മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. 17 അംഗങ്ങള്‍ ഉള്‍പ്പെട്ട ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തിരുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ടീമില്‍ സീറ്റ് നേടി. സൂര്യകുമാര്‍ യാദവിനെയും ടീമിലേക്ക് പരിഗണിച്ചപ്പോള്‍ അരങ്ങേറ്റ താരമായി തിലക് വര്‍മയും ടീമിലെത്തി.,
എന്നാല്‍ സഞ്ജു സാംസണെ റിസര്‍വ് താരമായി ഒതുക്കി. ഈ മാസം 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. പാകിസ്താനാണ് ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദി ശ്രീലങ്കയാണ്. ഇന്ത്യ പ്രഖ്യാപിച്ച 17 അംഗ ടീമില്‍ നിന്ന് ബെസ്റ്റ് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരും. ഈ കൂട്ടുകെട്ടിനെയാണ് സമീപകാലത്തായി ഇന്ത്യ കൂടുതല്‍ വിശ്വസിക്കുന്നത്. രണ്ട് പേരും വലം കൈയന്‍മാരായതിനാല്‍ ഇടം കൈയന്‍ ഓപ്പണറായി ഇഷാന്‍ കിഷനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. ശുബ്മാനും രോഹിത്തും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതായതിനാല്‍ ഇതില്‍ ഉറച്ചുതന്നെ ഇന്ത്യ മുന്നോട്ട് പോയേക്കും.
ഏകദിന ലോകകപ്പിലും ഇതേ ഓപ്പണിങ്ങിനെയാവും ഇന്ത്യ കൂടുതല്‍ വിശ്വസിക്കുക. മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പ്. ആ സ്ഥാനത്ത് നിന്ന് കോലിയെ മാറ്റി ഇന്ത്യ പരീക്ഷണം നടത്താന്‍ സാധ്യത കുറവാണെന്ന് പറയാം. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്‍തൂക്കമുണ്ട്. ഏറെ നാളുകളായി ഇന്ത്യ നാലാം നമ്പറില്‍ കളിപ്പിക്കുന്നത് ശ്രേയസിനെയാണ്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ശ്രേയസിന്റെ ഫോം എങ്ങനെയാണെന്നത് കണ്ടറിയണം.

നാലാം നമ്പറില്‍ തിലക് വര്‍മയെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്‍മാരും വലം കൈയന്‍മാരായതിനാല്‍ ഇടം കൈയന്‍ നാലാം നമ്പറിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. അങ്ങനെ വന്നാല്‍ ഇന്ത്യ നാലാം നമ്പറില്‍ തിലകിനെ പരിഗണിച്ചേക്കും. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാവും സ്ഥാനം. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും രാഹുലാവും ഉണ്ടാവുക. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് രാഹുലിന്റെയും തിരിച്ചുവരവ്.
ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കാണ് ടീമിന്റെ വൈസ് ക്യാപ്റ്റനും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സീറ്റുറപ്പാണ്. ഏഴാം നമ്പറില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. പേസ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജ ഉണ്ടാവും. ജഡേജയുടെ സ്പിന്‍ മികവിനൊപ്പം ബാറ്റിങ് കരുത്തിലും ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.
ഒമ്പതാം നമ്പറില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെ പരിഗണിക്കും. ചൈനാമാന്‍ സ്പിന്നര്‍ സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കുല്‍ദീപ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവും. 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും 11ാമനായി മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാളുമുണ്ടാവും. ഇതില്‍ സിറാജിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.
ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/മുഹമ്മദ് ഷമി.
ഇന്ത്യയുടെ 17 അംഗ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).