ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 30നാണ് ഏഷ്യാ കപ്പിന് ആരംഭമാവുന്നത്. പാകിസ്താനാണ് ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ശ്രീലങ്കയാണ് നിലവിലെ ഏഷ്യന്‍ രാജാക്കന്മാര്‍. കിരീടം തിരിച്ചുപിടിക്കാമെന്ന സ്വപ്‌നത്തോടെ ഇന്ത്യയും പാകിസ്താനുമെത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ ഇതുവരെ ടീം പ്രഖ്യാപനം നടത്താത്തതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസും വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷമുള്ള താരങ്ങളുടെ ഫിറ്റ്‌നസും പരിശോധിച്ച ശേഷം 20ന് ടീം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ഇപ്പോഴിതാ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സഞ്ജു സാംസണിനേയും ശ്രേയസ് അയ്യരേയും തഴഞ്ഞ ഹര്‍ഭജന്‍ തിലക് വര്‍മക്ക് ടീമില്‍ ഇടം കൊടുത്തതാണ് എടുത്തു പറയേണ്ടത്.
ഹര്‍ഭജന്റെ ടീമിന്റെ ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണുള്ളത്. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണ്. ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഇവര്‍ തന്നെ ഇന്ത്യയുടെ ഓപ്പണര്‍മാരാവാനാണ് സാധ്യത. വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. കോലിയുടെ സ്ഥാനത്തിനെതിരേയും ചോദ്യമില്ല. എന്നാല്‍ സഞ്ജു സാംസണിനെ തഴഞ്ഞ ഹര്‍ഭജന്‍ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും ടീമില്‍ ഇടം നല്‍കി.
സൂര്യകുമാര്‍ യാദവ് ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ വലിയ മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിന് ഇന്ത്യ സീറ്റ് നല്‍കാന്‍ സാധ്യത കുറവാണ്. അതേ സമയം ഏകദിനത്തില്‍ 55ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. അതുകൊണ്ട് തന്നെ സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാറിനെ പരിഗണിക്കുകയെന്നത് നീതികേടാണ്. ഇഷാന്‍ കിഷനും ഹര്‍ഭജന്‍ ഇടം നല്‍കിയിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ ഏറെക്കുറെ സീറ്റുറപ്പിച്ച താരമാണ്.

അതേ സമയം തിലക് വര്‍മയെ ഹര്‍ഭജന്‍ മധ്യനിരയിലേക്ക് പരിഗണിച്ചു. മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. തകര്‍പ്പന്‍ പ്രകടനത്തോടെ അദ്ദേഹം കൈയടി നേടുകയും ചെയ്തു. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യക്കും ടീമില്‍ സീറ്റുറപ്പാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും ഹാര്‍ദിക്കാണ്. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ് ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്. അക്ഷര്‍ പട്ടേലിനെ ടീമിലേക്ക് പരിഗണിച്ചില്ല.
കെ എല്‍ രാഹുലിനും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു രാഹുല്‍. ഇപ്പോള്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി തിരിച്ചുവരാനൊരുങ്ങുകയാണ്. ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി രാഹുല്‍ ഉണ്ടാവുമെന്നുറപ്പാണ്. പേസ് നിരയില്‍ ജസ്പ്രീത്് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം നാലാം പേസറായി ശര്‍ദുല്‍ ഠാക്കൂറിനെയാണ് ഹര്‍ഭജന്‍ ടീമിലേക്ക് പരിഗണിച്ചത്. ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയൊന്നും ഹര്‍ഭജന്‍ പരിഗണിച്ചില്ല.
ഹാര്‍ദിക് പാണ്ഡ്യയും പേസ് നിരയിലുള്ളതിനാല്‍ ഇന്ത്യ രണ്ട് പേസര്‍മാരെ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത. ഏഷ്യാ കപ്പിന് ശ്രീലങ്കയാണ് വേദി. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കമുണ്ട്. ഇത് മനസിലാക്കി ടീം തിരഞ്ഞെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും.
ഹര്‍ഭജന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, കെ എല്‍ രാഹുല്‍.