിരായ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടുള്ളവനാണ് സഞ്ജു. ഇപ്പോഴും ഏകദിനത്തില്‍ 55ന് മുകളില്‍ സഞ്ജുവിന് ശരാശരിയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മധ്യനിരയില്‍ കളിച്ച് ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടവും മറക്കാനാവില്ല. തുടര്‍ച്ചയായി അവസരം സഞ്ജു അര്‍ഹിക്കുന്നു.
എന്നാല്‍ അത് ലഭിക്കുന്നില്ല. നായകനും പരിശീലകനും സെലക്ടറുമെല്ലാം മാറി വന്നിട്ടും സഞ്ജുവിന് മാത്രം സ്ഥിരമായി സീറ്റില്ല. ടി20യില്‍ ഇന്ത്യക്കായി തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ടീമില്‍ നിന്ന് തഴയപ്പെടുന്നതിനെ തെറ്റുപറയാനാവില്ല. അതേ സമയം ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ തഴയുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് വിവരം.
എന്നാല്‍ 55 ശരാശരിയുള്ള സഞ്ജുവിന് ടീമില്‍ ഇപ്പോഴും സ്ഥാനമില്ല. സഞ്ജുവിനെ ബെഞ്ചിലിരുത്തി പ്രതിഭ നശിപ്പിക്കുകയാണെന്ന് നിസംശയം പറയാം. ഇതിനിടെ മറ്റൊരു ആരാധകന്റെ കൗതുകകരമായ കണ്ടെത്തലും വൈറലാവുകയാണ്. സഞ്ജു സാംസണിന് വില്ലനായെത്തിയ റിഷഭ് പന്തിന് കാര്‍ അപകടത്തെത്തുടര്‍ന്ന് നീണ്ട വിശ്രമത്തില്‍ പോകേണ്ടി വന്നു. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പിങ്ങിലേക്ക് പരിഗണിക്കപ്പെട്ടത് മുതല്‍ പരിക്ക് വിട്ടുമാറാത്ത അവസ്ഥ.
ഇനിയുള്ളത് ഇഷാന്‍ മാത്രമാണ്. സഞ്ജുവിന്റെ ശാപമാണോയെന്ന ആരാധകന്റെ ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഏകദിനത്തില്‍ ഏത് ബാറ്റിങ് പൊസിഷനില്‍ കളിച്ചും കസറാന്‍ സഞ്ജുവിന് മികവുണ്ട്. എന്നാല്‍ ഇടം കൈയനാണെന്നത് ഇഷാന് വലിയ മുന്‍തൂക്കം നല്‍കുന്നു. എന്തായാലും സഞ്ജു ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സീറ്റ് അര്‍ഹിക്കുന്നവനാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications