മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാരിലൊരാളാണ് ഗൗതം ഗംഭീര്‍. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ നേടിയപ്പോള്‍ ഗംഭീര പ്രകടനത്തോടെ ഗംഭീര്‍ കൈയടി നേടിയിരുന്നു. പ്രകടനംകൊണ്ട് സൂപ്പര്‍ താരമാണെങ്കിലും ഗംഭീറിന്റെ സ്വഭാവം എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് ഗംഭീറിന്റേത്. അതുകൊണ്ടുതന്നെ പല വിവാദങ്ങളും അദ്ദേഹം സൃഷ്ടിച്ചു.
ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയേയും ഇതിഹാസ ബാറ്റ്‌സ്മാന്‍ വിരാട് കോലിയേയുമെല്ലാം ശത്രു പക്ഷത്ത് നിര്‍ത്തിയ താരമാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ പ്രകടനം ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് പോലും ഗംഭീര്‍ വെറുക്കപ്പെട്ടവനായി. ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്‍ ആരാണെന്ന് തിരഞ്ഞെടുത്ത ഗംഭീര്‍ വീണ്ടും ധോണി, കോലി ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
'ബഡ് ഭാരത് ഷോ' എന്ന പരിപാടിയില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സംസാരിക്കവെയാണ് ഗംഭീര്‍ മികച്ച ഇന്ത്യന്‍ നായകനെ തിരഞ്ഞെടുത്തത്. സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയെല്ലാം തഴഞ്ഞ ഗംഭീര്‍ അനില്‍ കുംബ്ലെയെന്ന വിചിത്രമായ അഭിപ്രായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. കുംബ്ലെയുടെ ക്യാപ്റ്റന്‍സി ശൈലിയെ ഗംഭീര്‍ പ്രശംസിക്കുകയും ചെയ്തു. എല്ലാവര്‍ക്കും അറിയാവുന്ന നായകനാണ് കുംബ്ലെ.
തന്റേതായ ശൈലിയിലൂടെയും വ്യത്യസ്തമായ തീരുമാനങ്ങളിലൂടെയും എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ കുംബ്ലെക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് തവണ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുത്ത ധോണിയെ ഗംഭീര്‍ മനപ്പൂര്‍വ്വം തഴഞ്ഞതാണെന്നതാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ നായകസ്ഥാനം വളരെയധികം ആഗ്രഹിച്ച താരമാണ് ഗംഭീര്‍. എന്നാല്‍ ധോണിയുടെ വളര്‍ച്ചയില്‍ ഗംഭീര്‍ ഒതുക്കപ്പെട്ടു.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഗംഭീര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും കളിയിലെ താരമായത് ധോണിയാണ്. എല്ലാ പ്രശംസയും ധോണിയിലേക്കെത്തിയതില്‍ ഗംഭീറിന് അതൃപ്തിയുണ്ടായിരുന്നു. ഇത് ഗംഭീര്‍ പലവട്ടം തുറന്ന് പറയുകയും ചെയ്തതാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ അത്യുന്നതങ്ങളിലേക്കെത്തിച്ച ക്യാപ്റ്റനാണ് വിരാട് കോലി. എന്നാല്‍ കോലിയോടും ഗംഭീര്‍ ഉടക്കിലാണ്. ഐപിഎല്ലില്‍ രണ്ടുതവണ ഇരുവരും ഏറ്റുമുട്ടുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ നായകന്‍ രോഹിത് ശര്‍മയാണെന്ന് ഗംഭീര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ മികച്ച നായകനായി രോഹിത്തിനെ പരിഗണിക്കാനും ഗംഭീര്‍ തയ്യാറായില്ല. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ കളിപ്പിച്ച നായകനാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഗാംഗുലിയേയും തഴഞ്ഞ് കുംബ്ലെയെ ഗംഭീര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ വിദേശ പര്യടനങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കുംബ്ലെ ക്യാപ്റ്റനായിരിക്കെ സാധിച്ചിരുന്നു.
എന്നാല്‍ വലിയ ഇംപാക്ട് സൃഷ്ടിച്ച നായകനാണ് കുംബ്ലെയെന്ന് പറയാനാവില്ല. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായിരുന്ന കുംബ്ലെ പരിശീലക റോളിലും ഇന്ത്യക്കായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് കുംബ്ലെക്ക് പരിശീലകസ്ഥാനം ഒഴിയേണ്ടി വന്നത്. കോലിയും കുംബ്ലെയും തമ്മിലുള്ള മോശം ബന്ധംകൊണ്ടാവാം കുംബ്ലെയെ മികച്ച ക്യാപ്റ്റനായി ഗംഭീര്‍ തിരഞ്ഞെടുത്തതെന്ന് പറയാം.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് ഗ്രൂപ്പുഘട്ട മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദത്തോടെയാണ് പെരുമാറിയത്. കോലിയും പാകിസ്താന്‍ താരങ്ങളും തമ്മില്‍ തമാശകള്‍ പറഞ്ഞ് ചിരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. ഇതിനെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. പാക് താരങ്ങളോട് ഇത്രയും സൗഹൃദം കാട്ടേണ്ടതില്ലെന്നും ഇത് മത്സരത്തെ ബാധിക്കുമെന്നുമെല്ലാമാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. കോലിയെ ലക്ഷ്യംവെച്ചാണ് ഗംഭീര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഇതും വലിയ വിവാദമായി മാറിയിരുന്നു. സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം 10ാം തീയ്യതി നടക്കാന്‍ പോവുകയാണ്. മഴ മുടക്കിയില്ലെങ്കില്‍ സൂപ്പര്‍ പോരാട്ടം കാണാനായേക്കും. മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്.