ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന ഏഷ്യാ കപ്പ് കൈവിട്ട ഇന്ത്യക്ക് ഇത്തവണ എന്തുവിലകൊടുത്തും കിരീടം തിരിച്ചുപിടിക്കേണ്ടതായുണ്ട്. എന്നാല്‍ പരിക്കാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഇന്ത്യയുടെ ടീമിനെ ഇതുവരെ പ്രഖ്യാപിക്കാത്തതും പരിക്ക് തലവേദനയായതിനാലാണ്.
ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ചിരിക്കുകയാണ്. മുഹമ്മദ് സിറാജിനെ തഴഞ്ഞാണ് ശാസ്ത്രി ബൗളിങ് നിരയെ തിരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് കൗതുകകരമായ കാര്യം. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരോടൊപ്പം പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ വരണമെന്നാണ് ശാസ്ത്രി പറയുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സത്യസന്ധമായി പറഞ്ഞാല്‍ അക്ഷര്‍ പട്ടേല്‍ ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ഞാന്‍ പരിഗണിക്കും. സഞ്ജു സാംസണിനെ സ്റ്റാന്റ്‌ബൈ താരമായിട്ടും പരിഗണിക്കും. അനുയോജ്യമായ സമയത്ത് അവനെ പറക്കാന്‍ വിടും. പേസ് ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഹാര്‍ദിക് പാണ്ഡ്യ അവിടെയുണ്ട്. ബുംറ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ സ്വാഭാവികമായും അവന്‍ ടീമിലുണ്ടാവും. മുഹമ്മദ് സിറാജിനെ ബാക്കപ്പ് താരമായി പരിഗണിച്ചാല്‍ മതി.
ആവശ്യമെങ്കില്‍ ശര്‍ദുലിനെ പരിഗണിക്കാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജു സാംസണ്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്'- ശാസ്ത്രി പറഞ്ഞു. ഏഷ്യാ കപ്പിന്റെ ആതിഥേയര്‍ പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദി ശ്രീലങ്കയാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ പിച്ചിന്റെ സ്വഭാവം വിലയിരുത്തുമ്പോള്‍ സ്പിന്നര്‍മാര്‍ക്കാണ് മുന്‍തൂക്കമുള്ളത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരേയും പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും.

അങ്ങനെ വന്നാല്‍ ബുംറയ്‌ക്കൊപ്പം സിറാജ്/ ഷമി എന്നിവരിലൊരാള്‍ കളിക്കാനാണ് സാധ്യത. സിറാജിനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യത കുറവാണ്. സമീപകാലത്തായി ഇന്ത്യക്കൊപ്പം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് സിറാജ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതോടൊപ്പം ഡെത്തോവറിലും സിറാജ് കത്തിക്കയറുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തുറുപ്പുചീട്ട് എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നവനാണ് സിറാജ്.
രവി ശാസ്ത്രി ബാക്കപ്പായി സഞ്ജു സാംസണിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് വലിയ അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത വിരളമാണ്. കെ എല്‍ രാഹുല്‍ മടങ്ങി എത്തിയാല്‍ ഒന്നാം നമ്പര്‍ കീപ്പറായി രാഹുലിനെ പരിഗണിക്കും. ഇതോടെ ഇഷാന്‍ കിഷന്‍ ബാക്കപ്പ് താരമായി ടീമിനൊപ്പം ചേരും.
അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന് പുറത്തിരുന്ന് കളി കാണേണ്ടി വരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടി20യില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ചീട്ടുകീറി. വിന്‍ഡീസ് പരമ്പര മുതലാക്കിയിരുന്നെങ്കില്‍ സഞ്ജുവിനും ഏഷ്യാ കപ്പില്‍ സീറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജു ഏഷ്യാ കപ്പ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇന്ത്യ സര്‍പ്രൈസ് നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിലക് വര്‍മയെ നാലാം നമ്പറിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യയുടെ മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാത്തത് ഏറെ നാളുകളായി ടീമിനെ തളര്‍ത്തുന്ന കാര്യമാണ്. തിലകിനെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കുകയും താരം തിളങ്ങുകയും ചെയ്താല്‍ ഏകദിന ലോകകപ്പിലേക്കും അവസരം ലഭിച്ചേക്കും. ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍ എങ്ങനെയാണെന്നത് കാത്തിരുന്ന് കണ്ടറിയാം.