മുല്‍ത്താന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ എല്ലാ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍. നേപ്പാളിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങും ബൗളിങ്ങും കാഴ്ചവെച്ചാണ് പാക് ടീം വിറപ്പിച്ചിരിക്കുന്നത്. ബാബര്‍ ആസം (151) ഇഫ്തിഖര്‍ അഹമ്മദ് (109*) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. സെപ്തംബര്‍ 2നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കാനിരിക്കുന്നത്.
ചിരവൈരി പോരാട്ടത്തിന് ശ്രീലങ്കയിലെ കാന്‍ഡിയാണ് വേദിയാവുന്നത്. ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് തന്നെ പാക് നായകന്‍ ബാബര്‍ ആസം തകര്‍പ്പന്‍ സെഞ്ച്വറി നേടിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ ചങ്കിടിപ്പേറ്റുമെന്നുറപ്പ്. ക്ഷമയോടെ പതിയെ തുടങ്ങിയ ബാബര്‍ പിന്നീടങ്ങോട്ട് കടന്നാക്രമിക്കുകയായിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താന്‍ ബാബറിന് സാധിച്ചു. സ്പിന്നിനേയും പേസിനേയും കടന്നാക്രമിച്ചാണ് ബാബര്‍ വിറപ്പിച്ചത്.
14 ബൗണ്ടറിയും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു ബാബര്‍ കസറിയത്. ഇന്ത്യയുടെ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം കരുതിയിരുന്നോളാനാണ് പാക് ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ ബൗളറായ ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുംറ കളിച്ച് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പഴയ മികവിലേക്കുയര്‍ന്നിട്ടില്ല.
അതുകൊണ്ടുതന്നെ ബാബര്‍ ആസമിന്റെ ബാറ്റിങ് ചൂട് ബുംറ അറിയേണ്ടി വരുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏഷ്യാ കപ്പില്‍ 150ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ ബാബറിന് സാധിച്ചു. ഇതിന് മുമ്പ് വിരാട് കോലി മാത്രമാണ് ഏഷ്യാ കപ്പില്‍ 150ലധികം റണ്‍സ് നേടിയത്. ഏഷ്യാ കപ്പില്‍ ഒരു നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ബാബര്‍ സ്വന്തം പേരിലാക്കി. 19ാം ഏകദിന സെഞ്ച്വറിയാണ് ബാബര്‍ നേപ്പാളിനെതിരേ കുറിച്ചത്.

ഏകദിനത്തില്‍ വേഗത്തില്‍ 19 സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനും ബാബറിന് സാധിച്ചു. കോലിയുടെ റെക്കോഡുകളെ പഴങ്കഥയാക്കിയ ബാബര്‍ ഇന്ത്യക്കെതിരേയും കസറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യയുടെ ബൗളിങ് നിരക്ക് ബാബറിനെ പൂട്ടുകയെന്നത് കടുപ്പമാവുമെന്ന കാര്യം ഉറപ്പാണ്. കുല്‍ദീപ് യാദവിനെപ്പോലെ മികച്ച സ്പിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ബാബറിന്റെ കളി ഇന്ത്യയോട് നടക്കില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കുന്നത്.
നേപ്പാളിനെതിരേയും സിംബാബ്‌വെക്കേതിരേയുമെല്ലാം ബാബര്‍ നടത്തുന്ന വെടിക്കെട്ട് ഇന്ത്യക്കെതിരേ ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ പറയുന്നു. എന്തായാലും ബാബറിന്റെ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ വിറപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. മുഹമ്മദ് റിസ്വാന്‍ 44 റണ്‍സില്‍ റണ്ണൗട്ടായി പുറത്തായെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് റിസ്വാന്‍. അതുകൊണ്ടുതന്നെ റിസ്വാന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.
മധ്യനിരയില്‍ ഇഫ്തിഖര്‍ അഹമ്മദ് വെടിക്കെട്ട് സെഞ്ച്വറിയും അടിച്ചെടുത്തു. 71 പന്ത് നേരിട്ട് 11 ഫോറും 4 സിക്‌സുമാണ് അദ്ദേഹം നേടിയത്. പ്രധാനമായും ഡെത്തോവറുകളിലാണ് ഇഫ്തിഖര്‍ റണ്‍സുയര്‍ത്തിയത്. ഇന്ത്യയുടെ ഡെത്തോവര്‍ ബൗളര്‍മാര്‍ക്ക് ഇഫ്തിഖറിന്റെ ബാറ്റിങ് തലവേദനയാവാന്‍ സാധ്യതയുണ്ട്. തട്ടകത്തിലാണ് ബാബറും ഇഫ്തിഖറും കസറിയത്. എന്നാല്‍ ശ്രീലങ്കയിലേക്കെത്തുമ്പോള്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയണം.
ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് എല്ലാ പ്രതീക്ഷയും. ടോപ് ഓഡറില്‍ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഷഹീന്‍ ഷാ അഫ്രീദിയുടെ തകര്‍പ്പന്‍ ബൗളിങ്ങിനെ ഇന്ത്യയുടെ ടോപ് ഓഡര്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സമീപകാലത്തായി നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഷഹീന്റെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് ഓഡര്‍ ഇത്തവണ കരുതിയാവും ഇറങ്ങുക.
നസീം ഷായുടേയും ഹാരിസ് റഊഫിന്റെയും അതിവേഗ പന്തുകളേയും ഇന്ത്യ കരുതണം. രണ്ട് പേരും മികച്ച ലൈനിലും ലെങ്തിലുമാണ് നേപ്പാളിനെതിരേ പന്തെറിഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര കരുതിത്തന്നെ ഇറങ്ങണം. അല്ലാത്ത പക്ഷം ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടാനുള്ള സാധ്യത കൂടുതലാണ്.