Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാകിസ്താനെ തകര്‍ക്കാം, ഇന്ത്യക്ക് രണ്ട് മാറ്റം വേണം! ബെസ്റ്റ് പ്ലേയിങ് 11 ഇതാ

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പുഘട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മഴ വില്ലനായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കിടുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ മത്സരത്തിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

എങ്കിലും മത്സരം തടസപ്പെടുത്തുന്ന നിലയിലുള്ള മഴ പെയ്യാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ പോരാട്ടം ശരിയായ ആവേശത്തില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ പാകിസ്താന്റെ പേസ് നിരക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വിയര്‍ത്തിരുന്നു. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ പേസ് മികവാണ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത്.

ആദ്യ മത്സരത്തില്‍ വിറച്ച ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സൂപ്പര്‍ ഫോറില്‍ മികവ് കാട്ടാനാവാത്ത പക്ഷം പാകിസ്താനെതിരേ തോല്‍വി ഉറപ്പാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവും. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 തുടര്‍ന്നാല്‍ ഇന്ത്യക്ക് ജയിക്കുക പ്രയാസമാവും. രണ്ട് മാറ്റം ഇന്ത്യക്ക് പ്ലേയിങ് 11 വരുത്തേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരണം. രണ്ട് പേരും ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ ഫ്‌ളോപ്പായിരുന്നു. രണ്ട് പേരും പ്രതിരോധത്തിലൂന്നുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ ആക്രമിച്ച് കളിക്കേണ്ടതായുണ്ട്. പാകിസ്താന്‍ പേസര്‍മാര്‍ക്കെതിരേ തുടക്കത്തിലേ മാനസികമായ മുന്‍തൂക്കം നേടണം. ഇത് ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ സാധിച്ചിരുന്നില്ല. ഈ പിഴവ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ തിരുത്തേണ്ടതായുണ്ട്.

babar azam, rohit sharma

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരണം. കോലി നേടുന്ന റണ്‍സ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. കോലി നേരത്തെ മടങ്ങിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ സീനിയര്‍ താരമായ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. നാലാം നമ്പറില്‍ ഇന്ത്യ മാറ്റം വരുത്തണം. ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍ കളിച്ചത്. വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിനായില്ല.

ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണാണ് ശ്രേയസ് പുറത്തായത്. ഷോര്‍ട്ട് ബോള്‍ ശ്രേയസിന്റെ ദൗര്‍ബല്യമായിട്ട് നാളുകളേറെയായി. അതുകൊണ്ടുതന്നെ ശ്രേയസിനെ പുറത്തിരുത്തി ഇന്ത്യ കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കണം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു രാഹുല്‍. ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയ രാഹുലിനെ പാകിസ്താനെതിരേ കളിപ്പിക്കണം. താരത്തിന്റെ ഫോമും ഫിറ്റ്‌നസും വ്യക്തമാവാന്‍ പാകിസ്താനെതിരേ കളിപ്പിക്കുന്നതാണ് നല്ലത്.

ലോകകപ്പ് ടീമിലും രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷന്‍ തുടരണം. ഫിറ്റ്‌നസ് പ്രശ്‌നമുള്ള രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും. അതുകൊണ്ടുതന്നെ ഇഷാന്‍ വിക്കറ്റ് കീപ്പറാവണം. അവസാനം കളിച്ച നാല് ഏകദിനത്തിലും ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പാകിസ്താനെതിരായ ഒന്നാം ഏകദിനത്തില്‍ നിര്‍ണ്ണായകമായ 82 റണ്‍സാണ് ഇഷാന്‍ നേടിയത്. സൂപ്പര്‍ ഫോറിലും ഇതേ മികവ് പ്രതീക്ഷിക്കുന്നു.

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും തുടരണം. രണ്ട് ഓള്‍റൗണ്ടര്‍മാരും ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ളവരാണ്. ഹാര്‍ദിക് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലും ഹാര്‍ദിക്കിന്റെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. ജഡേജ ബാറ്റുകൊണ്ട് മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. എട്ടാം നമ്പറില്‍ ശാര്‍ദ്ദുല്‍ താക്കൂര്‍ തുടരണം.

കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് ശാര്‍ദ്ദുല്‍. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവിനാണ് സ്ഥാനം. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിന് പാകിസ്താന് വലിയ ഭീഷണി ഉയര്‍ത്താനാവും. 10ാം നമ്പറില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കും. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ബുംറക്ക് പാകിസ്താനെ വിറപ്പിക്കാനാവുമോയെന്നത് കണ്ടറിയാം. ബുംറയുടെ ഫോം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

എന്നാല്‍ 11ാം നമ്പറില്‍ ഇന്ത്യക്ക് മാറ്റം വേണം. മുഹമ്മദ് സിറാജിനെ ഇന്ത്യ കളിപ്പിക്കരുത്. പകരം മുഹമ്മദ് ഷമി വരണം. നേപ്പാളിനെതിരേ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും സിറാജ് തല്ലുകൊള്ളിയായി മാറി. അനുഭവസമ്പന്നനായ ഷമിയാണ് പാകിസ്താനെതിരേ ബെസ്റ്റ്. തുടക്കത്തിലേ മികച്ച സ്വിങ്ങുമായി വിറപ്പിക്കാന്‍ ഷമിക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഷമിയുടെ സാന്നിധ്യം ഇന്ത്യയുടെ ബൗളിങ് കരുത്തുയര്‍ത്തും.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Story first published: Wednesday, September 6, 2023, 16:04 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+