Asia Cup 2023: അവരാണ് ഇന്ത്യയുടെ ഹീറോസ്, കുതിപ്പില്‍ നിര്‍ണ്ണായകമാവും! ഗാംഗുലി പറയുന്നു
മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം സെപ്തംബര്‍ 2ന് നടക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷമാണ് ഇന്ത്യ-പാക് പോരാട്ടം നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ആരാധകരും വലിയ ആവേശത്തിലാണ്. ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ ഏഷ്യാ കപ്പ് പോരാട്ടത്തിന് പ്രാധാന്യമേറെ. ഇന്ത്യക്കൊപ്പം ശക്തമായ ടീം കരുത്തുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമാണ് ഇന്ത്യയെന്ന് പറയാം.
സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരങ്ങളേയും വളര്‍ത്തിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങി പ്രതീക്ഷ നല്‍കുന്ന പല യുവതാരങ്ങളേയും കാണാനാവും. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തിയാല്‍ പാകിസ്താനെതിരേ ടീമിന് ജയം പ്രയാസമാവില്ല.
ഇപ്പോഴിതാ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് നിര്‍ണ്ണായകമാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അത് ജസ്പ്രീത് ബുംറയോ ശുബ്മാന്‍ ഗില്ലോ അല്ലെന്നും വിരാട് കോലിയും രോഹിത് ശര്‍മയുമാണെന്നാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്. 'വിരാട് കോലി മികച്ച പ്രകടനമാണ് നടത്തുന്നത്. അവന്റെ പ്രകടനത്തെക്കുറിച്ച് യാതൊരു സംശയവും വേണ്ട.
ഇന്ത്യയുടെ ഏറ്റവും ശക്തനായതും നിര്‍ണ്ണായകമായതുമായ ബാറ്റ്‌സ്മാനാണ് കോലി. രോഹിത് ശര്‍മയാണ് മറ്റൊരാള്‍. കോലിയെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ് രോഹിത്തും. അവസാന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി അവിശ്വസനീയമായ പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്'-രേവ് സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗാംഗുലി പറഞ്ഞു. ഏഷ്യാ കപ്പില്‍ കോലിയുടേയും രോഹിത്തിന്റേയും ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.

ശ്രീലങ്കയില്‍ ഗംഭീര ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലിയും രോഹിത്തും. അതുകൊണ്ടുതന്നെ ഇരുവരും ഫോമിലേക്കെത്തേണ്ടത് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവും. ലോകകപ്പിന് ആതിഥേയരാവുന്നത് ഇന്ത്യയാണ്. കോലിക്കും രോഹിത്തിനും ഇന്ത്യന്‍ പിച്ചില്‍ മോഹ റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കാതെ ഇന്ത്യക്ക് കപ്പിലേക്കെത്തുക പ്രയാസമാണെന്ന് പറയാം.
പാകിസ്താന്റെ ബൗളിങ് കരുത്ത് ശക്തമാണ്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് പേസാക്രമണത്തെ ഭയക്കാത്തവരില്ലെന്ന് പറയാം. ഇവരുടെ വെല്ലുവിളി മറികടക്കാന്‍ ടോപ് ഓഡറില്‍ രോഹിത്തും കോലിയും തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഇത്തവണയും ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണ്. നാലാം നമ്പറില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ ഫോം കണ്ടറിയണം.
പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത രാഹുല്‍ പാകിസ്താനെതിരേ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് ടി20യില്‍ പുലിയാണെങ്കിലും ഏകദിനത്തില്‍ വലിയ മികവ് കാട്ടുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറാണെങ്കിലും സമീപകാലത്ത് സ്ഥിരത പ്രശ്‌നം. രവീന്ദ്ര ജഡേജ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. നിലവിലെ ടീം കരുത്ത് വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ മധ്യനിരക്ക് കരുത്ത് കുറവാണ്. അതുകൊണ്ടുതന്നെ ടോപ് ഓഡര്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.
രോഹിത് ശര്‍മയുടെ അവസാന ഏകദിന ലോകകപ്പായിരിക്കും ഇതെന്നാണ് ഗാംഗുലി വിലയിരുത്തിയത്. 'നായകനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പായിരിക്കും നടക്കാന്‍ പോകുന്നത്. ടി20 ലോകകപ്പില്‍ ചിലപ്പോള്‍ ടീമിനെ നയിച്ചേക്കുമെങ്കിലും ഏകദിന ലോകകപ്പില്‍ നയിക്കാന്‍ സാധിച്ചേക്കില്ല. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ക്കൂടി രോഹിത് കളിക്കുമെന്ന് കരുതുന്നില്ല. ഓരോ താരങ്ങളുടേയും പ്രകടനം നിര്‍ണ്ണായകമാണ്. എല്ലാവരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു'-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications