Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സിറാജിന്റെ ലങ്കാദഹനം! ഇതു സൂപ്പര്‍ ഇന്ത്യ, ലോകകപ്പിന് റെഡി

കൊളംബോ: ഏകദിന ലോകകപ്പിനു തങ്ങള്‍ തയ്യാറാണെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ ലങ്കാദഹനം. മഴ മൂലം അല്‍പ്പം വൈകിത്തുടങ്ങിയ മല്‍സരത്തില്‍ ലങ്കയ്ക്കുമേല്‍ പേസര്‍ മുഹമ്മദ് സിറാജ് സംഹാരതാണ്ഡവമാടുകയായിരുന്നു. കൊടുങ്കാറ്റായി മാറിയ അദ്ദേഹം തനിച്ചാണ് ലങ്കന്‍ ബാറ്റിങിനെ ചാരമാക്കി മാറ്റിയത്. ഇതോടെ 10 വിക്കറ്റിന്റെ വന്‍ ജയവും ഇന്ത്യ സ്വന്താക്കി.

വെറും 15.2 ഓവറില്‍ ലങ്കയെ 50 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു. ലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസ് (17), ദുഷന്‍ ഹേമന്ദ (13*) എന്നിവരൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല. ലങ്കയുടെ ആറു വിക്കറ്റുകളും പോക്കറ്റിലാക്കിയത് സിറാജായിരുന്നു. ഒരോവറിലെ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു ഇത്. 51 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു എത്ര ഓവറുകള്‍ വേണ്ടിവരുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ.

SIRAJ

കാര്യമായി വിയര്‍ക്കാതെ തന്നെ 6.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയറണ്‍സ് കുറിക്കുകയും ചെയ്തു. ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇഷാന്‍ 18 ബോളില്‍ 23ഉം ഗില്‍ 19 ബോളില്‍ 27ഉം റണ്‍സ് പുറത്താവാതെ നേടി. ഇതോടെ എട്ടാമത്തെ ഏഷ്യാ കിരീടത്തിലും ഇന്ത്യ മുത്തമിട്ടു. 2018നു ശേഷം ഇന്ത്യയുടെ ആദ്യ കിരീട വിജയം കൂടിയാണിത്. അന്നും രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു ടീം കപ്പുയര്‍ത്തിയത്.

ഫൈനലില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു ആറാമത്തെ ബോളില്‍ തന്നെ ജസ്പ്രീത് ബുംറ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടകാരിയായ കുശാല്‍ മെന്‍ഡിസിനെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിക്കാന്‍ ബുംറയ്ക്കു കഴിഞ്ഞു. തുടര്‍ന്നായിരുന്നു കളിയിലെ ടേണിങ് പോയിന്റായ നാലാം ഓവര്‍. ആദ്യ ബോളില്‍ പതും നിസങ്കയെ (2) സിറാജ് രവീന്ദ്ര ജഡേജയ്ക്കു സമ്മാനിച്ചു. മൂന്നാമത്തെ ബോളില്‍ സദീര സമരവിക്രമയെ പൂജ്യത്തിനു സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി.

തൊട്ടടുത്ത ബോളില്‍ ചരിത് അസലെന്‍കയെ ഗോള്‍ഡന്‍ ഡെക്കായി ഇഷാന്‍ കിഷന് സിറാജ് സമ്മാനിച്ചു. ഓവറിലെ അവസാന ബോളില്‍ ധനഞ്ജയ ഡിസില്‍വയെയും സിറാജ് മടക്കി. നാലു റണ്‍സെടുത്ത അദ്ദേഹത്തെ രാഹുല്‍ പിടികൂടുകയായിരുന്നു. ഇതോടെ ലങ്ക നാലോവറില്‍ 12 റണ്‍സിലേക്കു കുപ്പുകുത്തി. അവിടെ നിന്നൊരു തിരിച്ചുവരവ് ലങ്കയ്ക്കു അസാധ്യമായിരുന്നു. തന്റെ അടുത്ത ഓവറില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ (0) സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി (12/6).

ഏഴം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസ്- ദുനിത് വെല്ലലഗെ സഖ്യം 21 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലങ്കയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പക്ഷെ 12ാം ഓവറില്‍ മെന്‍ഡിസിനെ ബൗള്‍ഡാക്കിയ സിറാജ് ലങ്കയുടെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചു. ദുനിത് വെല്ലലഗെ (8), പ്രമോദ് മധുഷന്‍ (1), മതീശ പതിരാന (0) എന്നിവരുടെ വിക്കറ്റുകള്‍ പിഴുതത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇതോടെ ലങ്കന്‍ ഇന്നിങ്‌സിനു 16ാം ഓവറില്‍ തിരശീല വീഴുകയും ചെയ്തു.

ഏഴേവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. മൂന്നു വിക്കറ്റുകളുമായി ഹാര്‍ദിക് മികച്ച പിന്തുണയേകി. ശേഷിച്ച ഒരു വിക്കറ്റ് ബുംറയ്ക്കായിരുന്നു.

INDIA

ടോസിനു ശേഷം ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ടീമിലേക്കു തിരികെയെത്തി. പരിക്കു കാരണം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പിന്‍മാറേണ്ടി വന്നു. പകരം വാഷിങ്ടണ്‍ സുന്ദറാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്.

സൂപ്പര്‍ ഫോറില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റ് നേടി ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേിയത്. ചിരവൈരികളായ പാകിസ്താനെ 228 റണ്‍സിനായിരുന്നു സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യ മുക്കിയത്. രണ്ടാമത്തെ മല്‍സരക്കില്‍ ലങ്കയെ 41 റണ്‍സിനും ഇന്ത്യ തോല്‍പ്പിച്ചു. എന്നാല്‍ അവസാന കളിയില്‍ അഞ്ചു മാറ്റങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ഇന്ത്യക്കു പാളി. ബംഗ്ലാദേശിനോടു ആറു റണ്‍സിനു ഇന്ത്യ പൊരുതി വീഴുകയായിരുന്നു.

ലങ്കയാവട്ടെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു പിറകില്‍ രണ്ടാംസ്ഥാനക്കാരായിട്ടാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. ബംഗ്ലാദേശിനെ 21 റണ്‍സിനായിരുന്നു ആദ്യ കളിയില്‍ അവര്‍ തകര്‍ത്തത്. രണ്ടാമത്തെ കളിയില്‍ ഇന്ത്യയോടു പൊരുതി വീണു. സെമി ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിന്റെ ജയവുമായി ലങ്ക ഫൈനലില്‍ കടക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ദ, പ്രമോദ് മധുഷന്‍, മതീശ പതിപരാന.

Story first published: Sunday, September 17, 2023, 12:59 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+